PONNANI
അലഞ്ഞു തിരിഞ്ഞ് നടക്കുന്ന കന്നുകാലികളെ പിടിച്ച് കെട്ടി പൊന്നാനി നഗരസഭ

അപകടം വരുത്തുന്ന തരത്തിൽ പൊതുയിടങ്ങളിൽ അലഞ്ഞ് നടക്കുന്ന കന്നുകാലികളെ പൊന്നാനി നഗരസഭ പിടിച്ചുകെട്ടി. വ്യാഴാഴ്ച പുലർച്ചെയാണ് നഗരസഭയുടെ ഹെൽത്ത് സ്ക്വാഡിന്റെ നേതൃത്വത്തിൽ കന്നുകാലികളെ പിടിച്ച് കെട്ടിയത്. ആനപ്പടി, കോടതിപ്പടി, മുക്കാടി തുടങ്ങിയിടങ്ങളിൽ നിന്ന് ഏഴ് പശുക്കളേയും ഒരു കിടാവിനേയും പിടികൂടി. കന്നുകാലികളെ ഉറൂബ് നഗറിലെ മൃഗാശുപത്രിയിൽ പ്രത്യേകം തയ്യാറാക്കിയ തൊഴുത്തിലേക്ക് മാറ്റി. ഉടമസ്ഥർ തെളിവു സഹിതം ബന്ധപ്പെട്ടാൽ ഫൈൻ ചുമത്തി നിയമപരമായ താക്കീത് നൽകി വിട്ട് നൽകും. അല്ലാത്ത പക്ഷം ലേല നടപടികൾ നഗരസഭ സ്വീകരിക്കും.
സ്ക്വാഡിന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പവിത്രൻ, ആരോഗ്യ വിഭാഗം ജീവനക്കാരായ ശശി, മുഹമ്മദ് ഹനീഫ, തുളസിദാസ് തുടങ്ങിയവർ നേതൃത്വം നൽകി.
