തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് ജെ എൻ 1 ഉപവകഭേദം സ്ഥിരീകരിച്ചു. നാലുപേർക്കു കൂടിയാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ തിരുവനന്തപുരത്ത് ഒരാൾക്ക് രോഗം ബാധിച്ചിരുന്നു. അതി വ്യാപന ശേഷിയുള്ള കോവിഡ് ഉപവകഭേദമാണ് ജെ എൻ 1.
തിരുവനന്തപുരം കരകുളം സ്വദേശിയായ 79കാരിയിലാണ് ജെ എൻ 1 ആദ്യം കണ്ടെത്തിയത്. ഈ മാസം ആദ്യം രോഗബാധിതയായ ഇവരുടെ സാംപിൾ ഹോൾ ജീനോമിക് പരിശോധന നടത്തിയതോടെയാണ് പുതിയ വകഭേദം കണ്ടെത്തിയത്. ഇവർക്ക് വീട്ടിൽ തന്നെയാണ് ചികിത്സ നൽകിയത്.
ഇൻഫ്ളുവൻസയുടേതിനു സമാനമായ ലക്ഷണങ്ങളാണ് ഉണ്ടായിരുന്നത്. ആർടിപിസിആർ. പരിശോധന പോസിറ്റീവ് ആയതോടെയാണ് വിശദപരിശോധന നടത്തിയത്. കോവിഡ് രോഗബാധയിൽ സാധാരണ കണ്ടുവരാറുള്ള ലക്ഷണങ്ങൾ പുതിയ വകഭേദത്തിലില്ല. രുചിയും മണവും നഷ്ടമാകുകയെന്ന പ്രധാന ലക്ഷണം പുതിയ കോവിഡ് ഇനത്തിൽ കാണപ്പെടുന്നില്ലെന്ന് ആരോഗ്യ പ്രവർത്തകർ വ്യക്തമാക്കുന്നു.
എന്താണ് ജെ എൻ 1? എന്തൊക്കെയാണ് ലക്ഷണങ്ങൾ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?
ഒമിക്രോൺ ജെ എൻ 1 ന് വ്യാപനശേഷി കൂടുതലാണ്. ബി എ 2.86 വക ഭേദത്തിൽ നിന്നും ഉണ്ടായ പുതിയ രൂപമാണ് ജെ എൻ 1. 2021 യു എസ് ചൈന, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിൽ വലിയതരത്തിൽ ജീവഹാനി ഉണ്ടാക്കിയ ഒമിക്രോൺ വക ഭേദത്തിൽ നിന്നും ഉണ്ടായതാണ് പിറോള അഥവാ ബി എ . 2.86. ഇതിന്റെ തുടർച്ചായണ് ജെ എൻ 1. ഇതിന് ശരീര പ്രതിരോധത്തെ തുളച്ചു കയറാൻ സാധിക്കുമെന്നാണ് റിപ്പോർട്ട്.