അമേരിക്കൻ യൂണിവേഴ്സിറ്റിയുടെഡിവൈഎ പുരസ്കാരം ഡോ. ശ്രുതി നാരായണന്

കുമരനല്ലൂർ : അമേരിക്കൻ യൂണിവേഴ്സിറ്റിയുടെ ഡിവൈഎ പുരസ്കാരം നേടി കുമരനല്ലൂർ സ്വദേശി ഡോ. ശ്രുതി നാരായണൻ.ശാസ്ത്ര പരിജ്ഞാനവും ഗവേഷണ ഫലങ്ങളും സമൂഹ നന്മയ്ക്ക് പ്രയോജനപ്പെടുത്തുന്നതിനായി നേതൃപരമായ സേവനം കാഴ്ചവയ്ക്കുന്ന യുവ ഗവേഷകരെ ആദരിക്കുന്നതിനായി അമേരിക്കയിലെ കൻസാസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി നൽകുന്ന പുരസ്കാരമാണ് ശ്രുതി നേടിയത്. ഇൗ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ ഗവേഷകയാണ്.
ശ്രുതി 2011ൽ മാസ്റ്റർ ബിരുദവും 2015ൽ പിഎച്ച്‍ഡിയും നേടിയത് ഇതേ യൂണിവേഴ്സിറ്റിയിൽ നിന്നാണ്. വെള്ളാനിക്കര കാർഷിക കോളജിലായിരുന്നു ബിരുദ പഠനം.വരൾച്ചയും ആഗോള താപനവും അതിജീവിക്കാൻ കഴിയുന്ന വിളകൾ ഉൽപാദിപ്പിക്കുന്നതു സംബന്ധിച്ചാണു ഗവേഷണം. കാലാവസ്ഥാ വ്യതിയാനങ്ങളെ ചെറുത്തുനിൽക്കാൻ സസ്യങ്ങളിലെ മെറ്റബോളിക് പ്രവർത്തനങ്ങളെ എങ്ങനെ മാറ്റിയെടുക്കാം എന്നതു സംബന്ധിച്ചുള്ള ഗവേഷണത്തിലാണ് ഇപ്പോൾ ശ്രുതിയും സംഘവും.
അമേരിക്കയിലെ ക്ലംസൻ യൂണിവേഴ്സിറ്റിയിൽ പ്ലാന്റ് ആൻഡ് എൻവയൺമെന്റൽ സയൻസിൽ അസിസ്റ്റന്റ് പ്രഫസറായ ശ്രുതി നാരായണൻ ഗവേഷണം, അധ്യാപനം എന്നിവയിലെ മികവിന് മുൻപും ഒട്ടേറെ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഇതേ യൂണിവേഴ്സിറ്റിയിലെ എന്റമോളജിസ്റ്റ് പ്രദീഷ് ചന്ദ്രനാണു ഭർത്താവ്. മകൾ: മിഴി സാവേരി. കുമരനല്ലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരായിരുന്ന പി.കെ.നാരായണൻകുട്ടിയുടെയും എ.കെ.ശ്രീദേവിയുടെയും മകളാണ്.
