അപകടം ഒഴിവാക്കാൻ തൂക്കുപാലം അടച്ചിടും; ബിയ്യം വള്ളംകളി കാണാൻ താൽക്കാലിക പവിലിയൻ
പൊന്നാനി : ബിയ്യം കായലോരത്തെ വള്ളംകളി പവിലിയൻ ആളുകയറിയാൽ പൊളിയുമെന്ന് വിലയിരുത്തൽ; കായലോരത്ത് താൽക്കാലിക പവിലിയൻ നിർമിക്കുന്നു. കായലിലെ തൂക്കുപാലവും അപകടാവസ്ഥയിലാണ്. വള്ളം കളി ദിനത്തിൽ പാലം അടച്ചിടും. കായലോരത്തെ തകർന്നു കിടക്കുന്ന ബോട്ട് ജെട്ടി പൊളിച്ചുമാറ്റാനും തീരുമാനിച്ചു. ആഘോഷ ദിനത്തിൽ മാത്രം തിരിഞ്ഞു നോക്കുന്ന കായലോരത്ത് ഇല്ലായ്മകളാണ് ഏറെയും. ആയിരക്കണക്കിന് ആളുകൾ ഒത്തുചേരുന്ന കായലോരത്ത് ഇല്ലായ്മകൾ കണ്ട് മടങ്ങാനാണ് ഇത്തവണ വിധി.
കായലോരത്തെ സൗകര്യങ്ങൾ വിലയിരുത്താൻ കഴിഞ്ഞ ദിവസം പി.നന്ദകുമാർ എംഎൽഎയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചിരുന്നു. സുരക്ഷ പരിശോധിച്ചപ്പോഴാണ് അവസ്ഥ ദയനീയമാണെന്ന് വ്യക്തമായത്. പവിലിയന്റെ തെക്കുഭാഗത്തായി താൽക്കാലിക പവലിയൻ കെട്ടിയുണ്ടാക്കും. കായലോരത്ത് സ്ഥിരം പവിലിയൻ നിർമിച്ചതിനു ശേഷം ആദ്യമായാണ് ഇങ്ങനെയൊരു അവസ്ഥ. മാസങ്ങൾക്ക് മുൻപേ പവലിയന്റെ ദയനീയ സ്ഥിതി അധികൃതരെ ബോധ്യപ്പെടുത്തിയിട്ടും ഇൗ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല.
കായലോരത്തെ ബോട്ട് ജെട്ടി മാസങ്ങളായി പൊളിഞ്ഞു കിടക്കുകയാണ്. പൊളിഞ്ഞ ഭാഗം ഉടൻ തന്നെ നീക്കം ചെയ്യാനും തൂക്കുപാലം എത്രയും വേഗം അറ്റകുറ്റപ്പണികൾ നടത്താനും എംഎൽഎ ഡിടിപിസി അധികൃതരോട് ആവശ്യപ്പെട്ടു.
വള്ളം കളി മത്സരം സുരക്ഷിതമായി നടത്തുന്നതിന് നിലവിലെ പവിലിയന്റെ തെക്ക് ഭാഗത്ത് താൽക്കാലിക പവിലിയൻ കെട്ടിയുണ്ടാക്കും. 9ന് കൃത്യം 2ന് മത്സരങ്ങൾ തുടങ്ങും. തൂക്കുപാലം അടച്ചിടുമെന്ന് തഹസിൽദാർ ടി.ഷംസുദ്ദീൻ പൊന്നാനി അറിയിച്ചു