KERALA

അഭിനയ വിസ്മയം അരങ്ങൊഴിഞ്ഞു|കെ.പി.എ.സി ലളിത അന്തരിച്ചു

കൊച്ചി: കെപിഎസി ലളിത (74) ഇനി ഓർമ. കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. അനാരോഗ്യം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നാടകത്തിലൂടെ അഭിനയരംഗത്തെത്തിയ ലളിത മലയാളത്തിലും തമിഴിലുമായി അഞ്ഞൂറ്റിയൻപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം രണ്ടുവട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാലുവട്ടവും ലഭിച്ചു. കേരള സംഗീത നാടക അക്കാദമിയുടെ ചെയർപഴ്സനായിരുന്നു. യശശ്ശരീരനായ പ്രശസ്ത സംവിധായകൻ ഭരതനാണ് ഭർത്താവ്. മക്കൾ: ശ്രീക്കുട്ടി, സംവിധായകനും നടനുമായ സിദ്ധാർഥ് ഭരതൻ.

ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്ത് രാമപുരത്ത് 1947 ഫെബ്രുവരി 25 നായിരുന്നു മഹേശ്വരിയമ്മ എന്ന ലളിത ജനിച്ചത്. പിതാവ് കെ. അനന്തൻ നായർ, അമ്മ ഭാർഗവിയമ്മ. നാലു സഹോദരങ്ങൾ. ഫൊട്ടോഗ്രഫറായിരുന്നു അച്ഛൻ. രാമപുരം ഗവൺമെന്റ് ഗേൾസ് സ്കൂൾ, ചങ്ങനാശേരി വാര്യത്ത് സ്കൂൾ, പുഴവാത് സർക്കാർ സ്കൂൾ എന്നിവിടങ്ങളിലാിരുന്നു പഠനം. കുട്ടിക്കാലത്തുതന്നെ നൃത്തപഠനം തുടങ്ങിയിരുന്നു. കലോൽസവങ്ങളിൽ സമ്മാനം നേടിയിട്ടുണ്ട്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ കൊല്ലത്ത് കലാമണ്ഡലം രാമചന്ദ്രന്റെ ഇന്ത്യൻ ഡാൻസ് അക്കാദമിയിൽ നൃത്തപഠനത്തിനായി ചേർന്നു. അതോടെ സ്കൂൾ‌ വിദ്യാഭ്യാസം മുടങ്ങി.

ചങ്ങനാശേരി ഗീഥാ ആർട്സ് ക്ലബിന്റെ ബലി എന്ന നാടകത്തിലൂടെയാണ് നാടകരംഗത്ത് അരങ്ങേറിയത്. ഗീഥയിലും എസ്എൽ പുരം സദാനന്ദന്റെ പ്രതിഭാ ആർട്സ് ട്രൂപ്പിലും പ്രവർത്തിച്ച ശേഷമാണ് കെപിഎസിയിലെത്തിയത്. ആദ്യകാലത്ത് അവിടെ ഗായികയായിരുന്നു. മൂലധനം, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി തുടങ്ങിയ നാടകങ്ങളിൽ പാടി. പിന്നീട് സ്വയംവരം, അനുഭവങ്ങൾ പാളിച്ചകൾ, കൂട്ടുകുടുംബം, ശരശയ്യ, തുലാഭാരം തുടങ്ങിയ പ്രശസ്തമായ നാടകങ്ങളിൽ അഭിനയിച്ചു. അക്കാലത്ത് തോപ്പിൽ ഭാസിയാണ് ലളിത എന്നു പേരിട്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button