രണ്ട് ഏക്കറില്‍ വിളഞ്ഞത് 5000 കിലോ കണി വെള്ളരി
ചങ്ങരംകുളം:കൃഷിയിടത്തില്‍ പൊന്ന് വിളയിക്കുകയാണ് ചങ്ങരംകുളം ചിയ്യാനൂര്‍ സ്വദേശികളായ കൈപ്രവളപ്പില്‍ നാരായണനും മഠത്തില്‍ വളപ്പില്‍ സുരേഷും.പ്രദേശത്ത് പാട്ടത്തിനെടുത്ത ഭൂമിയില്‍ കഴിഞ്ഞ 20 വര്‍ഷമായി നാരായണനും സുഹൃത്ത് സുരേഷും ചേര്‍ന്ന് പച്ചക്കൃഷി ആരംഭിച്ചിട്ട്.ഇത്തവണ വിഷു വിപണി ലക്ഷ്യമിട്ട് രണ്ട് ഏക്കര്‍ സ്ഥലത്താണ് കണി വെള്ളരി കൃഷി ഇറക്കിയത്.5000 കിലോയിലതികം തൂക്കം വരുന്ന വെള്ളരിയാണ് ഇത്തവണ നാരായണന്റെയും സുരേഷിന്റെയും കൃഷിയിട തോട്ടത്തില്‍ വിളഞ്ഞത്.കണി വെള്ളരിയില്‍ തീരുന്നതല്ല ഇവരുടെ കൃഷി.പടവലം,പയര്‍,ചീര,മത്തന്‍,കുമ്പളം,തണ്ണിമത്തന് തുടങ്ങി വിവിധ ഇനം പച്ചക്കളികള് ഏകദേശം രണ്ട് ഏക്കര്‍ സ്ഥലത്തായി ഇത്തവണയും നാരായണനും സുരേഷും ചേര്‍ന്ന് കൃഷി ഇറക്കിയിട്ടുണ്ട്.
പ്രവാസ ജീവിതം കഴിഞ്ഞ് തിരിച്ചെത്തിയ നാരായണന് തന്റെ 40 മത്തെ വയസില്‍ കൃഷിയിലേക്ക് ഇറങ്ങിയതാണ്.പിന്നീട് സുഹൃത്ത് സുരേഷും നാരായണന് ഒപ്പം ചേരുകയായിരുന്നു.
എല്ലാ വര്‍ഷവും നാരായണനും സുരേഷും ചേര്‍ന്ന് കൃഷിയിറക്കും.ലഭ്യമാകുന്ന വിളകള്‍ ചങ്ങരംകുളം ടൗണിലെ മാര്‍ക്കറ്റില്‍ വില്പന നടത്തും.മിച്ചം വരുന്നത് പ്രദേശത്ത് സ്കൂളുകള്‍ക്കും സുഹൃത്തുക്കള്‍ക്കും സമ്മാനിക്കും.കൃഷിയില്‍ ലഭിക്കുന്ന സാമ്പത്തിക ലാഭം മാത്രഭല്ല ലക്ഷ്യമെന്നും ചെയ്ത കൃഷിയില്‍ നിന്ന് ലഭിക്കുന്ന വിളവെടുപ്പിലൂടെ ലഭ്യമാക്കുന്ന മാനസിക സന്തോഷമാണ് കൃഷി മുന്നോട്ട് കൊണ്ട് പോവാന്‍ പ്രേരിപ്പിക്കുന്നതെന്നും നാരായണന് പറയുന്നു
ഇത്തവണ കൃഷി വലിയ ലാഭത്തിലെത്തിയെന്നും 30000 രൂപയോളം ചിലവിട്ടാണ് രണ്ട് ഏക്കറില്‍ വെള്ളരി കൃഷി ഇറക്കിയതെന്നും വിപണിയില്‍ ഒരു ലക്ഷം രൂപക്ക് വില്പന നടത്താന്‍ കഴിയുന്ന വിളവ് ലഭിച്ചെന്നും നാരായണന് പറഞ്ഞു.
പടവലം ഇത്തവണ 500 കിലോളം വിളവ് ലഭിച്ചു.കാട്ടുപന്നികളും മൈലുകളും തെരുവ് നായകളും പലപ്പോഴും കൃഷി നശിപ്പിക്കുന്നത് പതിവാണ്.ഇത് കൊണ്ട് തന്നെ പലപ്പോഴും കൃഷിടങ്ങള്‍ നശിക്കാറുണ്ടെന്നും കര്‍ഷകര്‍ പറയുന്നു.ജലക്ഷാമവും പലപ്പോഴും വെല്ലുവിളി ആവാറുണ്ട്.കടുത്ത വേനല്‍ ആവുന്നതോടെ തോടും കുളങ്ങളും വറ്റി തുടങ്ങും.കൃഷിയിടത്തിനടുത്ത് സ്വകാര്യ വ്യക്തികളുടെ കിണറ്റില്‍ നിന്ന് മോട്ടോര്‍ അടിച്ചാണ് പലപ്പോഴും കൃഷി പൂര്‍ണ്ണമാക്കുന്നത്.
വിഷുവിനോടനുബന്ധിച്ച് നടന്ന വിളവെടുപ്പിന് ജനപ്രതിനിധികളും നാട്ടുകാരും പങ്കെടുത്തു.പഞ്ചായത്ത് അംഗങ്ങളായ ഷെമീന മുഹമ്മദ്,വിബിന് ചിയ്യാനൂര്‍ എന്നിവര്‍ ചേര്‍ന്ന് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.സുഹൃത്തുക്കളും സഹായികളുമായ ഹരിദാസന്,ഉണ്ണികൃഷ്ണന്,വേലായുധന്,കുട്ടാപ്പി തുടങ്ങിയവരും പങ്കുടുത്തു.ഓരോ വര്‍ഷവും സീസണ് ആവുന്നതോടെ ഉത്സവലഹരിയില്‍ നടത്തുന്ന വിളവെടുപ്പിന് ഇവരുടെ കുടുംബങ്ങളും നാട്ടുകാരും എത്തിച്ചേരാറുണ്ട്