ന്യൂയോര്‍ക്ക്: 14 വര്‍ഷത്തിനകം അപകടകരമായ ഉല്‍ക്ക ഭൂമിയെ ഇടിക്കാന്‍ 72 ശതമാനം സാധ്യതയെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ഇതിനെ ഫലപ്രദമായി തടയാന്‍ സാധിച്ചേക്കില്ലെന്നും നാസ മുന്നറിയിപ്പ് നല്‍കി. ഭാവിയില്‍ ഉല്‍ക്കകളുടെ ഭീഷണിയെ എങ്ങനെ നേരിടാം എന്നതിനെ കുറിച്ച് വിവിധ അമേരിക്കന്‍ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നും രാജ്യാന്തര സംഘടനകളിലും നിന്നുമുള്ള 100ഓളം പ്രതിനിധികള്‍ പങ്കെടുത്ത ഗവേഷണപരിപാടിയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
ഏകദേശം 14 വര്‍ഷത്തിനുള്ളില്‍ അപകടകരമായ ഉല്‍ക്ക ഭൂമിയെ ഇടിക്കാന്‍ 72 ശതമാനം സാധ്യതയുണ്ടെന്നാണ് പ്രാഥമിക നിരീക്ഷണം. ഇതുവരെ കണ്ടെത്താന്‍ കഴിയാത്ത ഒരു ഉല്‍ക്ക ഭൂമിയെ ലക്ഷ്യമാക്കി വരാനുള്ള സാധ്യതയാണ് കണക്കുകൂട്ടുന്നത്. കൃത്യമായി പറഞ്ഞാല്‍, 2038 ജൂലൈ 12ന് ഉല്‍ക്ക ഭൂമിയ്ക്ക് ആഘാതം ഉണ്ടാക്കാന്‍ 72ശതമാനം സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നിരുന്നാലും, ഈ ഉല്‍ക്കയുടെ വലിപ്പം, ഘടന, ദീര്‍ഘകാല പാത എന്നിവ കൃത്യമായി നിര്‍ണ്ണയിക്കാന്‍ ഈ പ്രാഥമിക നിരീക്ഷണം പര്യാപ്തമല്ലെന്നും നാസ കൂട്ടിച്ചേര്‍ത്തു.
ഇത്തരം ഒരു സാഹചര്യം വരികയാണെങ്കില്‍ സമയോചിതമായ ആഗോള ഏകോപനത്തിന് ശ്രദ്ധ ആവശ്യമാണ്. ഉല്‍ക്കകള്‍ സൃഷ്ടിച്ചേക്കാവുന്ന ആഘാതങ്ങള്‍ മുന്‍കൂട്ടി കണ്ട് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള പ്ലാനുകള്‍ ഇതുവരെ നിര്‍വചിച്ചിട്ടില്ല. അതിനാല്‍ തീരുമാനം എടുക്കല്‍ അടക്കമുള്ള വിഷയങ്ങള്‍ സങ്കീര്‍ണമാകാനുള്ള സാധ്യതയും റിപ്പോര്‍ട്ട് മുന്നോട്ടുവെയ്ക്കുന്നു.