കുന്നംകുളം കസ്റ്റഡി മര്‍ദനം: ‘സസ്പെൻഷനിൽ തൃപ്തനല്ല, പൊലീസുകാരെ പിരിച്ചുവിടുന്നതുവരെ സമരം തുടരും’; വി.എസ് സുജിത്ത്

കുന്നംകുളം പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മർദനത്തിൽ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതിൽ തൃപ്തനല്ലെന്ന് വി.എസ് സുജിത്ത്. തന്നെ മര്‍ദിച്ച പൊലീസുകാരെ പിരിച്ചുവിടുന്നതുവരെ സമരം തുടരുമെന്നും സുജിത്ത് പറഞ്ഞു. ഡ്രൈവറായിരുന്ന ഷുഹൈറടക്കം അഞ്ചുപേരെയും പിരിച്ചുവിടണമെന്നാണ് സുജിത്തിന്റെ ആവശ്യം. ഉദ്യോഗസ്ഥർക്ക് സർവീസിൽ തുടരാനുള്ള യോഗ്യതയില്ലെന്നും സുജിത്ത് പ്രതികരിച്ചു. പൊലീസ് സ്റ്റേഷനിലെ എല്ലാ ഭാഗങ്ങളിലും സിസിടിവി ഉണ്ടാകണമെന്ന സുപ്രിംകോടതിയിലെ കേസിൽ കക്ഷി ചേരുമെന്ന് സുജിത്ത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അഞ്ചാമത്തെ ഉദ്യോഗസ്ഥനെ കൂടി കേസിൽ ഉൾപ്പെടുത്താനുള്ള നിയമ നടപടി സ്വീകരിക്കുമെന്നും സുജിത്ത് പറഞ്ഞിരുന്നു. ശശീന്ദ്രൻ മർദിച്ചത് സ്റ്റേഷന്റെ മുകളിൽ വെച്ചായിരുന്നുവെന്നും അവിടെ സിസിടിവി ഇല്ലായിരുന്നുവെന്നും സുജിത്ത് പറഞ്ഞു. നാല് പൊലീസുകാർക്കെതിരെ മാത്രമാണ് നിലവിൽ നടപടി അടക്കമുള്ള നീക്കങ്ങൾ ഉണ്ടായിട്ടുള്ളത്. എന്നാൽ ഡ്രൈവർ ഷുഹൈറിനും പങ്കുള്ളതായി സുജിത്ത് ആരോപിച്ചിരുന്നു.
