അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ നവീകരണം മാർച്ചിൽ പൂർത്തിയാകും

പെരിന്തൽമണ്ണ: ഷൊർണൂർ–നിലമ്പൂർ റെയിൽവേ പാതയിൽ നടക്കുന്ന അമൃത് ഭാരത് സ്റ്റേഷൻ നവീകരണ പദ്ധതികൾ നിലമ്പൂരിൽ ജനുവരിയിലും അങ്ങാടിപ്പുറത്തു മാർച്ചിലും പൂർത്തിയാകും. രണ്ടിടങ്ങളിലും പ്രവൃത്തികൾ അന്തിമഘട്ടത്തിലാണ്. അങ്ങാടിപ്പുറത്ത് 13.76 കോടി രൂപയുടെ നവീകരണ പ്രവൃത്തിയാണു പുരോഗമിക്കുന്നത്. ഇവിടെ പ്ലാറ്റ്ഫോം നവീകരണവും ഫാൻ, ലൈറ്റിങ്, മിനിമാസ്‌റ്റ്, പോൾ ലൈറ്റ് ഉൾപ്പെടെയുള്ള സ്റ്റേഷൻ വൈദ്യുതീകരണ പ്രവൃത്തിയും ടെലികോം പ്രവൃത്തികളും പൂർത്തിയായി. വിശ്രമമുറിയുടെ പ്രവൃത്തി 80% പൂർത്തിയായിട്ടുണ്ട്. അപ്രോച്ച് റോഡിന്റെയും അഡീഷനൽ വാഹന പാർക്കിങ്ങിന്റെയും പ്രവൃത്തി നടക്കുകയാണ്. മാർച്ച് 31നകം നവീകരണം പൂർത്തിയാകുമെന്ന് അധികൃതർ പറഞ്ഞു.
നിലമ്പൂരിൽ 8.03 കോടി രൂപയുടെ നവീകരണമാണ് നടക്കുന്നത്. നിലമ്പൂരിൽ രണ്ടാം എൻട്രിയിൽ ബുക്കിങ് ഓഫിസിന്റെ നിർമാണവും ഒന്നും രണ്ടും പ്ലാറ്റുഫോമുകളുടെ മേൽക്കൂരയും പൂർത്തിയായി. രണ്ടാം പ്ലാറ്റ്ഫോം 68 മീറ്റർ നീളം കൂട്ടിയിട്ടുണ്ട്. സ്‌റ്റേഷനിലെ വൈദ്യുതീകരണ പ്രവർത്തനങ്ങളും പൂർത്തിയായി. സിഗ്നലിങ്, വൈഫൈ, ഫോൺ, ഇന്റർനെറ്റ് പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള ടെലികോം പ്രവൃത്തികളും 85% പൂർത്തിയായി. വിശാലമായ വാഹന പാർക്കിങ് ഏരിയയുടെ പ്രവൃത്തി 86% പൂർത്തിയായി. മറ്റ് പ്രവർത്തനങ്ങൾ ജനുവരി 31നകം തീർക്കാനാകുമെന്നാണു പ്രതീക്ഷയെന്ന് അധികൃതർ അറിയിച്ചു.
ഷൊർണൂർ–നിലമ്പൂർ പാതയിൽ 6 റെയിൽവേ സ്‌റ്റേഷനുകളിൽ പ്ലാറ്റ്ഫോമിന്റെ നീളം കൂട്ടുന്ന പ്രവൃത്തിയും അവസാന ഘട്ടങ്ങളിലാണ്. എക്സ്പ്രസ് ട്രെയിനുകൾക്കു കൂടി യോജ്യമായ രീതിയിലാണു പ്ലാറ്റ്ഫോമുകൾ നീളം കൂട്ടി നവീകരിക്കുന്നത്. അതേസമയം, ഷൊർണൂർ–നിലമ്പൂർ റെയിൽവേ പാതയിൽ ട്രാക്‌ഷൻ സബ് സ്റ്റേഷൻ ഉൾപ്പെടെ വൈദ്യുതീകരണ പ്രവൃത്തികളെല്ലാം പൂർത്തിയായി. മറ്റു ചില പദ്ധതികൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയാകും ഈ പദ്ധതിയുടെ കമ്മിഷനിങ് നിർവഹിക്കുകയെന്നാണ് അറിവ്.
