‘അർജന്റീന ടീം വരുന്നതിന് തടസ്സമില്ല, ഉദ്ദേശിച്ച സമയത്തിന് എത്തും’; മന്ത്രി വി.അബ്ദുറഹിമാന്‍

ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന അർജന്റീന ടീമിന്റെ കേരള സന്ദർശനത്തിൽ ഇപ്പോൾ യാതൊരു തടസ്സങ്ങളും ഇല്ലെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. അർജന്റീനയും കേരള സർക്കാരും തമ്മിൽ നല്ല ബന്ധം നിലനിൽക്കുന്നുവെന്നും, ഇതുവരെ ഏതെങ്കിലും വിധത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നുവെന്ന തോന്നൽ തനിക്ക് ഇല്ലെന്നും മന്ത്രി പ്രതികരിച്ചു.
“സ്പോൺസർമാരിൽ നിന്ന് ലഭിച്ച വിവരം അനുസരിച്ച്, പരിപാടിയിൽ മറ്റെന്തെങ്കിലും തടസങ്ങളില്ല. അർജന്റീന ടീം കേരളത്തിൽ എത്തില്ലെന്ന തരത്തിലുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണ്. നിലവിൽ എടുത്തിരിക്കുന്ന തീരുമാനങ്ങൾ പ്രകാരം, തയ്യാറാക്കിയ സമയത്തിന് അനുസരിച്ച് തന്നെ ടീം എത്തും. മെസിയുടെ വരവിന് മറ്റു പൊളിറ്റിക്സ് ഇല്ല, ഫുട്ബോൾ എന്ന ഒറ്റ പൊളിറ്റിക്സ് മാത്രമേ ഉള്ളൂ. വിഷയത്തിൽ വ്യക്തത നൽകുന്നതിനായി അടുത്താഴ്ച വിശദമായ പത്രസമ്മേളനം സംഘടിപ്പിക്കും. കായിക പ്രേമികളുടെ എല്ലാ ആശങ്കകളും അകറ്റും”- മന്ത്രി പറഞ്ഞു.
കേരള സന്ദര്‍ശനത്തില്‍ നിന്ന് അര്‍ജന്റീന പിന്മാറിയതിന് പിന്നാലെ സ്‌പോണ്‍സര്‍മാരായ റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ കായിക മന്ത്രി രംഗത്തെത്തിയിരുന്നു. ലിയോണല്‍ മെസിയേയും അര്‍ജന്റീനയേയും കേരളത്തില്‍ കൊണ്ട് വരുന്നത് സര്‍ക്കാരല്ല, സ്‌പോണ്‍സര്‍ ആണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അര്‍ജന്റൈന്‍ ടീമിന്റെ സൗഹൃദ മത്സരങ്ങള്‍ കഴിഞ്ഞ ദിവസം തീരുമാനമായിരുന്നു. അതില്‍ ഇന്ത്യ ഉണ്ടായിരുന്നില്ല. ഒക്ടോബറില്‍ ചൈനയില്‍ രണ്ട് മത്സരങ്ങള്‍ കളിക്കും. ഒരു മത്സരത്തില്‍ ചൈന എതിരാളികളാവും. നവംബറില്‍ ആഫ്രിക്കയിലും ഖത്തറിലും അര്‍ജന്റീന കളിക്കും. ആഫ്രിക്കയിലെ മത്സരത്തില്‍ അംഗോള എതിരാളികള്‍. ഖത്തറില്‍ അര്‍ജന്റീന അമേരിക്കയെ നേരിടും. ഇതോടെയാണ് മെസി കേരളത്തിലെത്തില്ലെന്ന് വ്യക്തമായത്.













