അടുക്കളയില്‍ കളിക്കുന്നതിനിടെ വെള്ളമെന്ന് കരുതി ഡീസല്‍ കുടിച്ചു; ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം.

കടലൂർ : തമിഴ്നാട് കടലൂരില്‍ വെള്ളമെന്നു കരുതി ഡീസല്‍ കുടിച്ച ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം. വടലൂര്‍ നരിക്കുറവര്‍ കോളനി സ്വദേശികളായ സ്നേഹ,സൂര്യ ദമ്ബതിമാരുടെ മകള്‍ മൈഥിലിയാണ് മരിച്ചത്.കുഞ്ഞിന്റെ അമ്മ അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെ കുഞ്ഞും അടുക്കളയില്‍ കളിക്കുകയായിരുന്നു. എന്നാല്‍ വിറക് കത്തിക്കാന്‍ കുപ്പിയില്‍ സൂക്ഷിച്ചിരുന്ന ഡീസല്‍ കുഞ്ഞ് വെള്ളമെന്ന് കരുതി എടുത്തുകുടിക്കുകയായിരുന്നു.
കുഞ്ഞിന്‍റെ കൈയ്യില്‍ കുപ്പികണ്ടപ്പോള്‍ തന്നെ ഡീസല്‍ കുടിച്ചിട്ടുണ്ടാകാമെന്ന് അമ്മയ്ക്ക് സംശയം തോന്നി. തുടര്‍ന്ന് കുഞ്ഞിനെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. പ്രഥമശുശ്രൂഷ നല്‍കിയ ശേഷം കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും കുഞ്ഞിന് മതിയായ ചികില്‍സ ലഭിച്ചില്ലെന്ന് കുടുംബം ആരോപിക്കുന്നു. കുട്ടിയുടെ പിതാവ് കടലൂർ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.
