കർഷകർക്ക് നെഞ്ചിടിപ്പ് ‘ചാലിശേരി പെരുമണ്ണൂർ പാടശേഖരത്ത് 1000 ചാക്ക് നെല്ല് കെട്ടിക്കിടക്കുന്നു
ചാലിശ്ശേരി:വിയർപ്പൊഴുക്കി വിളയിച്ചെടുത്ത നെല്ല് സംഭരിക്കപ്പെടാതെ പാടത്തും വീടുകളിലും കെട്ടിക്കിടക്കുമ്പോൾ പെരുമണ്ണൂർ പാടശേഖരത്തിലെ കർഷകർ ആശങ്കയിൽ.വിളവെടുപ്പ് കഴിഞ്ഞ് ഒന്നര മാസമായിട്ടും നെല്ല് സംഭരണം ആരംഭിക്കാത്തതോടെ ആയിരത്തിലധികം ചാക്ക് നെല്ലാണ് പാടത്തും വീടുകളിലുമായി കെട്ടിക്കിടക്കുന്നത്.സംഭരണത്തിനായി ടോക്കൺ ലഭിച്ച് ഒരു മാസം കഴിഞ്ഞിട്ടും മില്ലുകാർ നെല്ല് എടുക്കാൻ എത്തിയില്ലെന്ന് പാടശേഖര സമിതി ഭാരവാഹികൾ പറഞ്ഞു.മുൻവർഷങ്ങളിൽ ഇത്തരം താമസങ്ങൾ ഉണ്ടായിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.വീട്ടിൽ സൂക്ഷിക്കാൻ സൗകര്യമില്ലാത്ത കർഷകരായ അശോകൻ ,ചക്കൻ, പ്രമോദ് എന്നിവരുടെ ഏകദേശം 200 ചാക്ക് നെല്ല് ഇപ്പോഴും പാടത്ത് തന്നെയാണ് കെട്ടിക്കിടക്കുന്നത്.അതേ സമയം മഴയും കാട്ടുപന്നി ശല്യവും മൂലം നെല്ല് നശിക്കുമോയെന്ന ഭീതിയിലാണ് കർഷകർ. കഴിഞ്ഞ മാസം 23ന് പെയ്ത ശക്തമായ മഴയിൽ ഏറെ പ്രയാസപ്പെട്ടാണ് കർഷകനായ ഗോപി 170 ചാക്ക് നെല്ല് പാടത്തിൽ നിന്ന് മുകളിലേക്ക് മാറ്റിവെച്ചത്.വിൽപ്പനയ്ക്കായി കാത്തിരിക്കുന്ന നെല്ല് ചാക്കുകളിലാക്കി കർഷകർ ടാർപായകൾ പോലും വാടകയ്ക്ക് എടുത്ത് നെല്ല്സൂക്ഷിച്ചിരിക്കുകയാണ്. വർഷം മുഴുവൻ കഷ്ടപ്പെട്ട് വിളയിച്ച നെല്ല് കണ്ണിന് മുമ്പിൽ നശിച്ചുപോകുമോ എന്ന ഭയമാണെന്ന് കർഷകൻ ഗോപി മoത്തിൽപ്പടിപറഞ്ഞു.ശനിയാഴ്ച വിഷയത്തിൽ ഇടപെട്ട വാർഡ് മെമ്പർ കാസീം മറ്റ് അധികൃതരുമായി ചേർന്ന് ജില്ലാ കലക്ടറെയും സപ്ലൈകോ അധികൃതരെയും ബന്ധപ്പെട്ടതായി അറിയിച്ചു. നെല്ല് സംഭരണം വൈകുന്നതിനെക്കുറിച്ച് അറിവില്ലെന്നാണ് പി.എം.ഒ ഓഫിസിൽ നിന്ന് ലഭിച്ച മറുപടി.അധികം വൈകാതെ നെല്ല് സംഭരണം നടത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.ഇതിനിടെ പാടശേഖര സമിതി ഭാരവാഹികൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് പരാതിയും നൽകിയിട്ടുണ്ട്.കാലവർഷം എത്തുന്നതിന് മുമ്പ് തന്നെ നെല്ല് സംഭരണം നടത്തി കർഷകരെ ആശ്വാസപ്പെടുത്തണമെന്നാണ് അവരുടെ ആവശ്യം.അതേസമയം പഞ്ചായത്ത് കേന്ദ്രീകരിച്ച് വിത്ത് ഉൽപ്പാദനവും സംഭരണശാലകളും അരിമില്ലുകളും സ്ഥാപിക്കാനുള്ള സാധ്യതകൾ പരിശോധിക്കേണ്ടതാണെന്ന് പെരുമണ്ണൂർ പാടശേഖര സമിതി പ്രസിഡന്റ് കെ.എസ്. രാജേന്ദ്രൻ അഭിപ്രായപ്പെട്ടു.