എടപ്പാൾ മേൽപ്പാലം ഒക്ടോബറിൽ തുറന്നുകൊടുക്കും; മന്ത്രി മുഹമ്മദ് റിയാസ്

എടപ്പാൾ: മേൽപ്പാലം ഒക്ടോബറിൽ തുറന്നുകൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പാലത്തിൻ്റെ നിർമാണ പ്രവൃത്തി വിലയിരുത്താനായി എടപ്പാളിലെത്തിയ മന്ത്രി സന്ദർശനത്തിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദ്രുതഗതിയിലാണ് നിർമാണ പ്രവൃത്തി നടക്കുന്നത്. രണ്ടു മാസം മുമ്പ് താൻ സന്ദർശിച്ചപ്പോൾ ഉദ്യാഗസ്ഥർക്ക് വേണ്ട നിർദേശങ്ങൾ നൽകിയിരുന്നു. ഇത് കൃത്യമായി പാലിച്ചതായി ഇന്നത്തെ സന്ദർശനത്തിൽ ബോധ്യമായി. സെപ്തംബറിൽ നിർമാണം പൂർത്തികരിച്ച് ഒക്ടോബറിൽ തുറന്നുകൊടുക്കാനുള്ള പ്രവർത്തനം നടത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു. എടപ്പാളിന്റെ മുഖഛായ മാറ്റുന്ന മേല്‍പാലത്തിന്റെ നിര്‍മാണം അവസാനഘട്ടത്തിലാണ്. ജങ്ഷന്റെ സൗന്ദര്യവത്കരണം അടുത്താഴ്ചയോടെ ആരംഭിക്കും. ഇരുവശത്തെയും കൈവരികളുടെ നിര്‍മാണം പൂര്‍ത്തിയായി. പാലത്തിനടിയിലെ ടാറിങ്, സൗന്ദര്യവത്കരണം, കംഫര്‍ട്ട് സ്റ്റേഷന്‍ എന്നിവയാണ് ഇനി ഒരുക്കാനുള്ളതെന്നും മന്ത്രി പറഞ്ഞു.
