നിയമ വിരുദ്ധ രക്തശേഖരണം തടയുക, സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ ബിഡികെ മലപ്പുറം സംഘടിപ്പിക്കുന്ന ബൈക്ക് റാലി ഡിസംബർ 25 ന്
മലപ്പുറം: “നിയമ വിരുദ്ധ രക്തശേഖരണം തടയുക, സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കുക” എന്ന പ്രമേയവുമായി ക്രിസ്തുമസ് ദിനത്തിൽ ജില്ലയിൽ ബൈക്ക് റാലിയുമായി ബിഡികെ മലപ്പുറം. ജില്ലയിൽ വർദ്ധിച്ചു വരുന്ന നിയമ വിരുദ്ധ രക്തശേഖരണം തടയുന്നതിനും സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനുമായി പൊതു ജനങ്ങളെ ബോധവൽക്കരിക്കാനായാണ് ബി ഡി കെ മലപ്പുറം ജില്ലാ കമ്മിറ്റി ജില്ലാ തല ബൈക്ക് റാലി സംഘടിപ്പിക്കുന്നത്. പൊന്നാനി താലൂക്കിലെ എടപ്പാൾ ടൗണിൽ നിന്നും ഡിസംബർ 25 ഞായർ രാവിലെ 8 മണിക്ക് ആരംഭിക്കുന്ന റാലി വളാഞ്ചേരി, തിരൂർ, കോട്ടക്കൽ, വേങ്ങര, മലപ്പുറം, മഞ്ചേരി എന്നീ സ്വീകരണ കേന്ദ്രങ്ങളിലൂടെ കടന്ന് പോയി വൈകുന്നേരം 5 മണിക്ക് പെരിന്തൽമണ്ണ ടൌൺ സ്‌ക്വയറിൽ വെച്ചു സമാപിക്കും. ഒരോ സ്വീകരണ കേന്ദ്രങ്ങളിലും ബ്ലഡ് ഡോണേഴ്‌സ് കേരള ജില്ലാ കോർഡിനേറ്റർമാർ പൊതുജനങ്ങൾക്കായി “നിയമ വിരുദ്ധ രക്ത ശേഖരണം ചെറുക്കുന്നതിനും സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ബോധവൽക്കരണ സന്ദേശം കൈമാറും.
സന്നദ്ധ രക്തദാന രംഗത്ത് ഒരു ലാഭേച്ഛയുമില്ലാതെ 2011 മുതൽ പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് ബ്ലഡ് ഡോണേഴ്‌സ് കേരള.
സന്നദ്ധ രക്തദാതാക്കളുടെ സുരക്ഷ മുൻ നിർത്തി സദാസമയം ജാഗ്രത പുലർത്തി കൊണ്ടാണ് ബി ഡി കെ യുടെ പ്രവർത്തനം എന്നും എന്നാൽ അംഗീകൃത ബ്ലഡ് ബാങ്കുകളിലൂടെ മാത്രമേ രക്തം ശേഖരിക്കാവൂ എന്ന നിയമം നില നിൽക്കെ ജില്ലയിലെ പല സ്വകാര്യ ആശുപത്രികളും ക്ലിനിക്കുകളും അംഗീകൃത ബ്ലഡ്ബാങ്കുകളോ മറ്റു സൗകര്യങ്ങളോ ഇല്ലാതെ ഒരു സുരക്ഷയുമില്ലാതെ രക്തം ശേഖരിക്കുന്നത് തുടരുന്ന സാഹചര്യം രക്തദാതാക്കൾക്കും രോഗികൾക്കും വലിയ വെല്ലുവിളിയാണ് ഉണ്ടാക്കുന്നതെന്നും അത് കൊണ്ട് ഈ വിഷയത്തിൽ പൊതു ജനങ്ങളുടെ അറിവില്ലായ്മയെ ചൂഷണം ചെയ്യുന്ന ഇത്തരം സ്ഥാപനങ്ങളിലെ നിയമ വിരുദ്ധ രക്ത ശേഖരണം തടയണം എന്ന ഉറച്ച നിലപാടുമായാണ് ബി ഡി കെ ഇത്തരമൊരു ബോധവൽക്കരണ പരിപാടിയുമായി മുന്നിട്ടിറങ്ങിയത് എന്ന് ബി ഡി കെ മലപ്പുറം ജില്ല ഭാരവാഹികൾ അറിയിച്ചു.