അതിരുകൾ മായ്ച്ച ഓണം; എടപ്പാളിൽ അറബ് പൗരന്മാർക്കൊപ്പം ആഘോഷത്തിമിർപ്പിൽ ആയുർഗ്രീൻ

എടപ്പാൾ: രോഗക്കിടക്കയിലും ഓണത്തിന്റെ ആവേശവും വർണ്ണങ്ങളും ഒട്ടും ചോരാതെ, എടപ്പാൾ ആയുർഗ്രീൻ ഹോസ്പിറ്റലിൽ നടന്ന ഓണാഘോഷം വേറിട്ട അനുഭവമായി. ചികിത്സയ്ക്കായി എത്തിയ വിദേശികളും സ്വദേശികളായ രോഗികളും ആശുപത്രി ജീവനക്കാരും ചേർന്ന് ഒരുക്കിയ കലാപരിപാടികളും ഘോഷയാത്രയും നാടിന് ഉത്സവമായി. സൗദി അറേബ്യ, ഒമാൻ, കുവൈറ്റ്, യുഎഇ, ബഹ്‌റൈൻ എന്നിവിടങ്ങളിൽ നിന്നുള്ള അറബ് പൗരന്മാർ കേരളീയ വേഷത്തിൽ ഓണാഘോഷത്തിൽ പങ്കെടുത്തപ്പോൾ അത് സാംസ്കാരിക സമന്വയത്തിന്റെ മനോഹര കാഴ്ചയായി.

ചടങ്ങുകളുടെ ഔപചാരികമായ ഉദ്ഘാടനം കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജി ബാബു നിർവഹിച്ചു. പൊന്നാനി സബ് ഇൻസ്പെക്ടർ ശ്രീ. നാസർ വർണ്ണാഭമായ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്ത ഘോഷയാത്രയിൽ ഏറ്റവും ശ്രദ്ധേയമായത് വീൽചെയറിലുള്ള രോഗികളുടെ പങ്കാളിത്തമായിരുന്നു, ശാരീരിക പരിമിതികളെ അതിജീവിച്ചുള്ള മാനവികതയുടെയും പ്രത്യാശയുടെയും സന്ദേശമാണ് അത് നൽകിയത്.
ആഘോഷങ്ങൾക്ക് ആവേശം പകരാൻ പ്രശസ്ത റാപ്പർ ഡാബ്സി എത്തിയത് കാണികളിൽ, പ്രത്യേകിച്ച് യുവജനങ്ങൾക്കിടയിൽ ആവേശത്തിരയിളക്കി. തന്റെ ഹിറ്റ് ഗാനങ്ങളിലൂടെ ഡാബ്സി സദസ്സിനെ കയ്യിലെടുത്തപ്പോൾ രോഗികളും ജീവനക്കാരും ഒരുപോലെ താളംപിടിച്ചു. ഗൃഹാതുരത്വം നിറഞ്ഞ ഓണപ്പാട്ടുകളും ആവേശകരമായ തിരുവാതിരക്കളിയും വടം വലി മത്സരങ്ങളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ ഒരുമിച്ച് ഓണസദ്യ കഴിച്ചതും പൂക്കളം ഒരുക്കിയതും സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും പുതിയൊരു അധ്യായം കുറിച്ചു. ചികിത്സയുടെയും രോഗാവസ്ഥയുടെയും മാനസിക പിരിമുറുക്കങ്ങളിൽ നിന്ന് ഒഴിഞ്ഞ്, ഓണത്തിന്റെ സന്തോഷത്തിൽ പങ്കുചേരാൻ സാധിച്ചത് ഏറെ ആശ്വാസം നൽകുന്നതായിരുന്നെന്ന് രോഗികൾ അഭിപ്രായപ്പെട്ടു. ആരോഗ്യം വീണ്ടെടുക്കാനുള്ള യാത്രയിൽ ഇത്തരം ആഘോഷങ്ങൾ വലിയ പ്രചോദനമാണെന്നും അവർ കൂട്ടിച്ചേർത്തു. രോഗികൾക്ക് കേവലം ചികിത്സ മാത്രമല്ല, മാനസികമായ പിന്തുണയും സന്തോഷവും നൽകുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വർഷവും ഓണാഘോഷം സംഘടിപ്പിക്കുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ചടങ്ങിൽ ആയുർഗ്രീൻ മാനേജിങ് ഡയറക്ടർ ഡോ. സക്കരിയ കെഎൻ , ചെയർമാൻ ഹിഫ്സുറഹ്മാൻ, ഡോ. ഹബീബുള്ള, ജിയാസ്, രഞ്ജിത് ബൽറാം, ജിനേഷ് തുടങ്ങിയവർ ആശംസകൾ അറീച്ചു സംസാരിച്ചു.

