KERALA

അശ്വത്ഥാമാവ് വെറും ഒരു ആന’; എം. ശിവശങ്കറിന്റെ ആത്മകഥ ശനിയാഴ്ച പുറത്തിറങ്ങും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ആത്മകഥ ശനിയാഴ്ച പുറത്തിറങ്ങും. ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്നാണ് ആത്മകഥയുടെ പേര്. ഡി.സി ബുക്ക്‌സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

സ്വര്‍ണക്കടത്തുകേസിലെ അന്വേഷണ ഏജന്‍സികളുടെ സമീപനവും ജയിലിലെ അനുഭവങ്ങളുമടക്കമുള്ള കാര്യങ്ങള്‍ പുസ്തകത്തിലുണ്ടാകും.

സര്‍വീസിലേക്ക് തിരിച്ചെത്തിയ ശേഷം സര്‍ക്കാരിന്റെ അനുമതി വാങ്ങിയാണ് അദ്ദേഹത്തിന്റെ പുസ്തകം പുറത്തുവരുന്നത്.
ജയില്‍ മോചിതനായി ഒരു വര്‍ഷം പിന്നിട്ട ശേഷമാണ് ആത്മകഥയുടെ വിശദാംശങ്ങള്‍ പുറത്തുവിടുന്നത്. പുസ്തകത്തിന്റെ ചില ഭാഗങ്ങള്‍ ഡി.സി ബുക്സിന്റെ പച്ചക്കുതിര എന്ന പ്രസിദ്ധീകരണത്തിലൂടെ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

സ്വര്‍ണക്കടത്ത് കേസില്‍ സസ്പെന്‍ഷനിലായ എം. ശിവശങ്കര്‍ ഒന്നരവര്‍ഷത്തിന് ശേഷം കഴിഞ്ഞ മാസമാണ് തിരികെ സര്‍വീസില്‍ പ്രവേശിച്ചത്.

സസ്പെന്‍ഷന്‍ കാലാവധി തീര്‍ന്നതിനാല്‍ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ അംഗീകരിച്ച് മുഖ്യമന്ത്രിയാണ് ഉത്തരവിട്ടത്.

നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതിന് പിന്നാലെ കഴിഞ്ഞ വര്‍ഷം ജൂലൈ 16 നായിരുന്നു ശിവശങ്കറിനെ സസ്പെന്റ് ചെയ്തത്. പിന്നീട് കസ്റ്റംസും എന്‍ഫോഴ്സ്മെന്റും വിജിലന്‍സും നടത്തിയ അന്വേഷണത്തില്‍ ശിവശങ്കര്‍ പ്രതിയായി.

സ്വര്‍ണക്കടത്ത് കേസിലും ലൈഫ് മിഷന്‍ അഴിമതിക്കേസിലുമാണ് പ്രതി ചേര്‍ത്തത്. ഇ.ഡിയും കസ്റ്റംസും ശിവശങ്കറിനെ അറസ്റ്റ് ചെയ്യുകയും 98 ദിവസം ജയിലില്‍ കഴിയുകയും ചെയ്തു. 2023 ജനുവരി വരെയാണ് ശിവശങ്കറിന്റെ സര്‍വീസ് കാലാവധി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button