തീവണ്ടിയിറങ്ങി പാളം മുറിച്ചുകടക്കുന്നതിനിടെ മറ്റൊരു തീവണ്ടിയിടിച്ചു; ബി-ടെക് വിദ്യാർഥിനിക്ക് ദാരുണാന്ത്യം..!

കടലുണ്ടിയിൽ വിദ്യാർത്ഥിനി ട്രെയിൻ അപകടത്തിൽ മരണപ്പെട്ടു. തീവണ്ടിയിറങ്ങി റെയിൽവേ പാളം മുറിച്ചുകടക്കുന്നതിനിടെ മറ്റൊരു തീവണ്ടിയിടിച്ച് ബി-ടെക് വിദ്യാർഥിനിയായ വള്ളിക്കുന്ന് നോർത്ത് ഒഴുകിൽ തട്ടയൂർ ഇല്ലത്ത് ‘ശ്രേയസ്സ്’ വീട്ടിൽ രാജേഷിന്റെ മകൾ സൂര്യാ രാജേഷ് (21) ആണ് മരിച്ചത്.
ഇന്നലെ രാത്രിയാണ് ദാരുണമായ സംഭവം നടന്നത്. പാലക്കാടുനിന്ന് തീവണ്ടി കയറി കടലുണ്ടി റെയിൽവേ സ്റ്റേഷനിലിറങ്ങിയ സൂര്യ, പാളം മുറിച്ചുകടക്കുന്നതിനിടെ മംഗലാപുരത്തുനിന്ന് ചെന്നൈയിലേക്ക് പോകുന്ന ചെന്നൈ എക്സ്പ്രസ് ഇടിക്കുകയായിരുന്നു.
ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാലക്കാട് വാവന്നൂർ ശ്രീപതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജിയിലെ ബിടെക് വിദ്യാർഥിനിയാണ് സൂര്യാ രാജേഷ്. മണ്ണൂർ സി.എം.എച്ച്. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയായ എൻ. പ്രതിഭയാണ് അമ്മ. രാമനാട്ടുകര സേവാമന്ദിരം പോസ്റ്റ് ബേസിക് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയായ ആദിത്യ രാജേഷ് സഹോദരനാണ്.
