മോഷ്ടിച്ച സ്വർണമാല വിഴുങ്ങി; യുവതിക്ക് പൊലീസ് കാവൽ മൂന്നാംദിവസം, സംഭവം നിലമ്പൂരിൽ
നിലമ്പൂർ: ക്ലിനിക്കിൽ എത്തിയ കുട്ടിയുടെ കഴുത്തിൽ നിന്ന് മോഷ്ടിച്ച സ്വർണമാല വിഴുങ്ങിയ യുവതിയെ കോടതിയിൽ ഹാജറാക്കി പൊലീസ് സ്റ്റേഷനിൽ പ്രത്യേക റൂമിൽ 3 ദിവസമായി നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണ്. നിലമ്പൂർ ജില്ലാ ആശുപത്രി റോഡിലെ ശിശുരോഗ വിദഗ്ധന്റെ ക്ലിനിക്കിൽ 9 ന് രാത്രി യായിരുന്നു സംഭവം. ഡോക്ടറെ കാണാൻ കാത്തിരുന്ന പുളിക്കലോടി സ്വദേശിയുടെ കുഞ്ഞിന്റെ കഴുത്തിലുണ്ടായിരുന്ന 3.5 ഗ്രാം തൂക്കമുള്ള സ്വർണമാലയാണ് മുക്കട്ട സ്വദേശിനിയായ സമീന 35 വയസുകാരി കവർന്നത്.
ഡോക്ടറെ കാണാൻ വരിനിന്ന കുഞ്ഞിനെയും മാതാപിതാക്കളെയും സമീന പരിചയപ്പെട്ടു. വരാന്തയിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കൊഞ്ചിക്കുകയും ലാളിക്കുകയും ചിരിച്ചുകളിക്കുകയും ചെയ്യുന്നതിനിടയിൽ അതീവ തന്ത്രപരമായി മാല കൈക്കലാക്കുകയായിരുന്നു.
കുഞ്ഞിന്റെ മാല കാണാതായതോടെ വീട്ടുകാർ പോലീസിനെ വിവരമറിയിച്ചു.
സംശയം തോന്നിയ ഘട്ടത്തിൽ യുവതി മാല വിഴുങ്ങുകയായിരുന്നു. നാട്ടുകാർ തടഞ്ഞുവെച്ച യുവതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് എക്സ്റേ പരിശോധന നടത്തിയപ്പോൾ വയറ്റിൽ സ്വർണമാലയുണ്ടെന്ന് സ്ഥിരീകരിച്ചു. ഡോക്ടറുടെ നിർദേശപ്രകാരം എനിമ നൽകിയെങ്കിലും മാല പുറത്തുവന്നില്ല. ഇതോടെ മാല പുറത്തുവരുന്നതും കാത്ത് സമീനയ്ക്കൊപ്പമുള്ള വനിതാ പൊലീസിന്റെ കാവൽ മൂന്നാം ദിവസത്തിലേക്ക് കടന്നു.
ഇടയ്ക്കിടെ അക്രമാസക്തയാകുന്നതായും റിപ്പോർട്ടുണ്ട്.