Local newsTHRITHALA

അൻപോടെ തൃത്താല’ലോഗോ പ്രകാശനം നടൻ മമ്മൂട്ടി നിർവഹിച്ചു

മന്ത്രി എം ബി രാജേഷ് എഴുതുന്നു.. ‘അൻപോടെ തൃത്താല’ കൈകൾ കോർക്കുകയാണ്. നല്ല മനുഷ്യരായ ആയിരക്കണക്കിനാളുകൾ കൈകോർക്കുന്ന സമാനതകളില്ലാത്ത ഒരു ജനകീയ ജീവകാരുണ്യ പ്രസ്ഥാനത്തിന് തൃത്താലയിൽ തുടക്കം കുറിക്കുന്നു. ഇന്ന് അതിന്റെ ലോഗോ പ്രകാശനം ചെയ്തുകൊണ്ട് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ കൈകൾ കൊണ്ട് ഈ മഹാ പ്രസ്ഥാനത്തിന്റെ ആരംഭം കുറിച്ചിരിക്കുന്നു. ‘അൻപോടെ തൃത്താല’എന്നാൽ എന്താണ്? എങ്ങനെയാണ് ഈ ആശയത്തിലേക്ക് എത്തിച്ചേർന്നത്? നിസ്സഹായരും നിരാലംബരും രോഗപീഡകളാൽ വലയുന്നവരുമായ നിരവധി പാവപ്പെട്ട മനുഷ്യർ എന്നെ വന്നു കാണാറുണ്ട്. ചികിത്സക്ക് മാർഗമില്ലാത്തവർ, എന്ത് ചെയ്യണമെന്നും എവിടെ ചികിത്സക്കണമെന്നും അറിയാത്തവർ, ചികിത്സക്കും മരുന്നിനും ആവശ്യമായി വരുന്ന ഭീമമായ തുക താങ്ങാനാവാത്തവർ എന്നിങ്ങനെ എത്രയോ പാവപ്പെട്ട മനുഷ്യർ. ഏതാണ്ട് 2500 നടുത്ത ആളുകളാണ് കഴിഞ്ഞ മൂന്ന് വർഷക്കാലത്തിനുള്ളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള ചികിത്സ ധന സഹായത്തിന് തൃത്താലയിൽ നിന്ന് മാത്രം അപേക്ഷിച്ചത്. പരിമിതമായ സർക്കാർ സഹായങ്ങൾക്കപ്പുറത്തേക്ക് ഇവർക്കായി എന്ത് ചെയ്യാൻ കഴിയുമെന്നായിരുന്നു ആലോചന. തൃത്താലയിലെ സമാന മനസ്കരുമായും സുമനസ്സുകളുമായും കൂടിയാലോചിച്ചു. ആ ആലോചനകൾക്കൊടുവിലാണ് ‘അൻപോടെ തൃത്താല ‘ ഉണ്ടാവുന്നത്. ക്യാൻസർ, വൃക്ക, കരൾ ഹൃദയം എന്നിവ സംബന്ധിച്ച രോഗങ്ങൾക്ക് ജനറിക് മരുന്നുകൾ സൗജന്യമായി ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ഒന്നാമത്തെ ലക്ഷ്യം. ജനറിക് മരുന്നുകൾ മാത്രമാണ് നൽകുക. പൂർണ്ണമായും ജനകീയമായാണ് ഇതിനാവശ്യമായ ഫണ്ട് സമാഹരിക്കുന്നത്. സുമനസുകളായ അയ്യായിരം പേരിൽ നിന്ന് പ്രതിമാസം 100 രൂപ വീതം സമാഹരിച്ചാണ് ഇതിന്റെ ചെലവ് കണ്ടെത്താൻ ഉദ്ദേശിച്ചിട്ടുള്ളത്. ഒരു വിദഗ്ദ മെഡിക്കൽ കമ്മിറ്റിയുടെ സൂക്ഷ്മ പരിശോധനയിലൂടെയാവും അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തുക.  ഞായറാഴ്ചകളിൽ സൗജന്യ പരിശോധന നടത്തുന്ന സൺ‌ഡേ ക്ലിനിക്, 24 മണിക്കൂറും സേവനം നടത്തുന്ന ആംബുലൻസ് സർവീസ് ജനങ്ങളുടെ മാനസിക ആരോഗ്യം ഉറപ്പ് വരുത്തുന്ന ഹാപ്പിനെസ്സ് പ്രോഗ്രാം എന്നിവ കൂടി ഭാവിയിൽ ഇതിന്റെ ഭാഗമായി വികസിപ്പിക്കാനും ആലോചനയുണ്ട്. ‘അൻപോടെ തൃത്താല’ പ്രസിഡന്റ്‌ ഡോ. സുഷമ, സി പി എം തൃത്താല ഏരിയ സെക്രട്ടറി ടി പി മുഹമ്മദ്‌ മാസ്റ്റർ,ലോകകേരള സഭാoഗം ഷാനവാസ് പള്ളിമാഞ്ഞാലിൽ,സുനിൽ കാദർ, ഷാജഹാൻ എന്നിവരും ലോഗോ പ്രകാശനത്തിൽ സന്നിഹിതരായിരുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button