സ്‌കൂള്‍, കോളെജ് വിദ്യാര്‍ത്ഥികളില്‍ സംരംഭകത്വ അഭിരുചി വളര്‍ത്തുന്നതിന് വ്യവസായ വകുപ്പ് പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുകയാണെന്ന് നിയമ-വ്യവസായ-കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് തൃത്താല മണ്ഡലത്തില്‍ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതി എന്‍ലൈറ്റിന്റെ ഭാഗമായി എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ സമ്പൂര്‍ണ എ പ്ലസ് നേടിയ തൃത്താലയിലെ സ്ഥിരതാമസക്കാരായ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. വ്യവസായ വകുപ്പ് സ്‌കൂളുകളില്‍ നടപ്പാക്കിയ ഇ.ഡി ക്ലബ്ബുകള്‍ക്ക് 20,000 രൂപ സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. പദ്ധതി എല്ലാ സ്‌കൂളുകളിലും നടപ്പാക്കും. സ്‌കൂളുകള്‍ക്ക് ഓണ്‍ലൈനായി പദ്ധതി നടത്തിപ്പിന് അപേക്ഷിക്കാം. കണ്ടുപിടുത്തങ്ങള്‍ക്ക് വ്യവസായിക സാധ്യത ഉണ്ടെങ്കില്‍ അവര്‍ക്ക് സഹായം നല്‍കുമെന്നും മന്ത്രി പറഞ്ഞു. കോളെജുകളില്‍ ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് സ്ഥാപിക്കുന്ന പുതിയ പദ്ധതി ആവിഷ്‌കരിക്കുകയാണ്. ഇവിടെ നടക്കുന്ന കണ്ടുപിടുത്തങ്ങള്‍ക്ക് വ്യവസായിക ഉത്പാദനത്തിലേക്ക് പോകണമെങ്കില്‍ അവിടെ മുന്‍ഗണന നല്‍കും. പഠിക്കുന്ന വിഷയത്തിലാണ് സംരംഭകത്വ പദ്ധതി എങ്കില്‍ ആ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ക്രെഡിറ്റ് നല്‍കും. എന്‍ലൈറ്റ് പദ്ധതിയുടെ പ്രവര്‍ത്തനം കൊണ്ട് അടുത്ത അധ്യയന വര്‍ഷം എല്ലാവരും ജയിക്കുന്ന മണ്ഡലമായി തൃത്താല മാറും. മണ്ഡലത്തിലെ 544 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ എ പ്ലസ് നേടി വിജയിച്ചപ്പോള്‍ വെറും 19 പേര്‍ മാത്രമാണ് പരാജയപ്പെട്ടത്. ഇത് വിദ്യാര്‍ത്ഥികളെ പരീക്ഷക്ക് മുന്‍പേ തന്നെ തയ്യാറാക്കുന്ന എന്‍ലൈറ്റ് പദ്ധതിയുടെ വിജയമാണെന്നും മന്ത്രി പറഞ്ഞു. മണ്ഡലത്തില്‍ എം.ബി രാജേഷ് രണ്ട് വര്‍ഷംകൊണ്ട് നടപ്പാക്കിയ 806.75 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ച പ്രോഗ്രസ് കാര്‍ഡ് മന്ത്രി പി. രാജീവ് പ്രകാശനം ചെയ്തു. കൂറ്റനാട് കെ.എം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ മണ്ഡലം എം.എല്‍.എയും തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രിയുമായ എം.ബി രാജേഷ് അധ്യക്ഷനായി. തൃത്താല സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ എന്‍ലൈറ്റ് വിജയികളെ മാത്രം കാണുന്നതല്ല പരാജിതരെയും ചേര്‍ത്തുപിടിക്കുന്നതാണെന്ന് തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. തൃത്താല മണ്ഡലത്തില്‍ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതി എന്‍ലൈറ്റിന്റെ ഭാഗമായി എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ സമ്പൂര്‍ണ എ പ്ലസ് നേടിയ തൃത്താലയിലെ സ്ഥിരതാമസക്കാരായ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്ന പരിപാടിയില്‍ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു മന്ത്രി. തോറ്റാല്‍ മോശക്കാരാവുന്നില്ല എന്ന ചിന്തയാണ് പദ്ധതിയെ നയിക്കുന്നത്. മണ്ഡലത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ പരാജിതരായവരെ ഒന്നിച്ച് ചേര്‍ത്ത് അവര്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ മന്ത്രി അനുസ്മരിച്ചു. പ്രദേശത്തെ അക്കാദമിക വിഷയങ്ങള്‍ക്ക് പുറമേ അനക്കാദമിക പ്രവര്‍ത്തനങ്ങളിലും ശ്രദ്ധയൂന്നിയാണ് എന്‍ലൈറ്റ് പ്രവര്‍ത്തിക്കുന്നത്. നൂറിലേറെ കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കിയത് ഇതിന്റെ ഭാഗമാണ്. അടുത്തവര്‍ഷം മണ്ഡലത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും നീന്തല്‍ പരിശീലനം നല്‍കും. പ്രദേശത്തെ വിദ്യാര്‍ത്ഥികളെ ദേശീയതലത്തില്‍ ഉള്‍പ്പെടെ മികച്ച നേട്ടങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. രണ്ട് വര്‍ഷംകൊണ്ട് മണ്ഡലത്തിലെ വിദ്യാഭ്യാസ വികസനത്തിനായി 43 കോടി രൂപയാണ് അനുവദിച്ചത്. മണ്ഡലത്തില്‍ സര്‍ക്കാര്‍ നഴ്‌സിങ് കോളെജിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കാവുന്ന നിലയിലാണെന്നും മന്ത്രി പറഞ്ഞു. പരിപാടിയുടെ ഭാഗമായി കൂറ്റനാട് സെന്ററില്‍നിന്ന് ഘോഷയാത്രയും നടന്നു. എന്‍ലൈറ്റ് സമഗ്ര വിദ്യാഭ്യാസ പദ്ധതി കണ്‍വീനര്‍ കെ.സി അലി ഇക്ബാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി റജീന, നാഗലശ്ശേരി, ചാലിശ്ശേരി, പട്ടിത്തറ, കപ്പൂര്‍, ആനക്കര, പരുതൂര്‍, തൃത്താല, തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി.വി ബാലചന്ദ്രന്‍, എ.വി സന്ധ്യ, പി. ബാലന്‍, ഷറഫുദ്ദീന്‍ കളത്തില്‍, കെ. മുഹമ്മദ്, എ.പി.എം സക്കറിയ, പി.കെ ജയ, ടി. സുഹറ, ത്രിതല പഞ്ചായത്തംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.