വിവാഹപ്പിറ്റേന്ന് വധുവിന്‍റെ സ്വർണവും പണവുമായി മുങ്ങിയ വരൻ പിടിയിൽ

പത്തനംതിട്ട അടൂരിൽ വിവാഹത്തിന്‍റെ പിറ്റേദിവസം വധുവിന്‍റെ സ്വർണവും പണവുമായി മുങ്ങിയ യുവാവ് അറസ്റ്റിൽ. കായംകുളം ഫയര്‍സ്റ്റേഷന് സമീപം തെക്കേടത്ത് തറയില്‍ റഷീദിന്‍റെയും ഷീജയുടെയും മകനായ അസറുദ്ദീന്‍ റഷീദാണ് അറസ്റ്റിലായത്. വധുവിന്‍റെ പിതാവിന്‍റെ പരാതിയില്‍ പൊലീസ് വിശ്വാസ വഞ്ചനക്കാണ് കേസെടുത്തത്. കഴിഞ്ഞ ജനുവരി 20നാണ് അടൂർ സ്വദേശിയായ യുവതിയും ഇയാളും തമ്മിലുള്ള വിവാഹം നടന്നത്. ആദിക്കാട്ടുകുളങ്ങര എസ്.എച്ച് ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു വിവാഹം. ഇരു ജമാഅത്തുകളുടെയും കാര്‍മികത്വത്തില്‍ അസറുദ്ദീനും പഴകുളം സ്വദേശിനിയുമായുള്ള വിവാഹം മതാചാര പ്രകാരമാണ് നടന്നത്. തുടര്‍ന്ന് ആദ്യരാത്രിക്കായി വരനും വധുവും വധുവിന്‍റെ വീട്ടിലെത്തി. തുടര്‍ന്ന് 31 ന് പുലര്‍ച്ചെ മൂന്നു മണിയോടെ സുഹൃത്തിന് ഒരു അപകടം പറ്റിയെന്നും ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് അയാളെ കൊണ്ടു പോകണമെന്നും പറഞ്ഞാണ് അസറുദ്ദീന്‍ പഴകുളത്തെ വധുഗൃഹത്തില്‍ നിന്നും ഇറങ്ങുന്നത്.
ഇയാള്‍ പോയി കഴിഞ്ഞ് മൊബൈല്‍ ഫോണിലേക്ക് വിളിച്ചപ്പോള്‍ ആദ്യ ഫോണ്‍ എടുത്ത് ആശുപത്രിയിലേക്ക് പോയികൊണ്ടിരിക്കുകയാണെന്ന് പറഞ്ഞു. പിന്നീട് ഫോണ്‍ സ്വിച്ച്ഡ് ഓഫായി. തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ പരിശോധനയില്‍ വധുവിന്‍റെ 30 പവന്‍റെ ആഭരണങ്ങളില്‍ പകുതിയും വിവാഹത്തിന് നാട്ടുകാര്‍ സംഭാവന നല്‍കിയ 2.75 ലക്ഷം രൂപയും നഷ്ടപ്പെട്ടതായി മനസ്സിലായി. പൊലീസ് അന്വേഷണത്തിൽ അസറുദ്ദീന്‍ രണ്ട് വർഷം മുൻപ് ആലപ്പുഴ ചേപ്പാട് സ്വദേശിനിയായ യുവതിയെയും വിവാഹം കഴിച്ചതായി കണ്ടെത്തി. എന്നാല്‍, ഈ വിവാഹത്തെ കുറിച്ചു അറിയില്ലായിരുന്നു എന്നാണ് വരന്‍റെ മാതാപിതാക്കള്‍ വധുവിന്‍റെ വീട്ടുകാരോട് പറഞ്ഞത്.














