അപകടം നടന്ന കോട്ടയം മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച് മുഖ്യമന്ത്രി; പ്രതികരിക്കാതെ മടങ്ങി

കെട്ടിടം തകർന്ന് ഒരു സ്ത്രീയുടെ മരണം നടന്ന കോട്ടയം മെഡിക്കല്‍ കോളേജില്‍ സന്ദർശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ.സന്ദർശന ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിക്കാതെ മടങ്ങി.
മെഡിക്കല്‍ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിലേക്കാണ് മുഖ്യമന്ത്രി പോയത്. അവിടെ ആരോഗ്യമന്ത്രി വീണാ ജോർജും മന്ത്രി വി.എൻ. വാസവനും ഉണ്ടായിരുന്നു. ദുരന്തം ഉണ്ടായപ്പോള്‍ സ്ഥലത്തെത്തിയ മന്ത്രിമാരായ വി.എൻ വാസവനും വീണ ജോർജും ആളൊഴിഞ്ഞ കെട്ടിടമാണെന്ന് പറയുകയുണ്ടായി. എന്നാല്‍ വളരെ വൈകിയാണ് ഒരു സ്ത്രീ അതില്‍പ്പെട്ടിട്ടുണ്ടെന്ന സംശയം ഉയർന്നതും പരിശോധനയില്‍ പരിക്കുകളോടെ കണ്ടെത്തിയതും. പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും അവരുടെ ജീവൻ രക്ഷിക്കാനുമായില്ല.
സംഭവം നടക്കുമ്ബോള്‍ ജില്ലാതല വികസനസമിതി യോഗത്തില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി കോട്ടയത്തുണ്ടായിരുന്നു. അവിടെ നിന്നാണ് മുഖ്യമന്ത്രി മെഡിക്കല്‍ കോളേജിലേക്ക് എത്തിയത്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളുടെ നവകേരള സദസ്സിന്റെ ഭാഗമായുള്ള ജില്ലാതല പദ്ധതി അവലോകന യോഗം ഏറ്റുമാനൂർ തെള്ളകത്ത് നടക്കുന്നതിനിടെയാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ അപകടമുണ്ടായത്.
അവിടെനിന്നാണ് മന്ത്രിമാരായ വീണാ ജോർജും വാസവനും സംഭവസ്ഥലത്തെത്തിയതും രക്ഷാപ്രവർത്തനങ്ങള്‍ക്ക് മുൻകൈ എടുത്തതും. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറും ആരോഗ്യവകുപ്പിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരും അവലോകനയോഗത്തില്‍ പങ്കെടുത്തിരുന്നു. ഇവരെല്ലാവരും സംഭവസ്ഥലത്ത് എത്തിയിരുന്നു. മെഡിക്കല്‍ കോളേജ് സന്ദർശിക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം പെട്ടെന്നെടുത്തതാണെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
അപകടം നടന്ന സ്ഥലം മുഖ്യമന്ത്രി സന്ദർശിച്ചില്ല. മന്ത്രിമാരുമായി ചർച്ച നടത്തിയ ഉടൻ മുഖ്യമന്ത്രി ഇവിടെനിന്നും തിരിച്ചുപോയി. അതേസമയം, സന്ദർശനം കഴിഞ്ഞ് പുറത്തേക്ക് വന്ന മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ യൂത്ത് കോണ്‍ഗ്രസ് സംഘം കരിങ്കൊടി പ്രതിഷേധം നടത്തി. ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.













