ആരോഗ്യമന്ത്രിയുടെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്; വാതിലിൽ റീത്ത് വെച്ച് പ്രതിഷേധം, വൻ സുരക്ഷാവീഴ്ച*
തിരുവനന്തപുരം: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടെ രോഗിയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം മറന്നുവെച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മിന്നൽ മാർച്ച് നടത്തി. പുലർച്ചെ എട്ടു മണിയോടെ സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിച്ച് മന്ത്രിമന്ദിരത്തിനുള്ളിലേക്ക് അതിക്രമിച്ചു കയറിയ പ്രവർത്തകർ വീടിന്റെ വാതിലിൽ റീത്ത് വെച്ചു.
പ്രതിഷേധം നടക്കുമ്പോൾ മൂന്ന് പോലീസുകാർ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. പ്രവർത്തകർ അകത്തുകയറി 15 മിനിറ്റിന് ശേഷമാണ് കൂടുതൽ പോലീസ് സംഘം എത്തിയത്. ഇത് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ സുരക്ഷാ വീഴ്ചയാണ്.
പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിക്കുന്നത് പ്രവർത്തകർ തടഞ്ഞതോടെ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
വണ്ടാനം മെഡിക്കൽ കോളേജിലെ ഗുരുതരമായ ചികിത്സാ പിഴവും അതിൽ ആരോഗ്യവകുപ്പ് സ്വീകരിക്കുന്ന നിലപാടുകളിലുമുള്ള പ്രതിഷേധമാണ് ഈ സമരത്തിലേക്ക് നയിച്ചത്. നീണ്ട നേരത്തെ സംഘർഷാവസ്ഥയ്ക്ക് ശേഷമാണ് പോലീസ് പ്രവർത്തകരെ സ്ഥലത്തുനിന്നും നീക്കം ചെയ്തത്.