നിയമസഭാ തെരെഞ്ഞെടുപ്പ് :ജില്ലയിലെ കണ്‍ട്രോള്‍ റൂം സജ്ജം
നിയമസഭാതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി മലപ്പുറം ജില്ലാപഞ്ചായത്ത് കാര്യാലയത്തില്‍ കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചു. പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ കണ്‍ട്രോള്‍ റൂം സന്ദര്‍ശിച്ചു. സി-വിജില്‍, വെബ്കാസ്റ്റിംഗ്, കൂടാതെ എന്‍ക്വയറി, ഹെല്‍പ് ഡെസ്‌ക്, പരാതിപരിഹാര കണ്‍ട്രോള്‍ റൂം എന്നിവയടങ്ങുന്ന ജനറല്‍ കണ്‍ട്രോള്‍ റൂമാണ് സജ്ജീകരിച്ചിരിക്കുന്നത്. ഓരോ കണ്‍ട്രോള്‍ റൂമിനും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് ടീമുകളെയാണ് നിയമിച്ചിട്ടുള്ളത്. പൊതുജനങ്ങളില്‍ നിന്നും പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് വരുന്ന പരാതികള്‍ സ്വീകരിക്കുന്നതിനാണ് സി-വിജില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്. സി-വിജില്‍ പോര്‍ട്ടലിലൂടെ ലഭിക്കുന്ന പരാതികള്‍ കണ്‍ട്രോള്‍ റൂമില്‍ നിന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയമിതരായ വിവിധ സ്‌ക്വാഡുകള്‍ക്ക് കൈമാറും. ഈ സ്‌ക്വാഡുകളാണ് പരാതികള്‍ പരിഹരിക്കുന്നത്. ഇതുവരെ 43 പരാതികളാണ് ലഭിച്ചത്. ഇതില്‍ 41 പരാതികള്‍ പരിഹരിച്ചു. പൊതുജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ സംസ്ഥാനതല ടോള്‍ഫ്രീ നമ്പറായ 1950ലും കൂടാതെ മലപ്പുറം ജില്ലാ കണ്‍ട്രോള്‍ റൂമിലെ 0483-2735400 എന്ന നമ്പറിലും അറിയിക്കാം. ജില്ലാ പഞ്ചായത്ത് സെക്രട്ടറിയെയാണ് കണ്‍ട്രോള്‍ റൂമിന്റെ ജില്ലാതല നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തിയിരിക്കുന്നത്.