ജില്ലയിലെ കുറ്റിപ്പുറം അടക്കമുള്ള റെയിൽവേ സ്റ്റേഷനുകളിലെ പാഴ്സൽ സർവീസ് റെയിൽവേ നിർത്തിവച്ചു
കുറ്റിപ്പുറം : ജില്ലയിലെ കുറ്റിപ്പുറം അടക്കമുള്ള റെയിൽവേ സ്റ്റേഷനുകളിലെ പാഴ്സൽ സർവീസ് റെയിൽവേ നിർത്തിവച്ചു. കഴിഞ്ഞ ദിവസം മുതൽ കുറ്റിപ്പുറം, താനൂർ, പരപ്പനങ്ങാടി സ്റ്റേഷനുകളിലെ പാഴ്സൽ കയറ്റിറക്ക് സേവനം നിർത്തലാക്കി. ജില്ലയിൽ ഷൊർണൂർ–മംഗളൂരു പാതയിൽ തിരൂർ സ്റ്റേഷനിൽ മാത്രമാണ് ഇനി റെയിൽവേയുടെ പാഴ്സൽ സർവീസ് ലഭ്യമാകുക. പാലക്കാട് ഡിവിഷനു കീഴിലെ വിവിധ സ്റ്റേഷനുകളിലെ പാഴ്സൽ സർവീസ് നിർത്തിവയ്ക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം 29ന് ആണ് റെയിൽവേ ഉത്തരവിറക്കിയത്.
കഴിഞ്ഞ ദിവസം മുതൽ ഉത്തരവ് നടപ്പാക്കിത്തുടങ്ങി. പാഴ്സൽ സംവിധാനം നിർത്തിവയ്ക്കുന്നതോടെ കുറ്റിപ്പുറം അടക്കമുള്ള സ്റ്റേഷനുകളിലെ പോർട്ടർമാരും പ്രതിസന്ധിയിലാകും. തിരുനാവായയിൽനിന്നുള്ള താമര കയറ്റുമതി പ്രധാനമായും കുറ്റിപ്പുറം സ്റ്റേഷൻ വഴിയായിരുന്നു. തിരക്കേറിയ തിരൂർ സ്റ്റേഷനിലെ പാഴ്സൽ കൗണ്ടറിൽ ഇനി കൂടുതൽ തിരക്കാകും. വെറ്റില കർഷകർ അടക്കം തിരൂർ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്. ദേശീയപാതയോരത്തെ സ്റ്റേഷനായ കുറ്റിപ്പുറത്ത് പാഴ്സൽ കൗണ്ടർ ഉണ്ടായിരുന്നത് വ്യാപാരികൾക്കടക്കം ഏറെ സൗകര്യമായിരുന്നു.