അശൈഖ് സൈനുദ്ദീൻ മഖ്ദൂം 518 -ാം ആണ്ടുനേർച്ച പൊന്നാനിയിൽ ഫെബ്രുവരി 12 ന്
പൊന്നാനി: പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളിൽ പോർച്ചുഗീസ് അധിനിവേശത്തിനെതിരെയും ഇസ്ലാമിക ജീവിതത്തിന്റെ പ്രചാരണത്തിനായും തൂലികയും ജീവിതവും സമർപ്പിച്ച സൂഫീ വര്യനും വിശ്വപ്രസിദ്ധ പണ്ഡിത ശ്രേഷ്ട്ടനും നവോത്ഥാന നായകനും സ്വാതന്ത്ര്യ പോരാളിയുമായിരുന്ന അശ്ശൈഖ് സൈനുദ്ദീൻ മഖ്ദൂമിന്റെ 518 -ാം ആണ്ടുനേർച്ച ഫെബ്രുവരി 12 ന് ആദരപൂർവം ആചരിക്കും.
ചെറിയ മക്ക, മലബാറിലെ മക്ക എന്നീ സ്ഥലപ്പേരുകളിൽ പ്രശസ്തമായ പൊന്നാനിയിലെ വലിയ ജുമുഅത്ത് പള്ളി കേന്ദ്രമായാണ് ആണ്ടുനേർച്ചയുടെ പരിപാടികൾ അരങ്ങേറുക. പൊന്നാനി വലിയ ജുമുഅത്ത് പള്ളി മഖ്റയിലാണ് അശൈഖ് അവർകൾ അന്ത്യവിശ്രമം കൊള്ളുന്നത്. വലിയ ജുമുഅത്ത് പള്ളി സ്ഥാപകൻ കൂടിയാണ് അദ്ദേഹം.
അക്ബർ ട്രാവൽസ് സ്പോണ്സർഷിപ്പിൽ പ്രസിദ്ധീകരിച്ച പൊന്നാനി ആണ്ട് നേർച്ചയുടെ പോസ്റ്റർ പ്രകാശനം കഴിഞ്ഞ ദിവസം പള്ളി കോമ്പൗണ്ടിൽ അരങ്ങേറി. പൊന്നാനി മഖ്ദൂം എം പി മുത്തുക്കോയ തങ്ങൾ, പള്ളിക്കമ്മിറ്റി ഭാരവാഹി വി സെയ്ദു മുഹമ്മദ് തങ്ങൾ, ഇമാം അബ്ദുല്ല ബാഖവി ഇയ്യാട്, സയ്യിദ് ഫള്ൽ തുറാബ് ചെറുവണ്ണൂർ, ഉമർ ശാമിൽ ഇർഫാനി ചേലേമ്പ്ര, ഉവൈസ് അദനി വിളയൂർ, കുഞ്ഞുമുഹമ്മദ്, അബ്ദുറഹീം ഹാജി, ഉസ്മാൻ കാമിൽ സഖാഫി, കോയ ജൗഹരി, അശ്റഫ് ഹാജി സംബന്ധിച്ചു.
സമൂഹ സിയാറത്ത്, ഖുർആൻ പാരായണ പൂർത്തീകരണം, മൗലിദ് പാരായണം, കൂട്ടപ്രാർത്ഥന, അന്നദാനം, സാംസ്കാരിക പരിപാടികൾ എന്നിവ ഉൾപ്പെടുന്നതാണ് അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന ആണ്ടുനേർച്ച.