അധ്യാപകര്‍ കൈയ്യില്‍ ചെറുചൂരല്‍ കരുതട്ടെ, വെറുതെ കേസെടുക്കരുത്; വലിയ മാറ്റങ്ങള്‍ കൊണ്ടുവരും-ഹൈക്കോടതി

കൊച്ചി: സ്കൂളില്‍ വിദ്യാർഥികളുടെ അച്ചടക്കം ഉറപ്പാക്കാൻ അധ്യാപകർ കൈയ്യില്‍ ചെറുചൂരല്‍ കരുതട്ടെ എന്നും ആരെങ്കിലും പരാതി നല്‍കിയാല്‍ പോലീസ് വെറുതെ കേസെടുക്കരുതെന്നും ഹൈക്കോടതി.സ്കൂളിലെ അധ്യാപകരുടെ പ്രവൃത്തിയുടെ പേരില്‍ പരാതി കിട്ടിയാല്‍ കഴമ്ബുണ്ടോ എന്നറിയാൻ പ്രാഥമികാന്വേഷണം നടത്തണമെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു.
കുട്ടികളുടെ നല്ല ഭാവിക്കായി ചെറു ശിക്ഷ നല്കിയാല്‍ ക്രിമനല്‍ കേസ് രജിസ്റ്റർ ചെയ്യുമെന്ന ഭയത്തോടെയല്ല അധ്യാപകർ ജോലി ചെയ്യേണ്ടത്. ഡെമോക്ലീസിന്റെ വാളുപോലെ അത്തരമൊരു ഭീതി അധ്യാപകരുടെ മേല്‍ ഉണ്ടാകരുത്. എന്തിനും ഏതിനും കേസ് കൊടുക്കുന്ന ‘കോമൻ ചേട്ടനെ’ക്കുറിച്ച് 2024 ലെ സ്കൂള്‍ പ്രവേശന ദിവസം ‘മാതൃഭൂമി’ പ്രസിദ്ധീകരിച്ച റഫീഖ് അഹമ്മദിന്റെ കവിതയും ഉത്തരവില്‍ ഉള്‍പ്പെടുത്തി. ആറാം ക്ലാസുകാരനെ ചൂരല്‍ കൊണ്ട് അടിച്ചെന്ന പരാതിയില്‍ വിഴിഞ്ഞം പോലീസ് രജിസ്റ്റർ ചെയ്ത കേസില്‍ അധ്യാപകന് മുൻകൂർ ജാമ്യം അനുവദിച്ച ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം.
അധ്യാപകർ ചൂരല്‍ പ്രയോഗിക്കാതെ വെറുതെ കൈയ്യില്‍ കരുതുന്നത് പോലും കുട്ടികളില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. യുവതലമുറയുടെ പെരുമാറ്റം ആശങ്കയുണ്ടാക്കുന്നതാണ്. ചിലരെങ്കിലും മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണ്. ഇതായിരുന്നില്ല പണ്ടത്തെ അവസ്ഥ. അധ്യാപകരുടെ നിഴല്‍ മതിയായിരുന്നു അന്ന് അച്ചടക്കത്തിന്. എന്നാല്‍ ഇന്ന് അധ്യാപകരെ ഭീഷണിപ്പെടുത്തിയതിന്റെയും തടഞ്ഞുവെച്ചതിന്റെയും മർദ്ദിച്ചതിന്റെയും വാർത്തകളാണ് വരുന്നത്. ഇത് പ്രോത്സാഹിപ്പിക്കാനാകില്ല.
ഭാവി തലമുറയെ വാർത്തെടുക്കുന്നവരാണ് അധ്യാപകർ. അവരാണ് കുട്ടികളുടെ മനസ്സും ഹൃദയവുമൊക്കെ രൂപപ്പെടുത്തുന്നത്. പുതുതലമുറയുടെ ശില്പികളാണവർ. അവരാണ് കുട്ടികളെ സ്വപ്നങ്ങള്‍ കാണാൻ പ്രേരിപ്പിക്കുന്നത്. ആ സ്വപ്നങ്ങളാണ് ലോകത്തെ രൂപപ്പെടുത്തുന്നത്. ഇക്കാര്യത്തില്‍ അധ്യാപകർക്ക് സ്വാതന്ത്ര്യം വേണം. സഹായമായ അന്തരീക്ഷം സ്കുളിലും സൃഷ്ടിക്കണം. അധ്യാപകർ നുള്ളിയെന്നും അടിച്ചെന്നും തുറിച്ച് നോക്കിയെന്നുമൊക്കെയുള്ള പരാതിയുമായി രക്ഷിതാക്കളും കുട്ടികളുമൊക്കെ വരാം. അങ്ങനെയുള്ളപ്പോഴൊക്കെ പ്രാഥമികാന്വേഷണം നടത്തണം. ഇതിനർഥം യുക്തിരഹിതമായ ബുദ്ധിമുട്ട് കുട്ടികള്‍ക്ക് ഉണ്ടാക്കാം എന്നല്ല-കോടതി പറഞ്ഞു.
പോലീസ് ചെയ്യേണ്ടത്
- അധ്യാപകർക്കെതിരെ പരാതി ലഭിച്ചാല്‍ കേസ് രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് പ്രാഥമികാന്വേഷണം നടത്തണം
- ആവശ്യമെങ്കില്‍ അധ്യാപകർക്ക് നോട്ടീസ് നല്കാം
- പ്രാഥമികാന്വേഷണഘട്ടത്തില്‍ അധ്യാപകരെ അറസ്റ്റ് ചെയ്യരുത്
- ഇക്കാര്യത്തില്‍ വ്യക്തത ആവശ്യമെങ്കില്‍ സർക്കാരിനോ പോലീസിനോ കോടതിയെ സമീപിക്കാം
- ഇക്കാര്യം നിർദ്ദേശിച്ച് സംസ്ഥാന പോലീസ് മേധാവി ഒരു മാസത്തിനുളളില്‍ ആവശ്യമായ സർക്കുലർ പുറപ്പെടുവിക്കണം.
തുടർന്നാണ് മാതൃഭൂമി പ്രസിദ്ധീകരിച്ച റഫീഖ് അഹമ്മദ് രചിച്ച ഗാനവും ഉത്തരവില് ഉള്‍പ്പെടുത്തിയത്.
പരാതിക്കാർ കോമൻ ചേട്ടൻമാരാകരുത്
‘കോഴിക്കാലന് കോമൻ ചേട്ടന്
കോടതിയെന്നും കേറിയിറങ്ങും
ഓലയൊടിഞ്ഞാല്‍ വേലിപൊളിഞ്ഞാല്‍
പോലീസ് സ്റ്റേഷനിലോടിച്ചെല്ലും’… എന്നാരംഭിക്കുന്ന കവിതയിലെ കോമൻ ചേട്ടൻ എന്തിനും ഏതിനും കേസ് കൊടുക്കുന്ന കഥാപാത്രമാണ്. അധ്യാപകർക്കെതിരെ പരാതി ഉന്നയിക്കുന്നത് കോമൻ ചേട്ടന്മാരെ പോലുളളവർ അല്ലെന്ന് ഉറപ്പാക്കണം. എന്നാല്‍ കോമൻ ചേട്ടനെ പോലുള്ളവർ ഇല്ലായിരുന്നെങ്കില്‍ കോടതിയിലുള്ള നല്ല പങ്ക് കേസുകളും ഉണ്ടാകുമായിരുന്നില്ല എന്നും കോടതി പറഞ്ഞു.
