അഗതി മന്ദിരത്തിൽ പിതാവ് മരിച്ചതറിഞ്ഞ് മകനും മരുമകളും വീട് പൂട്ടിപ്പോയി; മൃതദേഹം കിടത്തിയത് മുറ്റത്ത്

അഗതി മന്ദിരത്തിൽ കഴിഞ്ഞ അച്ഛൻ മരിച്ചതറിഞ്ഞ് മകനും മരുമകളും വീട് പൂട്ടി സ്ഥലം വിട്ടു. ഇതോടെ വീട്ടിലെത്തിച്ച പിതാവിന്റെ മൃതദേഹം ഉള്ളിലേക്ക് കയറ്റാനായില്ല. മകന് വേണ്ടി ഏറെ നേരം മൃതദേഹവുമായി വീടിന് പുറത്ത് കാത്തിരുന്നുവെങ്കിലും ഫോൺ സ്വിച്ച് ഓഫ് ചെയ്ത മകൻ പിതാവിന്റെ അന്ത്യകർമങ്ങളിൽ പോലും പങ്കെടുക്കാതെ മാറി നിൽക്കുകയായിരുന്നു
അരിമ്പൂർ കൈപ്പിള്ളി റിംഗ് റോഡിൽ തോമസാണ്(78) മണലൂരിലെ അഗതി മന്ദിരത്തിൽ മരിച്ചത്. ഏതാനും മാസങ്ങൾക്ക് മുമ്പാണ് മകനും മരുമകളും മർദിക്കുന്നുവെന്ന് ആരോപിച്ച് ഭാര്യ റോസിലിക്കൊപ്പം വീട് വിട്ടിറങ്ങിയത്. സാമൂഹിക നീതി വകുപ്പ് ഉദ്യോഗസ്ഥർ എത്തി ഇവരെ മണലൂരിലെ അഗതി മന്ദിരത്തിലേക്ക് മാറ്റുകയായിരുന്നു
പനിബാധിച്ച് ഇന്നലെ പുലർച്ചെയാണ് തോമസ് മരിച്ചത്. സ്വന്തം വീട്ടിലെ അന്ത്യശുശ്രൂഷക്ക് ശേഷം ഇടവക പള്ളിയിൽ സംസ്‌കരിക്കാനായാണ് മൃതദേഹം ഒമ്പതരയോടെ വീട്ടിലെത്തിച്ചത്. എന്നാൽ മകൻ ജെയ്‌സണും മരുമകൾ റിൻസിയും തോമസ് മരിച്ച വിവരം അറിഞ്ഞ് വീട് പൂട്ടി പോകുകയായിരുന്നു തിരിച്ചുവന്ന് മൃതദേഹം അകത്തു കയറ്റാൻ പലരും ആവശ്യപ്പെട്ടെങ്കിലും ജെയ്‌സൺ കൂട്ടാക്കിയില്ല. പോലീസും പലതവണ വിളിച്ചെങ്കിലും ഇയാൾ ഫോൺ എടുത്തില്ല. പിന്നാലെ മൃതദേഹം മുറ്റത്ത് കിടത്തി. പിന്നീട് എറവ് സെന്റ് തെരേസാസ് കപ്പൽ പള്ളിയിൽ തോമസിന്റെ സംസ്‌കാരം നടത്തി.
