India

തെരഞ്ഞെടുപ്പ് അട്ടിമറിശ്രമം ജനാധിപത്യത്തോടും ഭരണഘടനയോടുമുള്ള വെല്ലുവിളി – മന്ത്രി കെ രാജന്‍

79-ാം സ്വാതന്ത്ര്യ ദിനം ജില്ലയിൽ സമുചിതമായി ആഘോഷിച്ചു

മലപ്പുറം: രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനവും വോട്ടർ പട്ടികയും അട്ടിമറിക്കാൻ ശ്രമിക്കുന്നത് ജനാധിപത്യത്തോടും ഭരണഘടനയോടുമുള്ള വെല്ലുവിളിയാണെന്ന്
റവന്യൂ – ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍. 79-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ടിൽ ദേശീയപതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

ഇന്ത്യ മറ്റു ലോകരാഷ്ട്രങ്ങള്‍ക്ക് മാതൃകയാകുന്നത് ജനാധിപത്യ സംവിധാനത്തിന്റെ ശക്തമായ അടിത്തറയിലാണ്. ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സംവിധാനം സുതാര്യവും കുറ്റമറ്റതും നീതിപൂര്‍വ്വകവുമായിരിക്കണമെന്നത് ഭരണഘടനയില്‍ അനുശാസിക്കുന്നുണ്ട്. ജനാധിപത്യത്തെ ശാക്തീകരിക്കുന്ന മഹത്തായ പ്രക്രിയയാണത്. എന്നാല്‍, വോട്ടര്‍പട്ടികയില്‍ തന്നെ അട്ടിമറികള്‍ നടത്താനും വ്യാജ തിരിച്ചറിയില്‍ രേഖകള്‍ ചമച്ച് തെരഞ്ഞെടുപ്പ് പ്രക്രിയയെ വികലമാക്കാനും ശ്രമിക്കുന്നവര്‍ ആത്യന്തികമായി വെല്ലുവിളിക്കുന്നത് ഇന്ത്യന്‍ ജനാധിപത്യത്തെയും മഹത്തായ ഭരണഘടനയെയും പവിത്രമായ ദേശീയതയെയുമാണ്. ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ഭരണഘടനയെ അട്ടിമറിക്കാമെന്നും തെരഞ്ഞെടുപ്പ് സംവിധാനത്തെ തന്നെ അട്ടമറിക്കാമെന്നുമുള്ള വ്യാമോഹം ഇന്ത്യയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും ഒട്ടും സ്വീകാര്യമല്ലെന്നും അത് അനുവദിച്ചുകൊടുക്കാനും കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

വിഭജനത്തിന്റെ ഇരുണ്ട രാത്രികളെക്കുറിച്ചല്ല, സ്വാതന്ത്ര്യത്തിന്റെ ഉജ്ജ്വല പ്രഭാതങ്ങളെയാണ് നാം സ്വപ്‌നം കാണേണ്ടത്. ആവേശകരമായ ആ പ്രഭാതങ്ങളിലേക്കാണ് നാം ഉണരേണ്ടത്. 1947-ല്‍ ഇന്ത്യയും പാക്കിസ്ഥാനുമായി നമ്മുടെ രാജ്യം വിഭജിക്കപ്പെട്ടത് ചരിത്രത്തിന്റെ ഏറ്റവും വേദനാജകമായ ഒരു സംഭവമാണ്. ദൗര്‍ഭാഗ്യകരമായ വിഭജനത്തിന്റെ ഇരുണ്ട രാത്രിയില്‍, ചോരയും കണ്ണീരും വിയര്‍പ്പും വീണ മണ്ണില്‍, നവഖാലിയുടെ തെരുവുകളില്‍ നഗ്നപാദനായി ശാന്തിസന്ദേശവുമായി നടന്നുപോയ ഗാന്ധിജി ഊന്നിപ്പറഞ്ഞത് വിഭജനഭീതിയെക്കുറിച്ചല്ല. ഒന്നും മാറ്റിവെക്കേണ്ടതായിട്ടില്ല എന്നും വീണ്ടും നാം വൈരുദ്ധ്യങ്ങളെക്കുറിച്ചല്ല, വൈവിധ്യങ്ങളിലും വൈജാത്യങ്ങളിലും സൂക്ഷിക്കേണ്ട ഏകത്വത്തെയും സഹിഷ്ണുതയെയും സാഹോദര്യത്തെയും കുറിച്ചാണ് സംസാരിക്കേണ്ടത് എന്നുമാണ്. ആ ശാന്തിമന്ത്രം എല്ലാക്കാലത്തേക്കും വേണ്ടിയുള്ളതാണെന്ന് മന്ത്രി ഓർമിപ്പിച്ചു.

ഭാഷകളുടെ വൈവിധ്യമാണ് ഇന്ത്യയുടെ സൗന്ദര്യത്തിന്റെ പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന്.
ഇന്ത്യ ഇന്ത്യയായി നിലകൊള്ളുന്നത് വിവിധ ഭാഷകളുടെയും സംസ്‌കാരങ്ങളുടെയും ജീവിതരീതികളുടെയും സമ്പന്നതയിലാണ്. സഹിഷ്ണുതയും പരസ്പരാശ്രിതത്വവും നമ്മുടെ പ്രത്യേകതകളാണ്. ഭാഷകളെ ഇല്ലാതാക്കുക എന്നാല്‍, ആ ഭാഷ ഏതു സംസ്‌കാരത്തെയാണോ പ്രതിഫലിപ്പിക്കുന്നത് ആ സംസ്‌കാരത്തെ ഉന്മൂലനം ചെയ്യുക എന്നാണര്‍ത്ഥം. അതുകൊണ്ടുതന്നെ എല്ലാ ഇന്ത്യന്‍ ഭാഷകളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. കേവലം ആശയവിനിമയത്തിനുള്ള മാധ്യമം എന്ന നിലയില്‍ മാത്രമല്ല ഭാഷകളുടെ പ്രസക്തി. അവ നമ്മുടെ ജീവിതത്തിന്റെ നിലനില്‍പ്പിന് ആധാരമായ അടയാളങ്ങളാണ്.

ദേശീയത എന്നത് ചിലര്‍ക്കെങ്കിലും അത് മതബദ്ധമായ ഒരു ഭൂപ്രദേശത്തെ പ്രതിനിധാനം ചെയ്യുന്നുവെന്ന അപകടകരമായ സ്ഥിതി നിലനില്‍ക്കുന്നു. നമ്മെ സംബന്ധിച്ചിടത്തോളം ദേശീയത നൂറ്റാണ്ടുകളായി നാം തേച്ചുമിനുക്കിയെടുത്ത നമ്മുടെ തന്നെ അസ്ഥിത്വമാണ്, ഇന്ത്യയെന്ന അസ്ഥിത്വമാണത്. ആ അസ്ഥിത്വത്തിന്റെ കാതല്‍ എല്ലാവരെയും ഉള്‍ക്കൊള്ളുക എന്നതാണ്. മതമുള്ളവരെയും മതമില്ലാത്തവരെയും നിറമുള്ളവരെയും ഇല്ലാത്തവരെയും ദരിദ്രരെയും സമ്പന്നരെയും എല്ലാം വിവേചനങ്ങള്‍ക്കതീതമായി ഉള്‍ക്കൊള്ളുന്നതിനുള്ള വിശാലതയാണ് നമുക്ക് ദേശീയത. സങ്കുചിതവും പ്രാകൃതവുമായ ചില കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് ദേശീയതയെ നിര്‍വ്വചിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍, അവര്‍ ആത്യന്തികമായി ചെയ്യുന്നത് ദേശദ്രോഹമാണെന്നും മന്ത്രി പറഞ്ഞു.

ഇരുകൈകളും നീട്ടി മക്കളെ വാരിപ്പുണരാന്‍ വെമ്പല്‍കൊള്ളുന്ന ഒരു അമ്മയാണ് ഇന്ത്യയെങ്കില്‍, ആ അമ്മയ്ക്ക് ഒരുകാരണവശാലും പൊറുക്കാന്‍ കഴിയാത്ത ഒന്നാണ് ദേശീയതയെ തീരെ ചെറിയ കളങ്ങളിലേക്ക് ചുരുക്കുന്നത്. ഏതെങ്കിലും ഒരു വിഭാഗത്തെയോ ഏതാനും വിഭാഗങ്ങളെയോ ആ കളങ്ങള്‍ക്ക് പുറത്തുനിര്‍ത്തുന്നത് ദേശീയതയേ അല്ല, ദേശദ്രോഹമാണ്.

ഭരണഘടനയുടെ ആമുഖത്തില്‍നിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകള്‍ നീക്കംചെയ്യണമെന്ന ചിലയാളുകളുടെ ആവശ്യം ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദര്‍ശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്. ഇന്ത്യയുടെ മഹത്തായ കൊളോണിയല്‍ വിരുദ്ധ സ്വാതന്ത്ര്യ സമരത്തിന്റെ ആദര്‍ശങ്ങളും അഭിലാഷങ്ങളും ഉള്‍ക്കൊള്ളുന്നതാണ് നമ്മുടെ ഭരണഘടന. സ്വാതന്ത്ര്യം നേടിയെടുക്കാന്‍ ഒന്നിച്ചു പോരാടിയ വിവിധ പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളെ അത് പ്രതിഫലിപ്പിക്കുന്നു. അടിസ്ഥാന തത്വങ്ങളായ സോഷ്യലിസവും മതനിരപേക്ഷതയും ആമുഖത്തില്‍ മാത്രമല്ല, ഭരണഘടനയിലുടനീളം ഇഴചേര്‍ക്കപ്പെട്ടതാണ്. സോഷ്യലിസത്തിന്റെയും മതനിരപേക്ഷതയുടെയും സത്ത ഈ അടിസ്ഥാന മൂല്യങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമത്തിനെതിരെ വഴികാട്ടിയായി തുടരും. ഏതു മതവിശ്വാസികള്‍ക്കും മതരഹിതരായി ജീവിക്കുന്നവര്‍ക്കും ഇന്ത്യയില്‍ സ്വതന്ത്രമായി ജീവിക്കുന്നതിനും സഞ്ചരിക്കുന്നതിനും മതനിരപേക്ഷത എന്ന ഉറപ്പ് അനിവാര്യമാണ്. ആ ഉറപ്പ് ഇല്ലാതായാല്‍, മതത്തിന്റെ പേരിലുള്ള ആള്‍ക്കൂട്ട വിചാരണകളും ആക്രമണങ്ങളും ക്രൂരമായ നരഹത്യകളും വര്‍ദ്ധിക്കുന്നതിന് ഇടയാകും. അങ്ങനെയൊന്ന് സംഭവിക്കാതിരിക്കാന്‍, ഭരണഘടനയുടെ അന്തസത്തയെ സംരക്ഷിച്ചേ മതിയാകൂ.

ചില പ്രത്യേക താത്പര്യങ്ങള്‍ കടന്നുവരികയും ഫെഡറലിസത്തിന്റെ കാതലിന് ക്ഷയം സംഭവിക്കുകയും ചെയ്യുന്നത് ദൗര്‍ഭാഗ്യകരമാണ്. തുടര്‍ച്ചയായി അവഗണന നേരിടുന്ന ഒരു ഭൂപ്രദേശമായി കേരളം മാറുന്നത് ഫെഡറലിസത്തിന്റെ പരാജയത്തെയാണ് കാണിക്കുന്നത്. ദുരന്തമുഖത്തുപോലും കേരളത്തോട് തികഞ്ഞ അവഗണന കാണിക്കുന്നത് നമ്മെ സംബന്ധിച്ചിടത്തോളം താങ്ങാനാകാത്ത കാര്യമാണ്. ചൂരല്‍മലയിലെ ദുരന്തബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളണമെന്ന ആവശ്യംപോലും അംഗീകരിക്കപ്പെട്ടില്ല. 2005ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയ നിയമത്തിലെ സെക്ഷന്‍ 13 പ്രകാരം ദുരന്തഭൂമിയിലെ ജനങ്ങളുടെ കടങ്ങള്‍ എഴുതിത്തള്ളാനുള്ള തീരുമാനം. എന്നാല്‍, ആ നിയമത്തെ ഭേദഗതി ചെയ്യാനുള്ള നീക്കം ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും റവന്യം മന്ത്രി സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ പറഞ്ഞു.

സിവില്‍ സ്റ്റേഷനിലെ യുദ്ധ സ്മാരകത്തില്‍ മന്ത്രി കെ. രാജന്‍ പുഷ്പചക്രം അര്‍പ്പിച്ച ശേഷമാണ് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് എം.എസ്.പി പരേഡ് ഗ്രൗണ്ടിലെത്തിയ മന്ത്രി പരേഡിൻ്റെ അഭിവാദ്യം സ്വീകരിച്ചു.
എപിഎച്ച് ന്യൂസ്

പൊലീസ്, എക്‌സൈസ്, ഫോറസ്റ്റ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യു, എന്‍.സി.സി, എസ്.പി.സി, സകൗട്ട്, ഗൈഡ്‌സ്, ജൂനിയര്‍ റെഡ്‌ക്രോസ്സ് എന്നീ വിഭാഗങ്ങളിലായി 37 പ്ലറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു. എം.എസ്.പി അസി. കമാന്‍ഡന്റ് പി. ബാബു പരേഡ് കമാന്‍ഡറായി.എം എസ് പി സായുധ സേനാ വിഭാഗം ഇന്‍സ്‌പെക്ടര്‍ രജിത് കുമാർ സെക്കന്റ് ഇന്‍ കമാന്‍ഡായിരുന്നു. ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ്, ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥ് എന്നിവരും പരേഡിനെ അഭിവാദ്യം ചെയ്തു.

കനത്ത മഴയെ അവഗണിച്ചു നടന്ന പരേഡ് വീക്ഷിക്കാനും ധാരാളം ആളുകൾ എത്തിയിരുന്നു. ചടങ്ങിൽ എം എൽ എ മാരായ പി.ഉബൈദുള്ള, ടി.വി. ഇബ്രാഹിം, മുൻസിപ്പൽ ചെയർമാൻ മുജീബ് കാടേരി തുടങ്ങിയവർ സംബന്ധിച്ചു.

പരേഡിന് മുന്നോടിയായി നഗരസഭാ പരിധിയിലെ വിദ്യാലയങ്ങളില്‍ നിന്നുള്ള കുട്ടികള്‍ പങ്കെടുത്ത പ്രഭാതഭേരിയും നടന്നു. മലപ്പുറം സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്നും ആരംഭിച്ച് എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ സമാപിച്ചു. പ്രഭാത ഭേരിയില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ സ്‌കൂളായി മലപ്പുറം സെന്റ് ജമ്മാസ് ഹയര്‍സെക്കന്ററി സ്കൂളിനെ തിരഞ്ഞെടുത്തു. പ്രഭാതഭേരിയില്‍ യു.പി വിഭാഗത്തില്‍ എ.യു.പി.എസ് മലപ്പുറം, എ.എം.യു.പി.എസ് മുണ്ടുപറമ്പ് എന്നീ സ്‌കൂളുകള്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ഹൈസ്‌കൂള്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ വിദ്യാനഗർ പബ്ലിക് സ്കൂൾ മലപ്പുറം, മലപ്പുറം എം.എസ്.പി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ എന്നിവ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ഹൈസ്‌കൂള്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സെന്റ് ജമ്മാസ് ഗേള്‍സ് എച്ച്.എസ്.എസ് മലപ്പുറം ഒന്നാം സ്ഥാനവും മലപ്പുറം ഗവ. ഗേള്‍സ് എച്ച്.എസ്.എസ്. രണ്ടാം സ്ഥാനവും നേടി. ബാന്റ് ഡിസ്‌പ്ലേയില്‍ മലപ്പുറം സെന്റ് ജമ്മാസ് ഗേള്‍സ് എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും മലപ്പുറം ഗവ. ഗേള്‍സ് എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും നേടി.

മാര്‍ച്ച് പാസ്റ്റില്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയവരെ ചുവടെ കൊടുക്കുന്നു.

സായുധ സേനാ വിഭാഗം: മലബാര്‍ സ്പെഷ്യല്‍ പൊലീസ്, വനിതാ വിഭാഗം പൊലീസ് പ്ലാറ്റൂണ്‍ (ഡി.എച്ച്.ക്യു).

നിരായുധ സേനാ വിഭാഗം: ഫയര്‍ ആന്റ് റെസ്ക്യു, വനം വകുപ്പ്.

സീനിയര്‍ എന്‍.സി.സി വിഭാഗം: ഗവൺമെന്റ് കോളെജ് മലപ്പുറം, പി.എസ്.എം.ഒ കോളേജ് തിരൂരങ്ങാടി

ജൂനിയര്‍ എന്‍.സി.സി (ബോയ്സ്) വിഭാഗം:
ജി ബി എച്ച് എസ് എസ് മലപ്പുറം,
എം എസ് പി എച്ച് എസ് എസ് മലപ്പുറം

ജൂനിയര്‍ എന്‍.സി.സി (ഗേള്‍സ്) വിഭാഗം: എം.എസ്.പി.എച്ച്.എസ്.എസ് മലപ്പുറം

എസ്.പി.സി ബോയ്‌സ്: എം.എസ്.പി.ഇ എം എച്ച്.എസ്.എസ് മലപ്പുറം,
എം.എസ്.പി എച്ച്.എസ്.എസ് മലപ്പുറം.

എസ് പി സി ഗേൾസ് വിഭാഗം:

ജി വി എച്ച് എസ് എസ് മങ്കട
എം എസ് പി എച്ച് എസ് എസ് മലപ്പുറം

സീനിയർ സ്കൗട്ട്സ് ബോയ്സ് വിഭാഗം:

എച്ച് എം വൈ എച്ച് എസ് എസ് മഞ്ചേരി
എം എം ഇ ടി എച്ച് എസ് എസ് മേൽമുറി

ജൂനിയർ സ്കൗട്ട്സ് ബോയ്സ് വിഭാഗം:

എ യു പി എസ് മലപ്പുറം
എ എം യു പി എസ് മുണ്ടുപറമ്പ്

സീനിയർ ഗൈഡ്സ് വിഭാഗം:

എം എസ് പി ഇ എം എച്ച് എസ് എസ് മലപ്പുറം
സെന്റ് ജെമ്മാസ് ജി എച്ച് എസ് എസ് മലപ്പുറം

ജൂനിയർ ഗൈഡ്സ് വിഭാഗം:
എ യു പി എസ് മലപ്പുറം
എ എം യു പി സ് മുണ്ടുപറമ്പ്

ജൂനിയർ റെഡ്ക്രോസ് വിഭാഗം ബോയ്സ്:

എം എസ് പി ഇ എം എച്ച് എസ് എസ് മലപ്പുറം
എം എസ് പി എച്ച് എസ് എസ് മലപ്പുറം

ജൂനിയർ റെഡ് ക്രോസ് ഗേൾസ് വിഭാഗം:

സെന്റ് ജെമ്മാസ് ജി എച്ച് എസ് എസ് മലപ്പുറം
ജി വി എച്ച് എസ് എസ് നെല്ലിക്കുന്ന്

പരേഡിൽ ബാൻഡ് നയിച്ച സെന്റ് ജെമ്മാസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിനും നിലമ്പൂർ ഐ ജി എം എം ആർ സ്കൂളിനും മന്ത്രി പ്രത്യേക ഉപഹാരം നൽകി.

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വ്യാപാര സ്ഥാപനങ്ങൾ അലങ്കരിച്ചതിനുള്ള ഒന്നും രണ്ടും സമ്മാനങ്ങൾ തിരൂർ റോഡിലെ വൈറ്റ് ക്രോക്കറീസ്, മലപ്പുറം അണിയറ ഫാൻസി എന്നിവ നേടി.


   

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button