അന്ന് മുരുകൻ മോട്ടോഴ്സിന്റെ കരിവണ്ടി വന്നതോടെയാണ് കഥ മാറുന്നത് ; സാമൂതിരി സൈന്യത്തിന്റെ പഴയ ‘ഇടപ്പാളയം” പിന്നീട് എടപ്പാൾ ആയത് എങ്ങനെ?.
എടപ്പാളിന്റെ മുഖച്‌ഛായ മാറുകയാണ്. സാമൂതിരി സൈന്യത്തിന്റെ ഈ ‘ഇടപ്പാളയം” ഇന്ന് വികസന വഴിയിൽ അതിവേഗം കുതിക്കുകയാണ്. സാമൂതിരിയുടെ ഇടപ്പാളയത്തിൽ നിന്ന് ബ്രിട്ടീഷ് ഭരണത്തിൽ ചുങ്കം പിരിവ് കേന്ദ്രമായതോടെ ചുങ്കം എന്ന ഓമനപ്പേരിലും ഇവിടം അറിയപ്പെടാൻ തുടങ്ങി. ബ്രിട്ടീഷ് ഭരണകാലത്തുതന്നെ മികച്ച ഒരു വാണിജ്യകേന്ദ്രമായി ചുങ്കം മാറാൻ തുടങ്ങിയിരുന്നു.
ദൂരെ ദിക്കുകളിൽ നിന്ന് കാളവണ്ടിയിലും ഉന്തുവണ്ടിയിലും കായലുകളും തോടുകളും താണ്ടി വഞ്ചിയിലും അടുത്ത പ്രദേശങ്ങളിൽ നിന്ന് തലച്ചുമടുകളായും ഇവിടേയ്‌ക്ക് അടയ്‌ക്കയും കൊപ്രയും കുരുമുളകും കശുവണ്ടിയും പഴം പച്ചക്കറികളും മത്സ്യവും എത്തിയിരുന്നു. ഇവിടെ ചുങ്കമടച്ച സാധനങ്ങളായിരുന്നു കിഴക്കും പടിഞ്ഞാറുമുള്ള അങ്ങാടികളിലേയ്‌ക്ക് പോയിരുന്നത്. എടപ്പാളിന്റെ വികസന കുതിപ്പ് മുരുകൻ മോട്ടോർ ബസിന്റെ കരിവണ്ടിയുടെ കടന്നുവരവോടെയാണ് ആരംഭിക്കുന്നത്.
പൊന്നാനി റോഡിലെ കുട്ടിഹസൻ കുട്ടിയുടെ പെട്രോൾ പമ്പും കുട്ടികൃഷ്‌ണൻ നായരുടെ സരസ്വതി വിലാസം ഹോട്ടലും എടപ്പാൾ ചരിത്രത്തിന്റെ ഭാഗമാണ്. വിദ്യാഭ്യാസപരമായ പിന്നാക്കം നിന്നിരുന്ന ഈ പ്രദേശത്ത് എടപ്പാൾ ഗവൺമെന്റ് ഹൈസ്‌കൂൾ സ്ഥാപിക്കപ്പെട്ടതോടെ തെളിഞ്ഞ അക്ഷരവെളിച്ചത്തിൽ പ്രദേശം പ്രകാശമാനമായി. അതിന് സ്ഥലം വിട്ടുനൽകിയ നാറാണത്ത് മന, അതിനുവേണ്ടി പ്രവർത്തിച്ച സാമൂഹിക പ്രവർത്തകർ എന്നിവരും ആദ്യകാല വികസനത്തിന് ചുക്കാൻ പിടിച്ചവരാണ്.
ഇ.കെ.ഇമ്പിച്ചിബാവ ഗതാഗത മന്ത്രിയായിരിക്കെ അനുവദിച്ച കെ.എസ്.ആർ.ടി.സി റീജിയണൽ വർക്ക്‌ഷോപ്പും ജംഗ്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രവും വികസനത്തിൽ മറ്റൊരു നാഴികക്കല്ലായിരുന്നു. റോഡ് വികസനത്തിന്റെയും ജംഗ്ഷൻ ഭംഗിയാക്കലിന്റെയും ഭാഗമായി കെ.എസ്.ആർ.ടി.സിയുടെ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുമാറ്റിയെങ്കിലും എടപ്പാളിന്റെ പഴയ ചിത്രങ്ങളിൽ നിറമുള്ള ഓർമ്മയായി അത് നിറഞ്ഞു നിൽക്കുന്നു. തൃശൂർ റോഡിലെ വലിയ ചീനിമരത്തിന്റെ ചുവട്ടിൽ നിറുത്തിയിട്ട അംബാസിഡർ കാറുകളും പൊന്നാനി റോഡിൽ സർവീസ് നടത്തിയിരുന്ന ട്രക്കറുകളുടെ നീണ്ടനിരയും ചങ്ങരംകുളത്തേയ്ക്ക് സർവീസ് നടത്തിയിരുന്ന ജീപ്പുകളുടെ നിരയും കഴിഞ്ഞ തലമുറക്കാരുടെ മനസിൽ നിറഞ്ഞുനിൽക്കുന്ന എടപ്പാൾ സ്മരണകളാണ്.
സിനിമാപ്രേമികൾക്ക് മറക്കാനാവാത്ത പേരുകളായിരുന്നു ഗോവിന്ദ, മുരളി എന്നീ സിനിമാ ടാക്കീസുകൾ. സത്യനും പ്രേംനസീറും ജയനും ഷീലയും ജയഭാരതിയുമൊക്കെ മനസിന്റെ അകത്തളങ്ങളിലേയ്ക്ക് കുടിയേറിയത് ഇവിടെ നിന്നായിരുന്നു. ഹൗസ് ഫുൾ ബോർഡുകൾക്ക് മുന്നിൽ നിരാശപ്പെടാതെ ഊണും ഉറക്കവുമുപേക്ഷിച്ച് അടുത്ത ഷോയ്ക്ക് വേണ്ടി തിയേറ്ററുകൾക്ക് മുന്നിൽ കാത്തിരുന്ന ഓർമ്മകൾ, സിനിമയുടെ ഇടവേളകളിൽ കഴിച്ച അരിനുറുക്കിന്റെയും തൊണ്ട് കടലയുടെ രുചിയും ഇന്നും പലരുടെയും നാവിൽ നിറഞ്ഞു നിൽക്കുന്നു.
50 വർഷങ്ങൾക്ക് മുമ്പ് ഒരു കാറുമായി കടന്നുവന്ന കാട്ടകാമ്പാൽ സ്വദേശി പരേതനായ കണ്ടമ്പുള്ളി ഭാസ്കരനും ഇതേകാലയളവിൽ വർക്ക്‌ഷോപ്പുമായി കടന്നുവന്ന ഗുരുവായൂർ സ്വദേശി പരേതനായ ഭാസ്കരമേനോനും പിന്നീട് ഒന്നിച്ച് ഭാസ്കർ ട്രാവൽസ് എന്ന ടൂറിസ്റ്റ് ബസുകൾ എടപ്പാളിന്റെ മുഖച്ഛായയ്ക്ക് മാറ്റുകൂട്ടി. ആതുര ശുശ്രൂഷാ രംഗത്ത് ഡോ.പുഷ്പാകരന്റെ നേതൃത്വത്തിലുള്ള അമ്പിളി നേഴ്സിംഗ് ഹോം 41 വർഷങ്ങൾക്ക് മുമ്പ് പൊന്നാനി റോഡിലാണ് തുടങ്ങിയത്. ഡോ.കെ.കെ.ഗോപിനാഥന്റെ നേതൃത്വത്തിൽ എടപ്പാൾ ഹോസ്പിറ്റലിന്റെ കടന്നുവരവോടെ തെക്കേ ഇന്ത്യയിലെ പ്രമുഖ ഹോസ്പിറ്റൽ നഗരത്തിന്റെ പട്ടികയിലേക്ക് എടപ്പാളും മാറി.
കോഴിക്കോട് റോഡിലുള്ള മാണൂർ സി.പി.ബാവഹാജിയുടെ വൻകിട കെട്ടിടം വന്നതോടെ നഗര വികസനം വേഗത്തിലായി. കൂടുതൽ ബഹുനില കെട്ടിടങ്ങൾ നഗരത്തിൽ ഉയർന്നുതുടങ്ങി. കഷ്ടപ്പാടിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നും മോചനം തേടി ഉരുവിൽ ഗൾഫിലെത്തി, അവിടെ പൊടിഞ്ഞ വിയർപ്പ് ദിനാറും റിയാലുമായി മാറിയപ്പോൾ എടപ്പാളും അടിമുടി മാറി. കേരളത്തിലെ മറ്റുഭാഗങ്ങളിലെന്ന പോലെ ഗൾഫിലേയ്‌ക്കുള്ള യുവാക്കളുടെ ഒഴുക്ക് ഇവിടേയും കണ്ടു. പിന്നീട് സ്വപ്നവേഗത്തിലാണ് എടപ്പാളിന്റെ വികസനം നടന്നത്.
ആദ്യകാല ഹോട്ടലുകളിലൊന്നായ ഗ്രീൻലാന്റ് ഹോട്ടൽ, പിന്നീട് കടന്നുവന്ന സൂപ്പർ മാർക്കറ്റുകൾ, മാളുകൾ തുടങ്ങി പിന്നീട് എല്ലാം ഇവിടേയ്‌ക്ക് കടന്നുവന്നു. പ്രിന്റിംഗ് മേഖലയിൽ ആദ്യത്തെ ഓഫ്‌സെറ്റ് പ്രസ് അക്കിത്തം ഓഫ്‌സെറ്റ് പ്രസ് ആയിരുന്നു. പിന്നീടത് അമൃതം പ്രസായി മാറി. ഇടപ്പാളയം പട്ടണമായി പതിയെ പതിയെ മാറുകയായിരുന്നു. വാഹനങ്ങൾ വർദ്ധിച്ചപ്പോൾ ഗതാഗതക്കുരുക്കും രൂക്ഷമായി. എടപ്പാൾ മേൽപ്പാലം ഉദ്ഘാടനം ചെയ്യുന്നതോടെ ഗതാഗതക്കുരുക്കിന് ഒരു പരിധി വരെ ശമനമുണ്ടാകുമെന്നാണ് കരുതുന്നത്. എടപ്പാളിന്റെ മനോഹാരിതയ്ക്ക് ഒരു പൊൻതൂവൽ ചാർത്തിക്കൊണ്ട് മേൽപ്പാലം യാഥാർത്ഥ്യമാവുകയാണ്.