മടയിൽ കോൾപാടശേഖരത്തിൽ ഡ്രോൺ ഉപയോഗിച്ച് സമ്പൂർണ്ണ തളി നടത്തി
എടപ്പാൾ: എടപ്പാൾ ഗ്രാമപഞ്ചായത്ത് കൃഷിഭവന് കീഴിൽ മടയിൽ കോൾ പാടശേഖരത്തിൽ ഡ്രോൺ ഉപയോഗിച്ച് സമ്പൂർണ തളി നടത്തി. സൂക്ഷ്മ മൂലകങ്ങളുടെ അഭാവം മൂലം ഉത്പാദന ക്ഷമതയിൽ ഉണ്ടാകുന്ന കുറവ് കർഷകരുടെ പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്. ഈ പ്രശ്നത്തിന് പരിഹാരം എന്ന നിലയിൽ നിരവധി പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്ത സൂക്ഷ്മ മൂലക കൂട്ടാണ് ”സമ്പൂർണ്ണ’.
സിങ്ക്, ബോറോൺ, മോളുബ്ദിനം, അയൺ, കോപ്പർ, മാംഗനീസ് തുടങ്ങിയ സൂക്ഷ്മ മൂലകങ്ങൾ നെൽ കൃഷിക്കാവശ്യമായ രീതിയിൽ സമീകൃതമായി സമ്പൂർണ്ണയിൽ ഉൾകൊള്ളിച്ചിരിക്കുന്നു. നെൽ കൃഷിയ്ക്ക് പുറമെ പച്ചക്കറി, വാഴ എന്നിവയ്ക്ക് ഉപയോഗിക്കാവുന്നതാണ് സമ്പൂർണ്ണ.
കേരള കാർഷിക സർവ്വകലാശാലയിലെ വിജ്ഞാന വ്യാപന ഡയറക്ടറേറ്റിന് കീഴിൽ പ്രവർത്തിക്കുന്ന കമ്യൂണിക്കേഷൻ സെന്ററിൽ നടന്നു വരുന്ന ഇൻസ്റ്റിറ്റ്യൂഷൻ വില്ലേജ് ലിങ്കേജ് പദ്ധതിയുടെ ഭാഗമായി സർവകലാശാലയുടെ ഈ സാങ്കേതിക വിദ്യ കർഷകർക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടു കൂടി എടപ്പാൾ ഗ്രാമപഞ്ചായത്തിലെ മടയിൽ കോൾ പാടശേഖരത്തിൽ 15 ഏക്കർ ആണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കർഷക തൊഴിലാളികളുടെ അഭാവവും ഉയർന്ന കൂലിയും വൻ തോതിൽ കൃഷി ചെലവ് വർധിപ്പിക്കുന്നു. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഡ്രോണുകൾ ഉപയോഗിച്ചാണ് സമ്പൂർണ്ണ പാടശേഖരങ്ങളിൽ തളിയ്ക്കുന്നത്. ഇത് കൂലി ചിലവ് കുറയ്ക്കുന്നതിനും ഉത്പാദന ക്ഷമത വർധിപ്പിക്കുന്നതിനും കർഷകരെ സഹായിക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബൈദ ടീച്ചർ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ക്ഷമ റഫീഖ്, എടപ്പാൾ കൃഷി ഓഫീസർ സുരേന്ദ്രൻ എം പി, അസിസ്റ്റന്റ് കൃഷി ഓഫീസർ ഉണ്ണികൃഷ്ണൻ കെ.പി, കൃഷി അസിസ്റ്റൻ്റ് രവി, അഭിലാഷ്, സർവ്വകലാശാലയിലെ ശാസ്ത്രജ്ഞയായ അശ്വതി കൃഷ്ണ.ആർ, ഗവേഷകരായ രാജേഷ് കെ.രാജു, ആശിഷ് ബെന്നി, പാടശേഖരസമിതി അംഗങ്ങളായ അബ്ദുൾ ലത്തീഫ്, ഇ.അബൂബക്കർ, മാധവൻ ചട്ടിക്കൽ എന്നിവർ സന്നിഹിതരായിരുന്നു.