മഞ്ചേരി : തൃക്കലങ്ങോട് ആനക്കോട്ടുപുറത്ത് ജനവാസമേഖലയിൽ ഇറങ്ങി ആടുകളെ കടിച്ചുകൊന്ന് ഭീതി പരത്തിയ പുലി വനം വകുപ്പിന്റെ കൂട്ടിലായി. കർഷകനായ കുതിരാടം വള്ളിയേമ്മൽ നീരുട്ടിച്ചാലിൽ അബ്ദുൽ കരീം വളർത്തുന്ന ഏഴു ആടുകളെ വകവരുത്തിയ പുള്ളിപ്പുലിയെയാണ് വനം വകുപ്പ് അധികൃതർ മണിക്കൂറുകൾക്കകം കെണിവെച്ച് പിടിച്ചത്. ചൊവ്വാഴ്ച രാത്രി പന്ത്രണ്ടുമണിയോടെയാണ് കരീമിന്റെ വീടിനോടുചേർന്ന കൂട്ടിൽ കെട്ടിയിട്ട ആടുകളെ പുലി ആക്രമിച്ചത്. ആറു ആടുകളെ കഴുത്തിനു കടിച്ച് കൊല്ലുകയും ഒന്നിനെ കൂട്ടിനകത്തുവെച്ചുതന്നെ പുലി ഭാഗികമായി തിന്നുകയും ചെയ്തു.
ബുധനാഴ്ച രാവിലെ കരീം പരിചരണത്തിന് എത്തിയപ്പോഴാണ് കൂട്ടിൽ ആടുകൾ ചത്തുകിടക്കുന്നതായി കണ്ടത്. പുറത്ത് വന്യജീവിയുടെ കാൽപ്പാടുകളും കണ്ടു. തുടർന്ന് സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ആട്ടിൻകൂട്ടിലേക്ക് പുലി കയറിവരുന്ന ദൃശ്യങ്ങൾ ലഭിച്ചു. വിവരമറിഞ്ഞ് ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ പി. നാരായണന്റെ നേതൃത്വത്തിൽ വനപാലകരും വെറ്ററിനറി ഡോക്ടർമാരും വില്ലേജ് ഓഫീസർ നാരായണൻകുട്ടിയും സ്ഥലത്തെത്തി പരിശോധന നടത്തി. വിശദമായ പരിശോധനയിൽ ആടുകളെ കൊന്നത് പുലിയാണെന്ന് തെളിഞ്ഞു.
കൂട്ടിലായത് എട്ടുവയസ്സുള്ള ആൺപുലി
ജനവാസകേന്ദ്രത്തിലിറങ്ങിയ പുലിയെ എത്രയും വേഗം പിടികൂടി നാട്ടുകാരുടെ ഭീതിയകറ്റണമെന്ന് തൃക്കലങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് യു.കെ. മഞ്ജുഷ, വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹസ്‌കർ ആമയൂർ, ഗ്രാമപ്പഞ്ചായത്ത് മുൻ ഉപാധ്യക്ഷൻ ജയപ്രകാശ് ബാബു എന്നിവർ സംഭവസ്ഥലത്തെത്തി വനം വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് പുലിയെ പിടിക്കാൻ ഡി.എഫ്.ഒ. ഇൻചാർജ് മിഥുന്റെ നേതൃത്വത്തിൽ വൈകീട്ട് ആറുമണിയോടെയാണ് കൂട് സ്ഥാപിച്ചത്. കരീമിന്റെ ആട്ടിൻകൂട്ടിൽ ജീവനോടെ ബാക്കിയുള്ള ആടുകളെ മാറ്റി ഇവിടെയാണ് കൂട് സ്ഥാപിച്ചത്.
നേരത്തെ പാതി ഭക്ഷിച്ച ആടിന്റെ ജഡം ഇതിനുള്ളിൽ വെച്ചു. പ്രദേശത്ത് വനം വകുപ്പ് അധികൃതർ കാവൽനിന്നു. രാത്രി ഒൻപതുമണിയോടെ പുലി ഈ കെണിയിൽ അകപ്പെടുകയായിരുന്നു. പുലി പൂർണ ആരോഗ്യവാനാണെന്നാണ് പ്രാഥമിക നിഗമനം. പുലിയെ പരിശോധിച്ചശേഷം ഉൾവനത്തിൽ തുറന്നുവിടും. നിലമ്പൂർ അസി. ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. എസ്. ശ്യാം, വെറ്ററിനറി ഡോക്ടർ ടി.പി. റമീസ് എന്നിവരുടെ നേതൃത്വത്തിൽ ആട്ടിൻകൂടിനു സമീപം കണ്ടെത്തിയ കാൽപ്പാടുകൾ (പഗ്മാർക്ക്) പരിശോധിച്ചാണ് എട്ടുവയസ്സുവരെ പ്രായമുള്ള പുള്ളിപ്പുലിയാണിതെന്ന് സ്ഥിരീകരിച്ചത്.
ഡോക്ടർമാരുടെ നേതൃത്വത്തിൽ പകുതി ഭക്ഷിച്ച ആടിനെ കൂട്ടിൽവെച്ചുതന്നെ പോസ്റ്റ്‌മോർട്ടവും നടത്തി. ശ്വാസനാളത്തിൽ കടിച്ചു പരിക്കേൽപ്പിച്ചതുമൂലം ശ്വാസംമുട്ടിയതാണ് ആടുകളുടെ മരണകാരണം. ഇതു പുലിയുടെ ആക്രമണരീതിയാണെന്ന് ഡോ. ശ്യാം പറഞ്ഞു. ആൺപുലിയായതിനാൽ കൂടെ കുട്ടികൾ ഉൾപ്പെടെ കൂടുതൽ പുലികളുണ്ടാകാൻ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരാഴ്ച മുൻപും പുലിയെ കണ്ടു
കുതിരാടം, പൊൻപാറ, വെള്ളിയേമ്മൽ, നെല്ലിക്കുന്ന് ഭാഗം വനമേഖലയല്ലെങ്കിലും മരവും കുറ്റിച്ചെടികളും നിറഞ്ഞ കാടും റബ്ബർതോട്ടങ്ങളും ഇവിടെ ധാരാളമുണ്ട്. പത്തു കിലോമീറ്റർ അപ്പുറം വന്യമൃഗങ്ങളുള്ള ചെക്കുന്ന് മലയുമുണ്ട്. ഇവിടെനിന്നാകാം ജനവാസമേഖലയിലേക്ക് പുലിയെത്തിയതെന്നാണ് വനം വകുപ്പിന്റെ നിഗമനം. ഒരാഴ്ച മുൻപ് പുലർച്ചെ നെല്ലിക്കുന്ന് മലയിൽ റബ്ബർ ടാപ്പിങ് ചെയ്യുന്നതിനിടെ കുന്നുംപുറം സ്വദേശി അബ്ദുറഹിമാൻ പുലിയെ കണ്ടതായി പറഞ്ഞിരുന്നു. ടോർച്ചടിച്ചപ്പോൾ നൂറു മീറ്റർ അകലത്തിലിരുന്ന പുലി തന്റെ നേർക്ക് ചാടിയെന്നും ഓടിമാറിയതിനാൽ രക്ഷപ്പെട്ടെന്നും പിന്നീട് ടാപ്പിങ്ങിന് പോയിട്ടില്ലെന്നും അബ്ദുറഹിമാൻ പറഞ്ഞു. നെല്ലിക്കുന്ന് പറമ്പൻ സൈതലവിയുടെ വീട്ടിലെ ആടിനെ ഒരു മാസം മുൻപ് കാണാതായ സംഭവവും ഉണ്ടായി.
മണ്ണാർക്കാട്: നിരോധിത ലഹരിക്കെതിരെ ശക്തമായ പ്രതിരോധമൊരുക്കാൻ മണ്ണാർക്കാട് ജനകീയ കൂട്ടായ്മയുടെ പ്രവർത്തനം ശക്തമാക്കുന്നു. മണ്ണാർക്കാട് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന…
` കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള മദ്റസ പൊതു പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക്…
മഞ്ചേരി: പഠനം നടത്താൻ പ്രായമൊരു തടസ്സമല്ല. 60ാം വയസ്സിലും എസ്.എസ്.എൽ.സി പരീക്ഷക്കുള്ള തയാറെടുപ്പിലാണ് നെല്ലിപ്പറമ്പ് ചെട്ടിയങ്ങാടി ശ്രീവത്സം വീട്ടിൽ കുമാരി.…
എടക്കര: എടക്കര കുടിവെള്ള പദ്ധതിയുടെ ടാങ്കിന് സമീപത്തെ കാടുമൂടിയ പ്രദേശത്ത് തീ പടര്‍ന്നു. നാട്ടുകാരും ട്രോമാകെയര്‍ പ്രവര്‍ത്തകരും ചേര്‍ന്ന് തീയണച്ചു.…
സംസ്ഥാനത്ത് അടുത്ത 24 മണിക്കൂര്‍ കൂടി ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ പകല്‍ താപനില ഉയരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ടയിടങ്ങളില്‍…
കേരളത്തില്‍ സ്വര്‍ണവില ഇന്ന് വര്‍ധിച്ചു. നേരിയ വര്‍ധനവാണ് രേഖപ്പെടുത്തിയത് എങ്കിലും പണിക്കൂലിയും നികുതിയുമെല്ലാം ആനുപാതികമായി ചേരുമ്പോള്‍ വലിയ വില മാറ്റമുണ്ടാകും.…