അധികൃതരുടെ അനാസ്ഥ; പൊലിഞ്ഞത് രണ്ടു ജീവനുകൾ
എരമംഗലം: മാറഞ്ചേരി ആളംദ്വീപ് പാലത്തിന് താഴെയുള്ള കെട്ടിലുണ്ടായ വിദ്യാർഥിയുടെ മുങ്ങിമരണം അധികൃതരുടെ അനാസ്ഥകൊണ്ട്. മാറഞ്ചേരി, വെളിയങ്കോട് ഗ്രാമപ്പഞ്ചായത്തുകളിൽ ഒരുമാസത്തിനിടയിൽ ഇങ്ങനെ പൊലിഞ്ഞുപോയത് രണ്ടു കുരുന്നു ജീവനുകളാണ്. പുതുതായി നിർമാണം പൂർത്തിയായ ആളംദ്വീപ് പാലത്തിന് താഴെയായി കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ടാണ് വെള്ളിയാഴ്ച വിദ്യാർഥിയായ പൊന്നാനി ചെറുവായിക്കര ഫാസിലിന്റെ ജീവൻ പൊലിഞ്ഞത്. ഈ പാലത്തിനുതാഴെ കുളിക്കാൻ കെട്ടുണ്ടാക്കിയപ്പോൾത്തന്നെ പ്രദേശവാസികൾ പ്രതിഷേധം ഉയർത്തിയിരുന്നു.
പാലത്തിനോട് തൊട്ടുതാഴെ ആഴംകൂടിയ ഭാഗമായതിനാൽ ഇവിടെ കായലിലേക്ക് ഇറങ്ങുന്നതിനായി പടികൾ സ്ഥാപിക്കരുതെന്ന് പലവട്ടം ആവശ്യപ്പെട്ടിട്ടും അതെല്ലാം അവഗണിച്ചാണ് നിർമാണം പൂർത്തിയാക്കിയത്. വിവിധയിടങ്ങളിൽനിന്നായി ദിവസവും കുട്ടികളുൾപ്പെടെ നിരവധിയാളുകൾ ഇവിടേക്ക് കുളിക്കാനെത്തുന്നത് പതിവായിരുന്നു.
ഇതോടെ അധികൃതരുമായി ആശങ്ക പങ്കുവെച്ച പ്രദേശവാസികൾ അപകടസൂചന അറിയിച്ചുകൊണ്ടുള്ള ബോർഡ് സ്ഥാപിക്കാൻ പലവട്ടം ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ജൂൺ നാലിനായിരുന്നു വെളിയങ്കോട് ഗ്രാമപ്പഞ്ചായത്തിന്റെ മുളമുക്ക് പറയൻകുളത്തിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയായ വെളിയങ്കോട് ഗ്രാമം സ്വദേശി മുഹമ്മദ് ഷിഫിൽ മരിക്കുന്നത്. ദുരന്തമുണ്ടായപ്പോൾ കുളം സന്ദർശിച്ച വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് അധികൃതരോട് സൂചനാബോർഡ് സ്ഥാപിക്കണമെന്ന ആവശ്യം പ്രദേശവാസികളും നാട്ടുകാരും ഉന്നയിച്ചിരുന്നു.