സംസ്ഥാനത്തുടനീളം കെ.ടി.ഡി.സിയുടെ ബ്രാൻഡഡ് ആഹാർ റെസ്റ്റോറൻഡുകൾ വ്യാപിപ്പിക്കും ; ചെയർമാൻ പി.കെ.ശശി
എടപ്പാൾ: സംസ്ഥാനത്തുടനീളം കെ.ടി.ഡി.സിയുടെ ബ്രാൻഡഡ് ആഹാർ റെസ്റ്റോറൻഡുകൾ വ്യാപിപ്പിക്കുമെന്ന് ചെയർമാൻ പി.കെ ശശി. കേരളാ വിനോദ സഞ്ചാര വികസന കോർപ്പറേഷന്റെ കീഴിലുള്ള കുറ്റിപ്പുറത്തെ (കെ.ടി.ഡി.സി) വഴിയോര വിശ്രമ കേന്ദ്രം ആഹാർ ബ്രാൻഡ് ആക്കി മാറ്റിയതിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു കെ.ടി.ഡി.സി ചെയർമാൻ.
പ്രധാന റോഡരുകിൽ വൃത്തിയുള്ള റെസ്റ്റോറൻഡ്, ആകർഷണമായതും മിതമായ നിരക്കിലുള്ള മെനു, നല്ല നല്ല ഭക്ഷണം, അന്തരീക്ഷം, റെസ്റ്റ് ചെയ്യുവാനുള്ള സൗകര്യം, പരിശീലനം ലഭിച്ച ജീവനക്കാരുടെ സേവനം, വിശാലമായ പാർക്കിംഗ് സൗകര്യം, വൃത്തിയുള്ള ടോയ്ലറ്റുകൾ എന്നിവയാണ് ഇവിടെ പൊതുജനങ്ങൾക്കായി തയാറാക്കിയിരിക്കുന്നത്. സഞ്ചാരികൾക്കും വഴി യാത്രക്കാർക്കും ആകർഷകമായ രീതിയിൽ ആഹാർ ബ്രാൻഡുകൾ ഒരുക്കുവാനും കെ.ടി.ഡി.സി പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ട്. മലപ്പുറം കുറ്റിപ്പുറത്തുള്ള ആഹാറിൽ 40 കവറുകളോടുകൂടിയ ശീതീകരിച്ച ആധുനിക രീതിയിലുള്ള റെസ്റ്റോറൻ്റും വിശ്രമിക്കുന്നതിന് 5 മുറികളും ഒരുക്കിയിരിക്കുന്നത് വഴിയാത്രക്കാർക്കും, അതുപോലെ അടുത്തുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളായ കൊടികുത്തി മല, നിളയോരം പാർക്ക്, തുഞ്ചൻ ചമ്രവട്ടം ബ്രിഡ്ജ്, മിനി ഊട്ടി, നൂർ ലേക്ക്, അയ്യപ്പനോവ് വെള്ളച്ചാട്ടം, പൊന്നാനി ബീച്ച്, താനൂർ ബിച്ച് തുടങ്ങിയ സ്ഥലത്തേക്ക് പോകുന്ന ടൂറിസ്റ്റുകൾക്കും അടുത്തുള്ള തീർത്ഥാടന കേന്ദ്രങ്ങളായ കാടാമ്പുഴ ദേവി ക്ഷേത്രം, തിരുനാവായ നവമുകുന്ദ ക്ഷേത്രം, ഗരുഡൻകാവ് ക്ഷേത്രം, തൃക്കണ്ടിയൂർ ശിവ ക്ഷേത്രം, തിരുമാന്ധാകുന്ന് ഭഗവതി ക്ഷേത്രം, പൊന്നാനി മോസ്ക്, ബിപി അങ്ങാടി മോസ്ക് മൂന്നക്കൽ മോസ്ക് സ്ഥലത്തേക്ക് പോകുന്ന തീർത്ഥാടകർക്കും ഏറെ പ്രയോജനം ചെയ്യുന്നതാണ്.
ടൂറിസം വ്യവസായ മേഖലയിലെ പൊതുമേഖലാ സ്ഥാപനമായ കേരളാ വിനോദ സഞ്ചാര നേതൃത്വത്തിൽ വികസന കോർപ്പറേഷൻ്റെ എല്ലാ പ്രധാന പാതയോരങ്ങളിലും വഴിയാത്രക്കാരുടെ സൗകര്യാർത്ഥമാണ് മിഷൻ മുഖം മിനുക്കൽ പദ്ധതി നടപ്പാക്കി വരുന്നത്. ഇവിടെ മലപ്പുറം കുറ്റിപ്പുറം ആഹാറിൽ യാത്രാ വേളയിൽ സഞ്ചാരികൾക്കു പെട്ടന്ന് കാണത്തക്കവണ്ണം ആവശ്യാനുസരണം ലൈറ്റുകളും ബോർഡുകളും സ്ഥാപിക്കുകയും എല്ലാവർക്കും സ്വീകാര്യമായതും സ്വാദിഷ്ടമായതുമായ മെനുവും ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ പ്രധാന പാതയോരങ്ങളിൽ പാറശ്ശാല, കായംകുളം, മുണ്ടക്കയം, തൊടുപുഴ, നല്ലേപ്പാറ, ഗുരുവായൂർ, വടകര, ശ്രീകൃഷ്ണപുരം എന്നിവിടങ്ങളിലാണ് നിലവിൽ ആഹാർ റെസ്റ്റോറൻഡുകൾ പ്രവർത്തിച്ചു വരുന്നത്. കൂടാതെ കൊട്ടാരക്കര, ആലപ്പുഴ, ചെർപ്പുളശ്ശേരി, മണ്ണാർക്കാട് എന്നിവിടങ്ങളിൽ പുതിയ ആഹാർ ബ്രാൻഡുകൾ ഉടൻ തുടങ്ങുന്നതിനു വേണ്ട നടപടികളും കെ.ടി.ഡി.സി. നടത്തിവരുന്നു. എം ഡി വിഘ്‌നേശ്വരി ഐ പി എസ് അധ്യക്ഷത വഹിച്ചു. തവനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീറ, വൈസ് പ്രസിഡന്റ് ശിവദാസ്, വാർഡ് മെമ്പർ ധനലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു.