അർത്ഥം മനസിലാവാത്തവരോട് സഹതാപം’; ആസാദ് കാശ്മീരിൽ പ്രതികരണവുമായി കെ ടി ജലീൽ


ആസാദ് കാശ്മീരിൽ പ്രതികരണവുമായി കെ ടി ജലീൽ എംഎൽഎ. ഫേസ്ബുക്ക് പോസ്റ്റില്‍ ഡബിൾ ഇൻവർട്ടഡ് കോമയിലാണ് “ആസാദ് കാശ്മീർ”എന്നെഴുതിയത്. ഇതിന്‍റെ അർത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രമെന്ന് കെ ടി ജലീൽ ഫേസ്ബുക്കില്‍ കുറിച്ചു. പാക്കധീന കശ്മീരിനെ ആസാദ് കശ്മീർ എന്ന് വിശേഷിപ്പിച്ച കെ ടി ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. വിഭജനകാലത്ത് കശ്മീരിനെ രണ്ടായി പകുത്തിരുന്നുവെന്നും കെ ടി ജലീൽ പോസ്റ്റില്‍ പറഞ്ഞിരുന്നു. ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു.
കശ്മീർ യാത്രയെക്കുറിച്ചുള്ള എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിലെ പരമാർശങ്ങളാണ് വിവാദമായത്. ‘പാക്കധീന കശ്മീരെ’ന്ന് ഇന്ത്യ വിശേഷിപ്പിക്കുന്ന പ്രദേശത്തെ കെ ടി ജലീൽ ആസാദ് കശ്മീരെന്നാണ് വിശേഷിപ്പിക്കുന്നത്. ഇത് പൊതുവെ പാകിസ്ഥാനും അനൂകൂലികളും നടത്തുന്ന പ്രയോഗമാണ്. വിഭജനകാലത്ത് കശ്മീർ രണ്ടായി വിഭജിച്ചിരുന്നു എന്നാണ് ജലീലിന്റെ മറ്റൊരു പരാമർശം. എന്നാൽ ‘പഷ്തൂണു’കളെ ഉപയോഗിച്ച് കശ്മീർ പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടെ ഒരു ഭാഗം പാകിസ്ഥാൻ പിടിച്ചെടുക്കുകയായിരുന്നു. കശ്മീർ പൂർണ്ണമായും ഇന്ത്യയുടെ ഭാഗമാണെന്നാണ് ഇന്ത്യയുടെ എല്ലാകാലത്തെയും നിലപാട്. ജലീലിന്‍റെ പോസ്റ്റിൽ വലിയ പിഴവമുണ്ടെന്ന് ചരിത്രവിദഗ്ദർ പ്രതികരിച്ചിരുന്നു.
ഇന്ത്യൻ അധീന കശ്മീരെന്ന മറ്റൊരു പ്രയോഗവും ജലീലിന്‍റെ കുറിപ്പിലുണ്ട്. കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്ന നിലപാടിനെതിരാണിത്. ബിജെപി നേതാക്കളടക്കമുള്ളവർ ജലീലിന്‍റെ പോസ്റ്റിന് കീഴെ കടുത്ത പ്രതിഷേധവുമായി എത്തിയിരുന്നു. ഇന്ത്യയുടെ അഖണ്ഡത ജലീൽ അംഗീകരിക്കുന്നില്ലേ എന്നാണ് പലരുടെയും ചോദ്യം. ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ബിജെപി സംസ്ഥാനപ്രസിഡണ്ട് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. ജലീലിന് എംഎൽഎ ആയിരിക്കാൻ അർഹതയില്ലെന്നും അദ്ദേഹം പറഞ്ഞു.
