PONNANI

പൊന്നാനിയിൽ അപകടത്തിൽപെട്ട ബോട്ട് കരയിലേക്കു കയറ്റാൻ കഴിഞ്ഞില്ല പൊളിച്ചുമാറ്റി

പൊന്നാനി: അടിപ്പലകയിളകി ബോട്ടിനകത്തേക്ക് വെള്ളം കയറിത്തുടങ്ങിയപ്പോൾ രക്ഷപ്പെടാനായി കരയിലേക്ക് ഇരച്ചു കയറ്റിയ ബോട്ട് പൊക്കിയെടുക്കാനോ സുരക്ഷിതമായി കരയ്ക്കു കയറ്റാനോ സർക്കാർ സംവിധാനങ്ങളില്ല. ഖലാസികളെ കൊണ്ടുവന്ന് വലിച്ചു കയറ്റാനാണെങ്കിൽ ഭാരിച്ച ചെലവ്. നിവൃത്തിയില്ലാതെ ബോട്ട് പൊളിച്ചു. ബോട്ടുടമയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം. പൊന്നാനി അഴീക്കൽ സ്വദേശി ഏഴുകുടിക്കൽ സാദിഖിന്റെ ഉടമസ്ഥതയിലുള്ള ‘അയിഷ മോൾ’ എന്ന ബോട്ടാണ് കഴിഞ്ഞ ദിവസം രാത്രിയിൽ അപകടത്തിൽപെട്ടത്.

മീൻപിടിത്തത്തിനിടെ പെട്ടെന്ന് ബോട്ടിന്റെ അടിപ്പലകയിളകി ബോട്ടിലേക്ക് വെള്ളം കയറുകയായിരുന്നു. 6 മത്സ്യത്തൊഴിലാളികളുള്ള ബോട്ട് കടലിൽ മുങ്ങുന്നതിനു മുൻപ് അതിവേഗം തീരത്തേക്ക് ഇരച്ചു കയറ്റാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് പൊന്നാനി മരക്കടവ് തീരത്ത് കരിങ്കൽ ഭിത്തിയോട് ചേർന്ന ഭാഗത്തേക്ക് ബോട്ട് അടുപ്പിച്ചു. മണലിൽ താഴ്ന്നു പോയ ഭാഗം കരയിലേക്കു കയറ്റാൻ ഏറെ പാടുപെടേണ്ടി വന്നു.

പൊന്നാനിയിലാണെങ്കിൽ മീൻപിടിത്ത ബോട്ടുകളുടെ രക്ഷയ്ക്കായി സർക്കാർ സംവിധാനങ്ങളൊന്നുമില്ല. കടലിൽ കുടുങ്ങിയ ബോട്ടുകൾ കെട്ടിവലിച്ചു കൊണ്ടുവരാൻ ഫിഷറീസ് വകുപ്പ് വാടകയ്ക്കെടുത്ത പഴയ മീൻപിടിത്ത ബോട്ട് മാത്രമാണുള്ളത്. ബോട്ടുകളുടെ അറ്റകുറ്റപ്പണികൾക്കായി ബോട്ട് യാഡ് നിർമിക്കുമെന്ന വാഗ്ദാനങ്ങളുണ്ടായിരുന്നെങ്കിലും ഒന്നും നടന്നിട്ടില്ല. കരയിൽ കുടുങ്ങിയ ബോട്ട് കരയ്ക്കു കയറ്റാൻ മറ്റ് മാർഗങ്ങളില്ലാതായതോടെയാണ് പൊളിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button