KERALA


പ്രശസ്ത ആയുർവേദ ഡോക്ടർ ഹുറൈർ കുട്ടി കൂടല്ലൂർ അന്തരിച്ചു

കൂടല്ലൂർ : പ്രശസ്ത ആയുർവേദ ഡോക്ടർ പി കെ കെ ഹുറൈർ കുട്ടി (67) കൂടല്ലൂർ നിര്യാതനായി. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.
വൈദ്യര്‍ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ഉമ്മ തിത്തീമു ഉമ്മയില്‍ നിന്നാണ് ഡോ.ഹുറൈര്‍ കുട്ടി ചികിത്സയുടെ ബാലപാഠങ്ങള്‍ പഠിച്ചത്. ഉമ്മയെ നാട്ടുകാര്‍ വൈദ്യരുമ്മ എന്നാണ് വിളിച്ചിരുന്നത്. അറിവിന്റെ സര്‍വകലാശാലയായ ഉമ്മ ഏതു സംശയങ്ങള്‍ക്കും മറുപടി കൊടുക്കുമായിരുന്നുവെന്ന് ഡോക്ടര്‍ പറയുന്നു. 

പത്തു വയസ്സുള്ളപ്പോള്‍ ഉമ്മയുടെ അടുത്തുവരുന്ന രോഗികള്‍ക്ക് മരുന്നു കുറിപ്പുകള്‍ എഴുതിക്കൊടുത്തിരുന്നതും ഹുറൈര്‍ കുട്ടിയായിരുന്നു. ഉമ്മ ജീവിച്ചിരുന്ന കാലത്ത് ചികിത്സയുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാന്‍ പ്രയാസമുള്ള ഘട്ടങ്ങളില്‍ ഇരുവരും ചര്‍ച്ചചെയ്താണ് പരിഹരിച്ചിരുന്നത്. അപ്പോഴൊക്കെ ഉമ്മയുടെ സ്വന്തം മരുന്നു കൂട്ടുകള്‍ രോഗികള്‍ക്ക് തെല്ലൊന്നുമല്ല ആശ്വാസമാകുന്നത്.

ഉമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ആയുര്‍വേദ ഡോക്ടറാകാന്‍  തീരുമാനിച്ചത്. 1983 ലാണ് ഡോക്ടര്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ മെഡിക്കല്‍ ഓഫീസറായി പ്രവേശിച്ചത്.

 നീണ്ടകാലത്തെ സേവനങ്ങള്‍ക്കൊടുവില്‍ 2010ൽ സര്‍വ്വീസില്‍ നിന്ന് വിരമിച്ചപ്പോള്‍ ഉമ്മയുടെ പേരില്‍ തിത്തീമുഉമ്മ മെമ്മോറിയല്‍ ആയുര്‍വ്വേദ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ കൂടല്ലുരില്‍ ആരംഭിച്ചു. പഴയ തറവാടുവീടിനോട് രൂപസാദൃശ്യമുള്ള ആശുപത്രി. 

ഇവിടെ ചികിത്സയ്ക്കെത്തുന്ന രോഗികള്‍ക്ക് അഡ്മിറ്റ് ആവശ്യമെങ്കില്‍ അദ്ദേഹം നിര്‍ദ്ദേശിക്കും. സ്വന്തം മരുന്നുകൂട്ടുകളും പഥ്യവുമൊക്കെ നല്‍കിയുള്ള ചികിത്സയിലൂടെ രോഗം പൂര്‍ണ്ണമായും മാറ്റിയിട്ടേ ഡോക്ടര്‍ക്ക് വിശ്രമമുള്ളൂ. സ്വദേശികളും വിദേശികളും ചികിത്സക്കായി ഇവിടെ എത്താറുണ്ട്.

കൂടല്ലൂർ എജെബി സ്കൂൾ, മലമക്കാവ് യുപി സ്കൂൾ, തൃത്താല ഹൈസ്കൂൾ, കോട്ടക്കൽ ആയുർവേദ കോളേജ് എന്നിവിടങ്ങളിലാണ് വിദ്യഭ്യാസം. മലപ്പുറം, പാലക്കാട്‌, തൃശൂർ ജില്ലകളിലെ വിവിധ ആശുപത്രികളിൽ അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: മൈമൂന മക്കൾ ഡോ. ഷിയാസ്, ഡോ. നിയാസ്, നിഷിത. മരുമകൻ: ഫിറോസ്. ഖബറടക്കം ഇന്ന് രാത്രി 8.30ന് കൂടല്ലൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button