എടക്കര: ഭൂമിക്കടിയില്‍നിന്ന് സ്ഫോടന ശബ്ദമുണ്ടായ ഉപ്പട ആനക്കല്ലില്‍ മൂന്ന് വീടുകളുടെ ചുവരുകളില്‍ വിള്ളല്‍. ഇലവുംമുൂട്ടില് ശര്‍മിള, മുരിയംകണ്ടന് ശാന്ത, തേക്കടിയില്‍ ശാമുവേല്‍ എന്നിവരുടെ വീടുകളുടെ ചുവരുകള്‍ക്കാണ് വിള്ളല്‍ വീണത്. ദിവസവും സ്ഫേടന ശബ്ദങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രദേശത്ത് ജനങ്ങളുടെ ആശങ്ക ഒഴിയുന്നില്ല. അപകടാവസ്ഥയില്ലെന്ന് മൈനിങ് ആന്‍ഡ് ജിയോളജി അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പ്രദേശത്തെ ജനങ്ങള്‍ ആശങ്കയോടെ വീടുകളില്‍ കഴിയുന്നതിനിടെയാണ് മൂന്ന് വീടുകളുടെ ചുവരുകളില്‍ വിള്ളല്‍ വീണത്. ഇത് ജനങ്ങളെ കൂടുതല്‍ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
കേന്ദ്ര സംവിധാനങ്ങള്‍ ഉപയോഗിച്ച് പ്രദേശത്ത് വിശദമായ പഠനങ്ങള്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് പി.വി. അന്‍വര്‍ എം.എല്‍.എ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയെങ്കിലും എന്‍.ഐ.ടി അധികൃതരെ ഉപയോഗിച്ച് പഠനം നടത്തുമെന്നാണ് അറിയുന്നത്. നൂറ്റമ്പതോളം കുടുംബങ്ങളാണ് ഈ മേഖലയില്‍ താമസിക്കുന്നത്