KERALA

ഉച്ചത്തിലുള്ള സംസാരവും പാട്ടും വേണ്ട; മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി KSRTC

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ഉച്ചത്തില്‍ മൊബൈല്‍ ഫോണ്‍, ഇലക്ട്രോണിക് ഉപകരങ്ങള്‍ എന്നിവയുടെ ഉപയോഗവും ശബ്ദത്തില്‍ വീഡിയോ കാണുന്നതും നിരോധിച്ചു. കെ.എസ്.ആര്‍.ടി.സി മാനേജിങ് ഡയറക്ടര്‍ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

ഇത് ബസിനുള്ളില്‍ എഴുതി പ്രദര്‍ശിപ്പിക്കാനും തിരുമാനമായിട്ടുണ്ട്. കൂടാതെ ബസിനുള്ളില്‍ ഇത് സംബന്ധിച്ചുണ്ടാകുന്ന പരാതികള്‍ കണ്ടക്ടര്‍മാര്‍ സംയമനത്തോടെ പരിഹരിക്കുകയും, ഈ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ യാത്രക്കാരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യും.

ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് നടപടിയെന്നും അറിയിപ്പില്‍ പറഞ്ഞു. യാത്രക്കാര്‍ അമിത ശബ്ദത്തില്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതും, സഭ്യമല്ലാതെ സംസാരിക്കുന്നതും, അമിത ശബ്ദത്തില്‍ വീഡിയോ, ഗാനങ്ങള്‍ എന്നിവ കേള്‍ക്കുന്നതും സഹയാത്രക്കാര്‍ക്ക് ബുദ്ധിമുണ്ടാകുന്നുവെന്ന് നിരവധി പരാതികളുണ്ടായ പശ്ചാത്തലത്തിലാണ് പുതിയ നടപടി.
യാത്രക്കാര്‍ തമ്മില്‍ അനാരോഗ്യവും, അസുഖകരവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നത് ആവര്‍ത്തിക്കുത് തടയാന്‍ പുതിയ തീരുമാനം ഗുണം ചെയ്യുമെന്നാണ് കെ.എസ്.ആര്‍.ടി.സി പ്രതീക്ഷിക്കുന്നത്.

എല്ലാത്തരം യാത്രക്കാരുടേയും താല്‍പര്യങ്ങള്‍ പരമാവധി സംരക്ഷിച്ച് സുരക്ഷിതമായ യാത്ര പ്രദാനം ചെയ്യാനാണ് കെ.എസ്.ആര്‍.ടി.സിയുടെ ശ്രമം.
ബസില്‍ യാത്ര ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണ്‍ ശബ്ദം പുറത്തേക്കിട്ട് പാട്ട് കേള്‍ക്കുന്നതിന് വിലക്ക്
നേരത്തെ കര്‍ണാടക ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു. ബസിനുള്ളില്‍ ശബ്ദ ശല്യമുണ്ടാകുന്നു എന്ന് കാണിച്ച് ലഭിച്ച പൊതുതാല്‍പര്യ ഹരജിയിലായിരുന്നു കോടതി ഉത്തരവ്.

ബസിനുള്ളില്‍ ശബ്ദ മലിനീകരണം നിയന്ത്രിക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം. വിഷയം പരിഗണിച്ച് ഉയര്‍ന്ന ശബ്ദത്തില്‍ മൊബൈലില്‍ പാട്ടുകളും വീഡിയോകളും വെക്കുന്നത് നിയന്ത്രിക്കണമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം.


Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button