കനയ്യകുമാറും ജിഗ്‌നേഷ് മേവാനിയും കോണ്‍ഗ്രസിലേക്ക്; അനുയായികള്‍ക്കൊപ്പം ചൊവ്വാഴ്ച പാര്‍ട്ടിയില്‍ ചേരും.
സിപി ഐ നേതാവ് കനയ്യകുമാറും ദലിത് നേതാവും രാഷ്ട്രീയ അധികാര്‍ മഞ്ച് എം.എല്‍.എ ജിഗ്നേ്ഷ് മേവാനിയും ചൊവ്വാഴ്ച കോണ്‍ഗ്രസ്സില്‍ ചേരും.ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ചാണ് ഇരുവരും കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇരുവരും കഴിഞ്ഞയാഴ്ച്ച ഇത് സംബന്ധിച്ച് രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. കോണ്‍ഗ്രസില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് രണ്ടുപേരും ഔദ്യോഗികമായി സിപിഐയെ അറിയിച്ചിരുന്നില്ല. കോണ്‍ഗ്രസ് നേതൃത്വവും ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രതികരണം ഇതുവരെ നല്‍കിയിട്ടില്ല.
കനയ്യകുമാര്‍ കോണ്‍ഗ്രസില്‍ എത്തിയാല്‍ യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. ജനങ്ങളെ സ്വാധീനിക്കുന്ന നേതാവ് എന്ന നിലയില്‍ കനയ്യ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
ഗുജറാത്തിലെ വാദ്ഗാം മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയാണ് ജിഗ്‌നേഷ് മേവാനി. രാഷ്ട്രീയ ദലിത് അധികാര്‍ മഞ്ച്(ആര്‍ഡിഎഎം) നേതാവുമാണ്. അദ്ദേഹത്തിന് ഗുജറാത്ത് സംസ്ഥാന ഘടകം വര്‍ക്കിങ് പ്രസിഡന്റ് പദവി നല്‍കുമെന്നാണ് വിവരം. ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥി നേതാവായിരിക്കെ ദേശീയതലത്തിലും പുറത്തും ഏറെ ശ്രദ്ധനേടിയ കനയ്യയ്ക്ക് ബിഹാറിലെ പാര്‍ട്ടി അടിത്തറ ശക്തിപ്പെടുത്താനുള്ള ചുമതലയായിരിക്കും നല്‍കുക. രാഹുല്‍ ഗാന്ധിക്കു പുറമെ പ്രിയങ്ക ഗാന്ധിയുമായും കഴിഞ്ഞ ദിവസങ്ങളില്‍ കനയ്യ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതില്‍ പാര്‍ട്ടിയിലെ ഭാരവാഹിത്വം സംബന്ധിച്ച കാര്യങ്ങളിലും തീരുമാനമായതായാണ് അറിയുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബെഗുസെരായ് മണ്ഡലത്തില്‍ മത്സരിച്ച് ദേശീയശ്രദ്ധ നേടിയിരുന്നു കനയ്യ.എന്നാല്‍, ബിജെപിയുടെ ഗിരിരാജ് സിങ്ങിനോട് നാലു ലക്ഷത്തിലേറെ വോട്ടിന് കനയ്യ പരാജയപ്പെട്ടിരുന്നു.