ചാവക്കാട്

ചാവക്കാട് തീരത്ത് അടിഞ്ഞ ഇരുമ്പ് പെട്ടിയിൽ തോക്കിൽ ഉപയോഗിക്കുന്ന മെറ്റൽ ലിങ്കുകൾ,അന്വേഷണം തുടങ്ങി

ചാവക്കാട്: തൃശൂര്‍ ചാവക്കാട് തീരത്ത് അടിഞ്ഞ ഇരുമ്പ് പെട്ടിയില്‍ കണ്ടെത്തിയ മെറ്റല്‍ ലിങ്കുകള്‍ സംബന്ധിച്ച് അന്വേഷണം തുടങ്ങി. തീരദേശ പൊലീസാണ് സംഭവം അന്വേഷിക്കുന്നത്. ശനിയാഴ്ച രാവിലെയാണ് ചാവക്കാട് തൊട്ടാപ്പ് കടപ്പുറത്ത് കരയില്‍നിന്ന് കടലിലേക്ക് വലയെറിഞ്ഞ് മീന്‍ പിടിക്കുന്ന മത്സ്യതൊഴിലാളികള്‍ക്ക് പെട്ടി കിട്ടിയത്. മുനയ്ക്കകടവ് തീരദേശ പൊലീസ് എത്തി പരിശോധന നടത്തി.

കരയ്ക്കടിഞ്ഞ ഇരുമ്പ് പെട്ടിയില്‍ തോക്കുകള്‍ക്ക് ഉപയോഗിക്കുന്ന മെറ്റല്‍ ലിങ്കുകള്‍ കണ്ടെത്തിയിരുന്നു. മെഷീന്‍ ഗണ്ണിന്റെ ഭാഗങ്ങളും കണ്ടെത്തി. കപ്പലുകളിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ റൈഫിളുകളില്‍ ഉപയോഗിക്കുന്ന തിരകള്‍ സൂക്ഷിക്കുന്ന പെട്ടിയാണ് ഇതെന്നും ഉപയോഗശേഷം ഉപേക്ഷിച്ചതാകാമെന്നുമാണ് മുനയ്ക്കകടവ് തീരദേശ പൊലീസിന്റെ പ്രാഥമിക നിഗമനം.

മെഷീന്‍ ഗണ്ണിന്റെ ബുള്ളറ്റുകളും ബെല്‍റ്റും ബന്ധപ്പെടുത്തുന്നതിന് ഉപയോഗിക്കുന്ന ഭാഗങ്ങളാണ് കണ്ടെത്തിയത്. കടലില്‍ നിന്ന് കിട്ടിയ ഇരുമ്പ് പെട്ടിയില്‍ 500 ല്‍ അധികം മെറ്റല്‍ ലിങ്കുകള്‍ ആണ് ഉണ്ടായിരുന്നത്. അര അടി വീതിയും ഒരടി നീളവും പെട്ടിക്കുണ്ട്. മുനയ്ക്കകടവ് പൊലീസ് കൊച്ചി നേവി അധികൃതരെയും തീരദേശ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിലും വിവരമറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ നാവികസേന ഇന്റലിജന്‍സ് ബ്യൂറോ അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button