EDAPPALLocal news
അപകടങ്ങൾ വിട്ടുമാറാതെ എടപ്പാൾ
ബൈക്കിൽനിന്നു തെറിച്ചുവീണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻപോലും ശ്രമിക്കാതെ അപകടത്തിൽപ്പെട്ട ബൈക്ക് യാത്രക്കാരായ പുരുഷൻമാർ തമ്മിലടിച്ചതോടെ പ്രദേശത്ത് ഗതാഗതക്കുരുക്കുണ്ടായി. വ്യാഴാഴ്ച അഞ്ചുമണിയോടെ കുറ്റിപ്പുറം റോഡിൽ പാലം തുടങ്ങുന്നിടത്താണ് അപകടം.
പരിക്കേറ്റ പള്ളിക്കര ഓസാരുവീട്ടിൽ മുഹമ്മദ് ഹനീഫ (58), കൂടെയുണ്ടായിരുന്ന നൂർജഹാൻ (55) എന്നിവരെയാണ് ശുകപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ടൗണിൽനിന്ന് കുറ്റിപ്പുറം റോഡിലെ ഹൈവേയിലേക്കു പ്രവേശിച്ച ബൈക്ക് യാത്രക്കാരൻ പാലം ആരംഭിക്കുന്നിടത്തെ യുടേൺ നിരോധിച്ച ഭാഗത്തുകൂടി ബൈക്ക് തിരിക്കാൻ ശ്രമിച്ചു. ഇതു ശ്രദ്ധിക്കാതെ പാലത്തിലൂടെ വന്ന ബൈക്ക് ഇതിലിടിച്ചാണ് അപകടമുണ്ടായത്.
വാഹനങ്ങളിടിച്ചതോടെ ബൈക്ക് യാത്രികർ പരസ്പരം ഏറ്റുമുട്ടി. ഹോംഗാർഡ് ശിവദാസ് ഓടിയെത്തി ഇരുവരെയും പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് പോലീസെത്തി ഇരുവരെയും പിടിച്ചുമാറ്റി. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.