അനധികൃത പാറമടകൾ കണ്ടെത്തി

മഞ്ചേരി : ഏറനാട് താലൂക്കിലെ വിവിധ സ്ഥലങ്ങളിൽ അനധികൃതമായി പ്രവർത്തിക്കുന്ന പാറമടകൾ കണ്ടെത്തി. റവന്യൂ, ജിയോളജി, പോലീസ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് 12 പാറമടകൾ കണ്ടെത്തി നടപടി സ്വീകരിച്ചത്. ജില്ലാകളക്ടറുടെ നിർദേശപ്രകാരമാണ് പരിശോധന നടത്തിയത്.
കാവനൂർ, പുൽപ്പറ്റ, പൂക്കോട്ടൂർ, മേൽമുറി, പാണക്കാട് എന്നീ വില്ലേജുകളിലെ അനധികൃത കരിങ്കല്ല്, ചെങ്കൽ പാറമടകൾക്കെതിരേയാണ് നടപടികൾ കൈക്കൊണ്ടത്. അരീക്കോട് പോലീസിൽ മൂന്നു കേസുണ്ട്. മഞ്ചേരി, മലപ്പുറം പോലീസാണ് മറ്റു കേസ്സെടുത്തത്. പാറമട ഉടമകളുടെ പേരിലും സ്ഥല ഉടമകളുടെ പേരിലും സ്ഫോടകവസ്തു നിയമപ്രകാരം കർശന നടപടികളെടുക്കാനും അഞ്ചിരട്ടി പിഴ ചുമത്താനും വ്യവസ്ഥയുണ്ടെന്ന് തഹസിൽദാർ എം. മുകുന്ദൻ അറിയിച്ചു.
മലപ്പുറം അസി. ജിയോളജിസ്റ്റ് അജിൽ പ്രകാശ്, ഏറനാട് താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ മനേഷ് കുമാർ, വിവിധ വില്ലേജ് ഓഫീസർമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
