മയക്കുമരുന്ന്: കരുതൽ തടങ്കലിന് എക്സൈസും


പൊന്നാനി :മയക്കുമരുന്ന് കേസിൽ ഉൾപ്പെടുന്ന സ്ഥിരം കുറ്റവാളികളെ കരുതൽ തടങ്കലിൽ പാർപ്പിക്കാൻ നടപടികൾ എക്സൈസ് വകുപ്പ് കർശനമാക്കുന്നു. നേരത്തേ നിയമമുണ്ടെങ്കിലും എക്സൈസ് വകുപ്പ് ഇത് പ്രയോഗിച്ചിരുന്നില്ല. പോലീസാണ് ഈ നിയമം കൂടുതലായി ഉപയോഗിച്ചിരുന്നത്.
മയക്കുമരുന്ന്, ലഹരിവസ്തുക്കൾ എന്നിവ യുടെ അനധികൃത കടത്തൽ തടയൽ (പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫിക് ഇൻ നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ്) നിയമപ്രകാരമാണ് നടപടി കർശനമാക്കുക. ഇതുപ്രകാരം മയക്കുമരുന്നുസംബന്ധിച്ച് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ കരുതൽ തടങ്കലിലാക്കാം. നിശ്ചിത അളവിൽ കൂടുതൽ മയക്കുമരുന്ന് കൈവശംവെച്ചതിന് രണ്ടു കേസുകളിലെങ്കിലും പ്രതിയായവരെ രണ്ടുവർഷംവരെ വിചാരണകൂടാതെ തടവിലിടാം.
കുറ്റകൃത്യം ബോധ്യപ്പെടുകയും തൊണ്ടിവസ്തുക്കൾ പിടിച്ചെടുക്കുകയും പ്രാഥമികാന്വേഷണത്തിൽ കൂടുതൽ പ്രതികളുണ്ടെന്ന് മനസ്സിലാകുകയും ചെയ്താൽ അറസ്റ്റുചെയ്യപ്പെട്ട പ്രതിയാണെങ്കിൽപ്പോലും അവരെ കരുതൽ തടങ്കലിൽ പാർപ്പിക്കാൻ വ്യവസ്ഥയുണ്ട്. മയക്കുമരുന്ന് കൈവശംവെച്ച് സമൂഹത്തിന് ഹാനികരമായ കുറ്റകൃത്യങ്ങൾചെയ്യാൻ സാധ്യതയുള്ളവരെയാണ് ഈ വിഭാഗത്തിൽപ്പെടുത്തുക.
കേസെടുത്ത് തൊണ്ടി പിടിച്ചെടുത്ത് 45 ദിവസത്തിനകം കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് അന്വേഷണ ഉദ്യോഗസ്ഥൻ അപേക്ഷ നൽകണം. ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ഉത്തരവ് പുറപ്പെടുവിക്കുക. അന്തിമതീരുമാനം ഹൈക്കോടതി ഉപദേശകസമിതിയുടേതാണ്.
ഉത്തരവ് നടപ്പാക്കുന്നതിങ്ങനെ
ഉത്തരവ് പുറപ്പെടുവിച്ച് 10 ദിവസത്തിനകം സംസ്ഥാനസർക്കാർ കേന്ദ്രസർക്കാരിനെ അറിയിക്കണം
ഉത്തരവ് സംബന്ധിച്ച രേഖകൾ അഞ്ചുദിവസത്തിനും 15 ദിവസത്തിനും ഇടയിൽ തടവുകാരന് നൽകണം.
തടവ് ആരംഭിച്ച് അഞ്ചാഴ്‌ചയ്ക്കകം ഉപദേശകസമിതിക്ക് റിപ്പോർട്ട് നൽകണം. ഉപദേശകസമിതി 11 ആഴ്‌ചയ്ക്കകം അന്തിമതീരുമാനമെടുക്കും.
ഉപദേശകസമിതി സ്ഥിരീകരിച്ചിട്ടില്ലെങ്കിൽ തടവുകാരനെ ഉടൻ വിട്ടയയ്ക്കും.
കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കോ ബന്ധപ്പെട്ട ഉദ്യോഗസ്ഥനോ ഉത്തരവ് എപ്പോൾ വേണമെങ്കിലും റദ്ദാക്കാം. എന്നാൽ, ഇതേ വ്യക്തിയെ മറ്റൊരു ഉത്തരവിൽ തടങ്കലിൽ വെക്കുന്നതിന് തടസ്സമില്ല.
ജാമ്യത്തിന് വ്യവസ്ഥയില്ല. നിശ്ചിത സമയത്തേയ്ക്ക് ഉപാധികളോടെ താത്കാലികമായി വിട്ടയയ്ക്കാം. തിരികെ ഹാജരായില്ലെങ്കിൽ രണ്ടുവർഷംവരെ തടവുശിക്ഷയും പിഴയും ലഭിക്കും.
