ചിപ്സ് ചോദിച്ചിട്ട് കൊടുത്തില്ല; 19കാരന് മദ്യപസംഘത്തിൻറെ ക്രൂരമർദനം


കൊല്ലം: വാളത്തുങ്കലിൽ 19കാരന് മദ്യപസംഘത്തിന്റെ ക്രൂരമർദനം. പള്ളിമുക്ക് സ്വദേശിയായ നീലകണ്ഠനെയാണ് എട്ടുപേർ ചേർന്ന് മർദിച്ചത്. ചിപ്സ് ചോദിച്ചിട്ട് കൊടുക്കാത്തതിനാണ് മർദിച്ചതെന്ന് നീലകണ്ഠൻ പറഞ്ഞു.
കടയിൽ നിന്നും ചിപ്സ് വാങ്ങി കഴിച്ചു വരുന്നതിനിടെ നീലകണ്ഠനോട് മദ്യപസംഘത്തിലൊരാൾ ലെയ്സ് ആവശ്യപ്പെട്ടു. എന്നാൽ നീലകണ്ഠൻ അത് നൽകാൻ തയ്യാറാകാത്തതാണ് പ്രകോപനമായത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
നീലകണ്ഠനെ തെങ്ങിൻതോപ്പിലേക്ക് ചവിട്ടിത്തെറിപ്പിച്ച് ദേഹത്തേക്ക് ചാടി വീണ് മർദിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. അസഭ്യം പറഞ്ഞുകൊണ്ടായിരുന്നു മർദനം. നീലകണ്ഠന്റെ കൂടെയുണ്ടായിരുന്ന
സുഹൃത്താണ് ദൃശ്യങ്ങൾ പകർത്തിയത്.
മർദനത്തിനിടെ ഓടിരക്ഷപ്പെട്ട തന്നെ മദ്യപസംഘം പിന്തുടർന്നെത്തിയെന്നും വീണ്ടും മർദിച്ചെന്നും നീലകണ്ഠൻ പറയുന്നു. അക്രമത്തിൽ സാരമായി പരിക്കേറ്റ നീലകണ്ഠനെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരവിപുരം സി.ഐയുടെ നേതൃത്വത്തിൽ സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
