കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക്; വോട്ടിംഗ് ആരംഭിച്ചു
കൊച്ചി: കേരളത്തിലെ 17-ാം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് ആരംഭിച്ചു. 140 മണ്ഡലങ്ങളിലായി 882 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. മൂന്നാം തവണയും ഭരണം നേടാനായി എല്‍ഡിഎഫും പത്ത് വര്‍ഷത്തിന് ശേഷം അധികാരക്കസേരയില്‍ എത്താന്‍ യുഡിഎഫും കിണഞ്ഞ് പരിശ്രമിക്കുന്ന തെരഞ്ഞെടുപ്പാണിത്. നിര്‍ണായക ശക്തിയാകാന്‍ കച്ചകെട്ടി എന്‍ഡിഎയെയും രംഗത്തുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച അവസാന വോട്ടര്‍ പട്ടിക പ്രകാരം കേരളത്തിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 2,71,42,952 ആണ്. ഇതില്‍ 1,32,20,811 പേര്‍ പുരുഷന്മാരും 1,39,21,868 പേര്‍ സ്ത്രീകളുമാണ്. 273 പേര്‍ ട്രാൻസ് ജെൻഡർ വ്യക്തികളുമാണ്.
രാവിലെ ഏഴു മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചു. ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര. സ്ഥാനാര്‍ഥികള്‍ അടക്കമുളള പ്രമുഖര്‍ ബൂത്തിലെത്തി. സംസ്ഥാനം അടുത്ത അഞ്ചുവര്‍ഷം ആരു ഭരിക്കണമെന്നതിനൊപ്പം പ്രധാന മുന്നണികളുടെയും നേതാക്കളുടെയും രാഷ്ട്രീയ ഭാവി കൂടി തീരുമാനിക്കപ്പെടുന്ന നിര്‍ണായക വിധിയെഴുത്താണ് ഇന്നു നടക്കുന്നത്.