ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടി; ആര്യന്‍ ഖാന് ജാമ്യമില്ല.

ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടി നടത്തിയ കേസില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യമില്ല. ആര്യന്‍ ഖാന്‍, അര്‍ബാസ് മര്‍ച്ചന്റ്, മുന്‍മുന്‍ ധമേച്ച എന്നിവരുടെ ജാമ്യാപേക്ഷയാണ് മുംബൈ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ആര്‍.എം നേര്‍ളികര്‍ അപേക്ഷ നിലനില്‍ക്കുന്നതല്ല എന്ന കാരണത്താല്‍ തള്ളിയത്. ഇവര്‍ക്ക് ജാമ്യത്തിനായി സെഷന്‍സ് കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു. ആര്യന്‍ ഖാനും മറ്റ് പ്രതികളും നിലവില്‍ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലാണ്. ആര്യന്‍ ഖാന് ജാമ്യം നല്‍കുന്നത് കേസ് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ജാമ്യാപേക്ഷയെ എതിര്‍ത്ത് കൊണ്ട് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ വാദിച്ചു. ആര്യന്‍ തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നായിരുന്നു എന്‍.സി.ബി വാദം.
അതേസമയം ആര്യന്‍ ഖാന് ആഡംബര കപ്പലില്‍ കയറാനുള്ള ബോഡിങ് പാസ് ഉണ്ടായിരുന്നില്ലെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ക്ഷണിതാവ് മാത്രമായിരുന്നു. റെയ്ഡ് സമയത്ത് ആര്യന്‍ ഖാന്‍ ലഹരി ഉപയോഗിച്ചിരുന്നില്ലെന്നും ആര്യന്‍ഖാന്റെ കൈവശം നിന്ന് ലഹരിവസ്തുവകള്‍ കണ്ടെത്തിയതായി എന്‍ സി ബി ആരോപിക്കുന്നില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ ആര്യന്‍ ഖാന് ജാമ്യം അനുവദിക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടു. കൂടാതെ ചോദ്യം ചെയ്യാന്‍ ആവശ്യത്തിന് സമയം ലഭിച്ചതിനാല്‍ ഇനി ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിടേണ്ട ആവശ്യമില്ലെന്ന് ആര്യന്‍ ഖാന് വേണ്ടി ഹാജരായ സതീഷ് മനേഷിന്‍ഡെ വാദിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ എട്ടു പേരെ ആഡംബര കപ്പലില്‍ നടന്ന ലഹരി പാര്‍ട്ടിക്കിടെ നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ പിടികൂടിയത്.
