KERALA

സത്യപ്രതിജ്ഞാ ചടങ്ങ്: ആളുകളുടെ എണ്ണം കുറയ്ക്കുന്നത് ഉചിതം-ഹൈക്കോടതി, 350 പേരെയുള്ളെന്ന് സര്‍ക്കാര്‍

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കുന്നതാണ് ഉചിതമെന്ന് ഹൈക്കോടതി. രാവിലെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട ഹർജി പരിഗണിച്ചപ്പോളായിരുന്നു കോടതിയുടെ വാക്കാലുള്ള പരാമർശം.

ഇതിനു പിന്നാലെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട ഹർജിയിൽ സർക്കാർ വിശദീകരണവും നൽകി. ഹർജിയിൽ ഉടൻ വിധി വരും.

അഞ്ഞൂറു പേരെയാണ് സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചത്. എന്നാൽ പ്രതിപക്ഷ എം.എൽ.എമാർ അടക്കം ഉണ്ടാവില്ലെന്ന് അറിയിച്ചതിനാൽ 350 പേരെ മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ എന്നാണ് സർക്കാർ വിശദീകരണം നൽകിയത്.

ജുഡീഷ്യൽ ഓഫീസർമാരും ചടങ്ങിൽ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചതായും സർക്കാർ കോടതിയെ അറിയിച്ചു. വലിയ തുറസ്സായ സ്ഥലത്ത് എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് പരിപാടി നടക്കുകയെന്നും സർക്കാർ പറഞ്ഞു.

കോവിഡ് പശ്ചാത്തലത്തിൽ അഞ്ഞൂറുപേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിക്കുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button