റിയാദ്: സൗദി അറേബ്യ റിയാദിൽ ആദ്യ മദ്യഷോപ്പ് തുറക്കാൻ തീരുമാനമെടുത്തതായി റിപ്പോർട്ട്. ഇസ്ലാം മത വിശ്വാസികളല്ലാത്ത ഇതര മതസ്ഥർക്ക് മാത്രമായിരിക്കും മദ്യം വിൽക്കുക. ഇത് സംബന്ധിച്ച പുതിയ പദ്ധതി രൂപപ്പെടുത്തിയതായും റോയിട്ടേഴ്സിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
ഉപഭോക്താക്കൾ ഒരു മൊബൈൽ ആപ്പ് വഴി രജിസ്റ്റർ ചെയ്യുകയും വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് ക്ലിയറൻസ് കോഡ് നേടുകയും വേണം. 21 വയസ്സിന് താഴെ പ്രായമുളളവർക്ക് മദ്യം വിൽക്കില്ല. നല്ല വസ്ത്രം ധരിച്ച് ആയിരിക്കണം മദ്യം വാങ്ങിക്കാൻ എത്തേണ്ടത്. മദ്യപിക്കുന്നവർ മദ്യം വാങ്ങാൻ പകരക്കാരനെ അയയ്ക്കാൻ പാടില്ല. പ്രതിമാസ പരിമിതികൾ നടപ്പിലാക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.
വിനോദസഞ്ചാരത്തിനും ബിസിനസ്സിനും വേണ്ടി രാജ്യം തുറന്നുകൊടുക്കാനുള്ള സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ശ്രമങ്ങളിലെ നാഴികക്കല്ലാണ് ഈ നീക്കം. 70 വർഷത്തിന് ശേഷമാണ് സൗദി ആദ്യ മദ്യഷോപ്പ് തുറക്കാൻ പോകുന്നത്. വിഷൻ 2030 ന്റെ ഭാഗം കൂടിയാണ് മദ്യ ഷോപ്പ്.
എംബസികൾ സ്ഥിതി ചെയ്യുന്ന, നയതന്ത്രജ്ഞർ താമസിക്കുന്ന റിയാദിലെ ഡിപ്ലോമാറ്റിക് ക്വാർട്ടറിലാണ് പുതിയ മദ്യ ഷോപ്പ് സ്ഥാപിക്കാൻ പോകുന്നത്. കർശനമായ നിയന്ത്രണത്തോട് കൂടിയായിരിക്കും മദ്യം വിൽക്കുക. ആഴ്ചകൾക്കുളളിൽ ഷോപ്പ് തുറക്കാൻ സാധ്യതയുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു.
സൗദി അറേബ്യയിൽ മദ്യപാനത്തിനെതിരെ കർശനമായ നിയമങ്ങളുണ്ട്. മദ്യപിക്കുന്നവർക്ക് നൂറ് ചാട്ടവാറടി, നാടുകടത്തൽ, പിഴ അല്ലെങ്കിൽ തടവ് എന്നീ ശിക്ഷകളാണ് നൽകുന്നത്. പ്രവാസികൾക്കും നാടുകടത്തലുകളടക്കം ശിക്ഷ ബാധകമാണ്. പരിഷ്കാരങ്ങളുടെ ഭാഗമായി ചാട്ടവാറടിക്ക് പകരം ജയിൽ ശിക്ഷകൾ ഏർപ്പെടുത്തിയിട്ടുണ്ട്. സൗദിയിൽ നയതന്ത്ര തപാൽ വഴിയോ കരിഞ്ചന്തയിൽ നിന്നോ മാത്രമേ മദ്യം ലഭിക്കുകയുളളു. മദ്യ ഇറക്കുമതിക്ക് ഈ ആഴ്ച മുതൽ സർക്കാർ നിയന്ത്രണമേർപ്പെടുത്തിയേക്കും.