Categories: KERALA

‘കട്ടക്കയം പ്രേമകഥ’യുടെ വികൃത അനുകരണം: വട്ടേനാട് ജിവിഎച്ച്എസിലെ വിദ്യാർത്ഥികൾ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവതരിപ്പിച്ച’ കയം ‘ നാടകത്തിനെതിരെ എഴുത്തുകാരൻ സുസ്മേഷ് ചന്ദ്രോത്ത്

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർസെക്കൻഡറി നാടക മത്സരത്തിൽ അവതരിപ്പിച്ച’ കയം ‘ എന്ന നാടകം വിവാദത്തിൽ . പാലക്കാട് ജില്ലയിലെ വട്ടേനാട് ജിവിഎച്ച്എസ്എസ് വിദ്യാർത്ഥികളാണ് നാടകം അവതരിപ്പിച്ചത്. എന്നാൽ ആ കഥ ‘കട്ടക്കയം പ്രേമകഥ ‘ എന്ന തൻറെ ചെറുകഥയുടെ വികൃതമായ അനുകരണമാണെന്ന് എഴുത്തുകാരൻ സുസ്മേഷ് ചന്ദ്രോത്ത്. തൻറെ അറിവ് അനുമതിയോ ഇല്ലാതെയാണ് കഥ നാടകമാക്കിയത്. സ്കൂൾ കലോത്സവങ്ങളിൽ അവതരിപ്പിക്കുന്ന രചനകളിൽ മേൽ പകർപ്പ് അവകാശമുള്ള രചയിതാവിൽ നിന്നും രേഖാമൂലം സമ്മതിപത്രം ലഭിച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കണം എന്നും സുമേഷ് ചന്ദ്രോത്ത് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയോട് അഭ്യർത്ഥിച്ചു.
സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി ശരത്കുമാർ ,അബ്ദുൾ മജീദ് എന്നിവരാണ് തൻറെ കഥയെ ഈ രീതിയിൽ മാറ്റിമറിച്ചതെന്നും സുസ്മേഷ് ആരോപിക്കുന്നു.

കുറിപ്പിന്റെ പൂർണ്ണരൂപം

ചെറ്റപ്പണിയെടുക്കരുത് ശരത് കുമാറും അബ്ദുൾ മജീദും.

തിരുവനന്തപുരത്തു നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഇന്നലെ ഹയർ സെക്കന്ററി വിഭാഗത്തിൽ അവതരിപ്പിച്ച കയം എന്ന നാടകം എന്റെ ‘കട്ടക്കയം പ്രേമകഥ’ എന്ന കഥയുടെ വികൃതമായ അവതരണമാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പ് 2018 നവംബർ 8 ന്റെ ആഴ്ചപ്പതിപ്പിലും തുടർന്ന് അതേ തലക്കെട്ടിൽ മാതൃഭൂമി ബുക്‌സ് രണ്ടു പതിപ്പുകളും  പ്രസിദ്ധീകരിച്ച പുസ്തകമാണ് ‘കട്ടക്കയം പ്രേമകഥ’. ഒരുവിധം മലയാളീ വായനക്കാർക്കെല്ലാം ആ കഥയെപ്പറ്റി അറിയാം. അതിനെ കയമെന്ന് പേരുമാറ്റിയും വീണ, പീറ്റർ എന്നീ കഥാപാത്രങ്ങളുടെ പേര് അതേപടി നിലനിർത്തിയും അവതരിപ്പിച്ച നാടകാഭാസം പകർപ്പവകാശലംഘനമാണ്. നിയമലംഘനമാണ്. വികൃതമായ മോഷണമാണ്. കലാകാരനെ ആദരിക്കാത്ത അധമമായ നടപടിയുമാണ്. പാലക്കാട് ജില്ലയിലെ വട്ടേനാട് ജി. വി. എച്ച്. എസ്. എസിനുവേണ്ടി ശരത് കുമാറും അബ്ദുൾ മജീദുമാണ് എന്റെ അനുമതി കൂടാതെയും അറിവ് കൂടാതെയും കഥയെടുത്ത് നാടകമാക്കി അവതരിപ്പിച്ചത്. 

മുൻവർഷങ്ങളിലും പല സ്‌കൂൾ നാടകപ്രവർത്തകരും എന്റെ കഥകളെടുത്ത് നാടകമായും മോണോ ആക്ടായും മറ്റ് കലാരൂപങ്ങളായും സ്‌കൂൾ കലോത്സവവേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്. ഒന്നോ രണ്ടോ പേർ മാത്രമാണ് എന്നെ മുന്നേ വിവരമറിയിക്കാനുള്ള മാന്യത കാണിച്ചിട്ടുള്ളത്. അവരോട് നാടകം വേറെ കലാരൂപമാണെന്നും എനിക്കറിയാത്ത പണിയായതിനാൽ നിങ്ങൾക്കതിൽ പരിപൂർണമായ സ്വാതന്ത്ര്യമുണ്ടെന്നും സ്‌ക്രിപ്‌റ്റോ റിഹേഴ്‌സലോ എനിക്ക് കാണേണ്ട കാര്യമില്ലെന്നും അതേ മാന്യതയോടെ ഞാൻ പറഞ്ഞിട്ടുമുണ്ട്. അവതരണം കാണാൻ നിർബന്ധിച്ച ചിലരുടെ അവതരണങ്ങൾ ഞാൻ കാണുകയും ചെയ്തിട്ടുണ്ട്. പ്രതിഫലം വാങ്ങാതെ അനുമതി കൊടുത്തിട്ടുള്ള ഇത്തരം സന്ദർഭങ്ങളിൽ എന്റെ പേരും മൂലകൃതിയുടെ പേരും അനൗൺസ് ചെയ്യണമെന്നും പോസ്റ്ററുകൾ തയ്യാറാക്കുന്നുണ്ടെങ്കിൽ അതിൽ വയ്ക്കണമെന്നും മാത്രമാണ് ഞാൻ അഭിപ്രായപ്പെട്ടിട്ടുള്ളത്. മുൻകൂർ അനുമതി വാങ്ങിയവർ അങ്ങനെ ചെയ്തിട്ടുമുണ്ട്. സ്‌കൂൾ വിദ്യാർത്ഥികളിലെ കലാവാസനയെയും അതിനെ പ്രോത്സാഹിപ്പിക്കാനായി രംഗത്തിറങ്ങുന്ന യുവാക്കളെയും അകമഴിഞ്ഞ് പിന്തുണയ്ക്കുന്ന രീതിയാണ് നാളിതുവരെ ഞാൻ പിന്തുടർന്നിട്ടുള്ളത്. എന്നാൽ ശരത്കുമാറും അബ്ദുൾ മജീദും എന്റെ കുഞ്ഞിനെ തട്ടിയെടുത്ത് തന്തയില്ലാത്ത ജാരസന്തതിയുടെ വേഷമണിയിക്കുകയാണ് ചെയ്തിട്ടുള്ളത്. അതിൽ അവരുടെ രാഷ്ട്രീയവും അഭിപ്രായങ്ങളും ഉൾപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഈ ധിക്കാരത്തിനും നിയമലംഘനത്തിലും എന്തുപേരാണ് വിളിക്കേണ്ടത്..? 

കഥയിൽ അവർ തിരുകിക്കയറ്റിയ രാഷ്ട്രീയത്തോടോ അവരുടെ ആശയപ്രകടനങ്ങളോടോ അല്ല എന്റെ പ്രതിഷേധം. ഞാനറിയാതെ എന്റെ കഥയെടുത്ത് പേരും ഉള്ളടക്കവും മാറ്റി കൂസലില്ലാതെ അവതരിപ്പിച്ചതിലാണ്. ഇതിനെതിരെ എനിക്കോ പ്രസാധകരായ മാതൃഭൂമി ബുക്‌സിനോ ഇത്തരം വഞ്ചനകൾക്കും മോഷണത്തിനുമെതിരെ നിയമനടപടി സ്വീകരിക്കാൻ കഴിയും. പുസ്തകത്തിന്റെ പ്രസിദ്ധീകരണ കരാർ നിലനിൽക്കുന്നിടത്തോളം കാലം പ്രസാധകർക്കാണ് കൃതിയുടെമേൽ പകർപ്പവകാശം. ഇപ്പോൾ ഞാൻ കോടതിയിൽ പോകാത്തതും അതിന്റെ അവതരണം റദ്ദു ചെയ്യാൻ ആവശ്യപ്പെടാത്തതും കല മനസ്സിലുള്ള നിരപരാധികളായ കുഞ്ഞുങ്ങളുടെ മനസ്സ് വേദനിക്കാതിരിക്കാൻ മാത്രമാണ്. ആ കുഞ്ഞുങ്ങൾ ഇക്കാര്യത്തിൽ നിരപരാധികളുമാണ്. ഇങ്ങനെ നാടകം അവതരിപ്പിക്കുമ്പോൾ അതിന്റെ കഥയോ നാടകത്തിന്റെ പ്രമേയമോ എഴുത്തുകാരന്റെ അനുമതിയോ നേടിയോ എന്നു ചോദിക്കാത്ത അദ്ധ്യാപകരോടും അതിന് നേതൃത്വം നൽകിയ സ്‌കൂളധികൃതരോടും പുച്ഛവും സഹതാപവും മാത്രമേയുള്ളൂ. ഒരുപക്ഷേ പൊതുവിൽ കാണുന്നതുപോലെ കഥകളുമായോ സാഹിത്യവുമായോ ബന്ധമില്ലാത്ത അദ്ധ്യാപകരാവാം അവിടെയുള്ളത്. അവർ ഇത് മേൽപ്പറഞ്ഞ അധമന്മാരുടെ മൗലികമായ ആശയമാണെന്ന് തെറ്റിദ്ധരിച്ച് കൈയടിക്കുകയും ചെയ്തിട്ടുണ്ടാവാം. അതിനാൽ ഇനിമേലിൽ എന്റെ ഏതെങ്കിലും സാഹിത്യരചനയെടുത്ത് മുൻകൂർ അനുമതിയില്ലാതെ നാടകമായോ മറ്റേതെങ്കിലും കലാരൂപമായോ കലോത്സവവേദികളിലോ മറ്റെവിടെയെങ്കിലുമോ അവതരിപ്പിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്ന് പരസ്യമായി അറിയിക്കുന്നു. എന്റെ രചന മറ്റുള്ളവരുടെ തോന്ന്യാസത്തിന് അവതരിപ്പിക്കപ്പെട്ടാൽ അതിൽ അഭിമാനിക്കുന്നവനല്ല ഞാൻ. ഇതിലെനിക്ക് രോഷവും ദുഃഖവും മാത്രമേയുള്ളൂ.

ബഹുമാനപ്പെട്ട വിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവൻകുട്ടിയോട് ഒരഭ്യർത്ഥന. സ്‌കൂൾ കലോത്സവങ്ങളിൽ അവതരിപ്പിക്കുന്ന രചനകളിന്മേൽ പകരപ്പവകാശമുള്ള രചയിതാവിൽ നിന്നും രേഖാമൂലമുള്ള സമ്മതിപത്രം ലഭിച്ചിട്ടുണ്ടോ എന്ന് സ്‌കൂളധികൃതർ ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ ഇനിമേലിൽ സ്വീകരിക്കണം. അങ്ങനെയല്ലാത്ത രചനകൾ സ്‌കൂൾ കലോത്സവവേദികളിൽ നിന്നും മാറ്റിനിർത്തുകയും വേണം. നാടകത്തിന് മാർക്കിടാൻ വരുന്ന ജഡ്ജസിന് മുന്നിൽ ഈ സമ്മതിപത്രത്തിന്റെ പകർപ്പുകൾ ഹാജരാക്കണം. അത് കിട്ടിയെന്ന് ജഡ്ജസ് ഉറപ്പുവരുത്തുകയും വേണം. ഇത് മുഴുവൻ കലാകാരന്മാർക്കും വേണ്ടിയുള്ള അഭ്യർത്ഥനയാണ്. 

ഇനി ശരത് കുമാറിനോടും അബ്ദുൾ മജീദിനോടും. കയമെന്ന പേരിൽ നിങ്ങൾ വേദിയിൽ കയറ്റി ബഹുജനങ്ങളെ കാണിച്ച ‘കട്ടക്കയം പ്രേമകഥ’ എന്ന കുട്ടി ജാരസന്തതിയല്ല. അതിനൊരു തന്തയുണ്ട്. അത് സുസ്‌മേഷ് ചന്ത്രോത്ത് എന്ന ഞാനാണ്. മേലിൽ ഇതുപോലുള്ള ചെറ്റപ്പണികളുമായി കലാകാരന്മാരുടെ അഭിമാനം മുറിപ്പെടുത്തരുത്. എന്റെ രണ്ടു ദിവസങ്ങളാണ് ആത്മവേദനയാൽ എനിക്ക് നഷ്ടമായത്. നിങ്ങൾ ചെയ്തത് കലാപ്രവർത്തനമല്ല. 

കയം എന്ന പേരിൽ എന്റെ ‘കട്ടക്കയം പ്രേമകഥ’ എന്ന കഥ ഒട്ടേറെ കൂട്ടിച്ചേർക്കലുകളോടെ അവതരിപ്പിച്ച നാടകം വരുന്ന 17 ന് കൂറ്റനാട് ജിവിഎച്ച്എസ്എസിൽ വീണ്ടും അവതരിപ്പിക്കാനാണ് നീക്കമെന്നറിയുന്നു. അത് പാടില്ലെന്ന് ഞാനറിയിച്ചിട്ടുണ്ട്. നാടകത്തിന്റെ പുനരവതരണങ്ങളുമായി സ്‌കൂളും നാടകപ്രവർത്തകരും മുന്നോട്ടു പോകുകയാണെങ്കിൽ മത്സരവിധിക്കെതിരെയും പുനരവതരണങ്ങൾക്കെതിരെയും അത് പുനഃപരിശോധിക്കണമെന്നും തടയണമെന്നുമാവശ്യപ്പെട്ട് സ്‌കൂളിനെതിരെയും നാടക പ്രവർത്തകർക്കെതിരെയും ഞാൻ കോടതിയെ സമീപിക്കും. ഇതാണെന്റെ നിലപാട്. കലയിലെ മോഷണവും അതിന്റെ വ്യാജ പിതൃത്വവും ആഘോഷങ്ങളും അനുവദിക്കപ്പെടാൻ പാടുള്ളതല്ല. വിഷയത്തെ അകമഴിഞ്ഞ് പിന്തുണച്ച ഏവർക്കും നന്ദി.

Recent Posts

വനംവന്യജീവി സംരക്ഷണത്തിന് 305 കോടി; വന്യജീവി ആക്രമണം തടയാൻ 50 കോടിയുടെ പദ്ധതി.

സംസ്ഥാന ബജറ്റിൽ വനം വന്യജീവി സംരക്ഷണത്തിന് 305.61 കോടി അനുവദിച്ചു. ആർആർടി സംഘത്തിന്റെ എണ്ണം 28 ആയി വർധിപ്പിച്ചു. കോട്ടൂർ…

11 minutes ago

പാലക്കാട് കൂറ്റനാട് നേർച്ചക്കിടെ ആന ഇടഞ്ഞു; പാപ്പാനെ കുത്തിക്കൊന്നു.

കൂറ്റനാട്: കൂറ്റനാട് നേർച്ചക്കിടെ ആന ഇടഞ്ഞു,പാപ്പാനെ കുത്തിക്കൊന്നു.കൂറ്റനാട് ശുഹദാക്കളുടെ മഖാമിൽ നടന്നുവരുന്ന ആണ്ടുനേർച്ചയുടെ ഭാഗമായുള്ള ദേശോത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. പരിസരപ്രദേശത്തുനിന്നുള്ള…

3 hours ago

താരങ്ങൾ പ്രതിഫലം കുറയ്ക്കണം; സംസ്ഥാനത്ത് സിനിമാ സമരം ആരംഭിക്കാനൊരുങ്ങി സംഘടകൾ.

താരങ്ങൾ പ്രതിഫലം കുറയ്ക്കണം; സംസ്ഥാനത്ത് സിനിമാ സമരം ആരംഭിക്കാനൊരുങ്ങി സംഘടകൾപ്രകടനങ്ങളാണ് നടത്തുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പല സിനിമകളും സൂപ്പർ…

3 hours ago

പെന്‍ഷന്‍ കുടിശ്ശിക ഈ മാസം തന്നെ, ശമ്ബള പരിഷ്‌കരണ കുടിശ്ശിക മാര്‍ച്ചിനകം; ധനസ്ഥിതി മെച്ചപ്പെട്ടു.

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആനുകൂല്യം പ്രഖ്യാപിച്ച്‌ സംസ്ഥാന ബജറ്റ്. സര്‍വീസ് പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശികയുടെ അവസാന ഗഡുവായ 600…

3 hours ago

കെ. നാരായണൻ നായര്‍ സ്മാരക രാഷ്ട്രീയ നൈതികതാ പുരസ്‌കാരം കെ കെ ശൈലജക്കും സി. ദിവാകരനും;അവാർഡ് വിതരണം ഫെബ്രുവരി എട്ടിന് കുമ്പിടിയില്‍ വെച്ച് നടക്കും

എടപ്പാള്‍ : മലബാറിലെ മുതിർന്ന കമ്യൂണിസ്റ്റ് നേതാവും സാമൂഹ്യപ്രവർത്തകനുമായിരുന്ന കെ നാരായണൻ നായരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയിരിക്കുന്ന രണ്ടാമത് രാഷ്ട്രീയ നൈതികതാ…

3 hours ago

ചങ്ങരംകുളത്ത് നഴ്സിംഗ് വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

ചങ്ങരംകുളം: ചങ്ങരംകുളത്ത് നഴ്സിംഗ് വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി ചങ്ങരംകുളം മദർ ആശുപത്രിക്ക് സമീപം താമസിക്കുന്ന കളത്തിൽ രാജേഷിന്റെ…

4 hours ago